| Content | വത്തിക്കാന്‍ സിറ്റി: യുദ്ധങ്ങളെ ന്യായീകരിക്കുവാൻ ദൈവനാമം ഉപയോഗിക്കുന്നത് തെറ്റെന്നു വീണ്ടും ആവര്‍ത്തിച്ച് ലെയോ പാപ്പ. 'പ്യാത്സ സാൻ പിയെത്രോ' എന്ന മാസികയിൽ, റഫായേലേ എന്ന യുവാവ് അയച്ച കത്തിന് ലെയോ പാപ്പ നല്‍കിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്. സഭയുടെ ദൗത്യം സമാധാനം ആഹ്വാനം ചെയ്യുകയും സ്വന്തം ആവശ്യങ്ങൾക്കായി മതത്തെ ചൂഷണം ചെയ്യുന്നവരെ ശക്തമായി അപലപിക്കുകയും ചെയ്യുക എന്നതാണെന്ന് പാപ്പ പറഞ്ഞു. ലോകത്തു ഇന്ന് നടമാടുന്ന യുദ്ധത്തിന്റെ ഭീകരമായ അന്തരീക്ഷത്തെ എടുത്തു കാണിച്ചുകൊണ്ടും, നിരപരാധികളായ ആളുകളുടെ രക്തം ഭൂമിയിൽ ചൊരിയുവാൻ ദൈവം അനുവദിക്കുന്നുവോ? എന്ന ചോദ്യമാണ് യുവാവ് ഉന്നയിച്ചത്.
യുക്രൈനിലും മധ്യപൂർവേഷ്യയിലും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലും മിസൈലുകൾ, ഡ്രോണുകൾ, ആയുധങ്ങൾ എന്നിവ മൂലം ജീവൻ നഷ്ടപെട്ട ആയിരക്കണക്കിന്, നിരപരാധികളായ ഇരകളെ അനുസ്മരിച്ച പാപ്പ, തന്റെ ശുശ്രൂഷയുടെ തുടക്കം മുതൽ എടുത്തു പറയുന്ന നിരായുധീകരണത്തിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി. സഭയുടെ ദൗത്യം സംഭാഷണങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതാണെന്നും, മറിച്ചൊന്നും, ചിന്തിക്കാൻ പോലും കഴിയില്ലെന്നും പാപ്പ എടുത്തുപറഞ്ഞു.
എന്നാൽ ലോകത്തിന്റെ ശക്തികൾക്ക് ഈ വാക്കുകൾ ഇഷ്ടപ്പെടില്ലെന്നും, മതപരമായ കാരണങ്ങൾ നിരത്തികൊണ്ട് അവർ യുദ്ധത്തെ ന്യായീകരിക്കുന്നുവെന്നും പാപ്പ ചൂണ്ടിക്കാട്ടി. എന്നാൽ സഭയുടെ ദൗത്യം, പത്രോസിന്റെ പിൻഗാമിയുടെ ദൗത്യം, സമാധാനം ആവശ്യപ്പെടുക എന്നതല്ലാതെ മറ്റൊന്നുമാകരുത്. ദൈവത്തിന്റെ നാമത്തെ യുദ്ധവുമായി ബന്ധപ്പെടുത്താൻ ധൈര്യപ്പെടുന്ന പ്രവര്‍ത്തിയെ ശക്തമായി അപലപിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദൈവത്തിന്റെ നാമത്തെ അശുദ്ധമാക്കാനുള്ള ഈ പ്രലോഭനം ക്രിസ്ത്യാനികളെയും ബാധിച്ചിരിക്കുന്നുവെന്നും, ഇത് ഏറെ നിർഭാഗ്യകരമാണെന്നും പാപ്പാ പറഞ്ഞു.
♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️
<iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe> |