Content | ചങ്ങനാശ്ശേരി: സ്വന്തം ഭൂമി എട്ടുപേർക്ക് കിടപ്പാടത്തിനായി സൗജന്യമായി പകുത്തു നൽകി പായിപ്പാട് പിസി കവല പൈനുമ്പ്ര വീട്ടിൽ ജോസഫ് വർഗീസും കുടുംബവും കരുണയുടെ വർഷത്തിൽ മാതൃകയാകുന്നു. ക്രൈസ്തവരായ അഞ്ചും അക്രൈസ്തവരായ മൂന്നും കുടുംബങ്ങൾക്കാണ് ഇവർ ഭൂമി നൽകിയത്. ഭൂമിയും ആധാരവും അടുത്തു തന്നെ കൈമാറും.
കുന്നന്താനം സെന്റ് ജോസഫ് ഇടവകാംഗമായ ജോസഫ് വർഗീസും കുടുംബവും മുപ്പത് വർഷക്കാലം മസ്കറ്റിൽ ജോലിയിലായിരുന്നു. 2006-ലാണ് ഇവര്‍ നാട്ടില്‍ തിരികെയെത്തിയത്. ഭാര്യ അന്നമ്മയുടെയും മക്കളായ എബിന്റെയും ഐബിന്റെയും പിന്തുണ കൂടി ലഭിച്ചപ്പോള്‍ എട്ടു നിര്‍ദ്ധന കുടുംബങ്ങൾക്കു സ്ഥലം ഭാഗിച്ചു നല്കാന്‍ തീരുമാനിക്കുകയായിരിന്നു. വീടുവയ്ക്കാൻ ഭൂമിയില്ലാത്ത എട്ടു കുടുംബങ്ങൾക്ക് മൂന്നര സെന്റ് വീതം നൽകിയാണ് ഈ കുടുംബം ഇവർക്ക് കൈത്താങ്ങാകുന്നത്.
ഭൂമിയുടെ ആധാര ഇടപാടുകൾ ജോസഫ് വർഗീസ് തന്നെ ശരിയാക്കി രജിസ്ട്രേഷൻ നടപടികളും പൂർത്തിയാക്കിയെന്നത് ശ്രദ്ധേയമാണ്. തിരുവല്ല താലൂക്കിൽ കുന്നന്താനം വില്ലേജിൽ സെഹിയോൻ ധ്യാനകേന്ദ്രത്തിനു സമീപത്താണ് സ്‌ഥലം.
|