Content | വത്തിക്കാന്‍: പ്രാര്‍ത്ഥനയുടെ അത്ഭുതം എന്താണെന്ന് മനസിലാക്കിയവരാണ് വിശുദ്ധരെന്നും ക്ലേശങ്ങളിലൂടെ കടന്നു പോയപ്പോഴും പരിശുദ്ധാത്മാവിന്റെ ശക്തിയാണ് അവരോടൊപ്പം ഉണ്ടായിരിന്നതെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. ഇന്നലെ വിശുദ്ധരുടെ ഗണത്തിലേക്ക് ഏഴു പേരെ കൂടി ഉയര്‍ത്തി കൊണ്ട് നടത്തിയ പ്രസംഗത്തിലാണ് മാര്‍പാപ്പ പ്രാര്‍ത്ഥനയെ സംബന്ധിച്ചുള്ള തന്റെ ചിന്തകള്‍ പങ്കുവച്ചത്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും എണ്‍പതിനായിരത്തില്‍ അധികം വിശ്വാസികള്‍ വത്തിക്കാനില്‍ എത്തിയിരുന്നു.
"വിശുദ്ധര്‍ എല്ലാവരും പ്രാര്‍ത്ഥനയുടെ അത്ഭുതത്തെ ശരിയായി മനസിലാക്കിയവരായിരുന്നു. തങ്ങളുടെ ജീവിതത്തിലെ ക്ലേശകരമായ എല്ലാ സാഹചര്യങ്ങളേയും അവര്‍ പ്രാര്‍ത്ഥനയിലൂടെ നേരിട്ടു. ക്ലേശങ്ങളിലൂടെ കടന്നു പോയപ്പോഴും പരിശുദ്ധാത്മാവിന്റെ ശക്തിയാണ് അവരോടൊപ്പം ഉണ്ടായിരിന്നത്. ജീവിതത്തില്‍ ദൈവം നല്കിയ വിജയത്തെ സ്വീകരിച്ചവരാണ് അവര്‍. ഇപ്പോള്‍ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെട്ട ഏഴു പേരും ഇതിന്റെ ഉത്തമ ഉദാഹരണങ്ങളായി നിലകൊള്ളുന്നു". മാര്‍പാപ്പ പറഞ്ഞു.
പുറപ്പാട് പുസ്തകത്തില്‍ അമലേക്യര്‍ ഇസ്രായേല്‍ ജനത്തോട് യുദ്ധം ചെയ്യുമ്പോള്‍, മോശ മലമുകളില്‍ കയറി പ്രാര്‍ത്ഥിച്ചതിനെ കുറിച്ചും മാര്‍പാപ്പ തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. ദൈവം നല്‍കിയ വടി പിടിച്ച് കരങ്ങള്‍ സ്വര്‍ഗത്തിലേക്ക് ഉയര്‍ത്തി മോശ പ്രാര്‍ത്ഥിച്ചപ്പോള്‍ ഇസ്രായേല്‍ ജനത വിജയിച്ച സംഭവം പ്രാര്‍ത്ഥനയുടെ ശക്തിയെ ഓര്‍മ്മപ്പെടുത്തുന്നതാണെന്ന് പരിശുദ്ധ പിതാവ് പറഞ്ഞു.
"നമ്മുടെ കരങ്ങള്‍ സ്വര്‍ഗത്തിലേക്ക് ഉയര്‍ത്തി പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവം നമുക്ക് മറുപടി നല്‍കും. മറുപടി വേഗത്തില്‍ ലഭിക്കുന്നില്ലെങ്കില്‍ നാം പ്രാര്‍ത്ഥിക്കേണ്ടത് സ്വര്‍ഗത്തിലേക്ക് ഉയര്‍ത്തിയ കരങ്ങളെ തളരാതെ കാത്തുകൊള്ളണമേ എന്നാണ്. മോശ സ്വന്തം കാര്യത്തിനായിട്ടല്ല, മറിച്ച് ഇസ്രായേല്‍ ജനതയുടെ വിജയത്തിനായിട്ടാണ് പ്രാര്‍ത്ഥിച്ചത്. നാം സമാധാനമായി കഴിയുമ്പോള്‍ തന്നെ, മറ്റുള്ളവര്‍ക്കായി നിസ്വാര്‍ഥമായി പ്രാര്‍ത്ഥിക്കുവാന്‍ സാധിക്കണം. സമാധാനവും ശാന്തിയും പുലരുവാന്‍ വേണ്ടി നാം ദൈവത്തോട് യാചിക്കണം". ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.
അന്താരാഷ്ട്ര ദാരിദ്ര നിർമാർജ്ജന ദിനത്തില്‍ (ഇന്ന്‍) ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തപ്പെടുന്ന പ്രവര്‍ത്തനങ്ങളെ ഓര്‍ത്ത് പ്രാര്‍ത്ഥിക്കുവാന്‍ മാര്‍പാപ്പ പ്രത്യേകം ആഹ്വാനം ചെയ്തു. ദാരിദ്രം മൂലം പലരും കൊല്ലപ്പെടുന്ന സ്ഥിതിയിലേക്ക് ലോകം മാറിയിരിക്കുകയാണെന്നും, അതിനാല്‍ തന്നെ ദാരിദ്രത്തെ തുടച്ചു നീക്കുന്ന പ്രവര്‍ത്തനങ്ങളില്‍ സാമൂഹികമായും, സാമ്പത്തികമായും ഓരോ വിശ്വാസികളും പങ്കുചേരണമെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു. |