Content | വത്തിക്കാന്‍: സഭയിലെ ഏറ്റവും വലിയ സന്യാസി സമൂഹമായ ജെസ്യൂട്ട് സഭയുടെ (ഈശോ സഭ) സുപ്പീരിയര്‍ ജനറലിനെ ഇന്ന് തിരഞ്ഞെടുക്കും. റോമില്‍ നടക്കുന്ന സാര്‍വത്രികസമ്മേളനമാണ് ജസ്യൂട്ട് ജനറലിനെ തിരഞ്ഞെടുക്കുന്നത്. സഭയുടെ ഇപ്പോഴത്തെ സുപ്പീരിയര്‍ ജനറലായിരിക്കുന്ന ഫാദര്‍ അഡോള്‍ഫ് നിക്കോളാസ് വാര്‍ദ്ധക്യ സഹജമായ ബുദ്ധിമുട്ടുകള്‍ തുടര്‍ന്നു രാജി സന്നദ്ധത അറിയിച്ചിരിന്നു. ഇതേ തുടര്‍ന്നാണ് പുതിയ സുപ്പീരിയര്‍ ജനറലിനായുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്.
2014-ല്‍ ആണ് ഫാദര്‍ അഡോള്‍ഫ് നിക്കോളാസിനെ സുപ്പീരിയര്‍ ജനറലായി ജസ്യൂട്ട് പ്രതിനിധി സംഘം തെരഞ്ഞെടുത്തത്. ഇക്കഴിഞ്ഞ ഏപ്രിലില്‍ അദ്ദേഹത്തിന് 80 വയസ് പൂര്‍ത്തിയായിരുന്നു. എട്ടു വര്‍ഷമായി ജസ്യൂട്ട് സഭയുടെ പ്രധാനപ്പെട്ട പല ചുമതലകളും നിര്‍വഹിച്ചു വന്ന വ്യക്തിയാണ് ഫാദര്‍ അഡോള്‍ഫ് നിക്കോളാസ്. ഇക്കഴിഞ്ഞ നാലാം തീയതി ആരംഭിച്ച സമ്മേളനത്തില്‍ അതീവരഹസ്യമായ ചര്‍ച്ചകള്‍ക്കും നടപടിക്രമങ്ങള്‍ക്കും ഒടുവിലാണ് അന്തിമ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
അറുപത്താറ് രാജ്യങ്ങളില്‍ നിന്നുള്ള ഇരുനൂറ്റിപ്പന്ത്രണ്ട് പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. പ്രൊവിന്‍ഷ്യാള്‍ ഫാദര്‍ എം.കെ.ജോര്‍ജ്, തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധി ഫാദര്‍ ജോസ് ജേക്കബ് എന്നിവരാണ് കേരളത്തില്‍ നിന്നുള്ള അംഗങ്ങള്‍. ഇവരുള്‍പ്പെടെ ഇന്ത്യയില്‍ നിന്ന് മുപ്പതിലേറെ പ്രതിനിധികളുണ്ട്.
16,376 അംഗങ്ങളാണ് ജസ്യൂട്ട് സഭയില്‍ ഉള്ളത്. ഇതില്‍ 11,785 വൈദികരും, 1192 ബ്രദറുമാരും, 2681 ഗവേഷക പണ്ഡിതരും, 718 പുതിയ വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്നു. കത്തോലിക്ക സഭയില്‍ പുരുഷന്‍മാരുടെ ഏറ്റവും വലിയ കോണ്‍ഗ്രിഗേഷനാണ് ജസ്യൂട്ട് സഭ. |