Content | കൊച്ചി: കേരള തിയോളജിക്കൽ അസോസിയേഷന്റെ (കെടിഎ) നേതൃത്വത്തിൽ കേരള ദൈവശാസ്ത്ര സംഗമവും പ്രമുഖരായ ദൈവശാസ്ത്രജ്‌ഞരെ ആദരിക്കല്‍ ചടങ്ങും 18നു കാലടി സമീക്ഷയിൽ നടക്കും.
അന്നേ ദിവസം രാവിലെ 10നു ദൈവശാസ്ത്ര സെമിനാറിൽ ഇംഗ്ലീഷ് സത്യദീപം ചീഫ് എഡിറ്റർ റവ.ഡോ.പോൾ തേലക്കാട്ട്, കവിയും നിരൂപകനുമായ പ്രഫ.വി.ജി. തമ്പി, റവ. ഡോ.ടി. നിക്കോളാസ്, റവ. ഡോ. പി.ടി. മാത്യു എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. റവ. ഡോ. ലോറൻസ് കുലാസും സിസ്റ്റർ ആർദ്ര കടുവിനാലും മോഡറേറ്റർമാരാകും.
സാമൂഹിക–രാഷ്ട്രീയ–മത–സാംസ്കാരിക ജീവിതത്തിന്റെ നിർമിതിക്കു കേരള ദൈവശാസ്ത്രജ്‌ഞരുടെ പങ്ക് എന്ന വിഷയത്തെ ആസ്പദമാക്കിയാണു ചർച്ചകൾ നടക്കുക. ഉച്ചകഴിഞ്ഞു രണ്ടിനു ദൈവശാസ്ത്രജ്‌ഞരെ ആദരിക്കുന്ന ചടങ്ങ് സിബിസിഐ പ്രസിഡന്റ് മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ ഉദ്ഘാടനം ചെയ്യും.
റവ. ഡോ. സാമുവൽ രായൻ, റവ. ഡോ. ജോസഫ് പാത്രപാങ്കൽ, റവ. ഡോ. മാത്യു വെള്ളാനിക്കൽ, റവ. ഡോ.ഗീവർഗീസ് ചേടിയത്ത്, റവ. ഡോ. കോൺസ്റ്റന്റൈൻ മണലേൽ, മോൺ. ഫെർഡിനാൻഡ് കായാവിൽ, ഫാ. ജിയോ പയ്യപ്പിള്ളി, റവ. ഡോ. സിപ്രിയാൻ ഇല്ലിക്കമുറി എന്നീ ദൈവശാസ്ത്രജ്‌ഞരെയാണു സമ്മേളനത്തിൽ ആദരിക്കുന്നത്. |