Content | കൊച്ചി: ലോക കാഴ്ച ദിനാചരണത്തിന്റെ ഭാഗമായി കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യയും എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യ പ്രവര്‍ത്തന വിഭാഗമായ 'സഹൃദയ'യും കാഴ്ചയില്ലാത്തവരുടെ ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രോജക്ട് വിഷനും ചേര്‍ന്ന് സംഘടിപ്പിച്ച 'ബ്ലൈന്‍ഡ് വാക്ക്' ശ്രദ്ധേയമായി.
മരണശേഷം രണ്ട് പേര്‍ക്ക് കാഴ്ചയുടെ പുണ്യം പകരാന്‍ കഴിയുക എന്നത് നമുക്ക് ധന്യത പകരുന്നതാണെന്ന് പരിപാടി ഫ്‌ലാഗ് ഓഫ് ചെയ്ത മേയര്‍ സൗമിനി െജയിന്‍ പറഞ്ഞു. ഇതൊരവസരമാണെന്നും കാഴ്ചയുടെ ലോകം അന്യമായവരെ കരുതാനുള്ള സന്നദ്ധത നമുക്കുണ്ടാകണമെന്നും മേയര്‍ ഓര്‍മിപ്പിച്ചു.
എറണാകുളം സെന്റ് തെരേസാസ് കോളേജ് അങ്കണത്തില്‍ നിന്നാണ് ബ്ലൈന്‍ഡ് വാക്ക് ആരംഭിച്ചത്. കാഴ്ചയുള്ള അഞ്ഞൂറോളം പേരുടെ കണ്ണ് മൂടിക്കെട്ടി കാഴ്ചയില്ലാത്തവര്‍ കൈ പിടിച്ചു നടത്തുകയായിരുന്നു. നിറഭംഗിയുള്ള ഈ ലോകം കാണാന്‍ കഴിയാത്തവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന ചടങ്ങ് ബോധവത്കരണത്തിന്റെ പുത്തന്‍ സന്ദേശമാണ് പകരുന്നതെന്ന് ബിഷപ്പ് സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പറഞ്ഞു. ബ്ലൈന്‍ഡ് വാക്കിലെ അനുഭവങ്ങള്‍ കാഴ്ചയില്ലാത്തവര്‍ക്കായി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ഊര്‍ജം പകരുമെന്ന് ഹൈബി ഈഡന്‍ എം.എല്‍.എ. പറഞ്ഞു.
ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടിലാണിത് സമാപിച്ചത്. കേരള ഫെഡറേഷന്‍ ഫോര്‍ ദി ബ്ലൈന്‍ഡ് ജില്ലാ പ്രസിഡന്റ് കെ.ജെ. വര്‍ഗീസ് കാഴ്ചദിന സന്ദേശം നല്‍കി. ചായ്-കേരള എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സൈമണ്‍ പള്ളുപ്പേട്ട നേത്രദാന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ലിസി ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ. തോമസ് വൈക്കത്തുപറമ്പില്‍, പ്രോജക്ട് വിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സിബു ജോര്‍ജ്, സഹൃദയ ഹെല്‍ത്ത് കോ-ഓര്‍ഡിനേറ്റര്‍ സി. മോളി, ഫാ. പീറ്റര്‍ തിരുതനത്തില്‍, സോഫിയ ജോ മാത്യു തുടങ്ങിയവര്‍ സംസാരിച്ചു. |