Content | സിനഡിന്റെ പ്രവർത്തന ശൈലിയെ നിശിതമായി വിമർശിച്ചു കൊണ്ട് , 13 കർദ്ദിനാൾമാർ ഒപ്പിട്ടത് എന്നു കരുതപ്പെടുന്ന ഒരു രേഖ, 'വത്തിക്കാൻ റിപ്പോർട്ടർ' സാന്ദ്രോ മെജിസ്റ്റർ 'L'Espresso ' എന്ന അവരുടെ പത്രത്തിൽ പ്രസിദ്ധീകരിച്ചു.
കർഡിനാൾമാർ മാർപാപ്പയ്ക്ക് കൊടുത്ത പരാതി ആയിട്ടാണ് എഴുത്ത് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
എഴുത്തും അതിന്റെ ഉള്ളടക്കവും അതിൽ ഒപ്പിട്ടിരിക്കുന്ന കർദ്ദിനാൾമാരുടെ പേരുകളും വത്തിക്കാനിലെ ചർച്ചാ വിഷയമായി മാറിക്കഴിഞ്ഞു.
സിനഡിന്റെ പ്രവർത്തനരേഖയെ പറ്റിയും, അന്തിമരേഖ തയ്യാറാക്കാനുള്ള കമ്മറ്റിയേ പറ്റിയും, സിനഡിന്റെ പ്രവർത്തന മാതൃകയിൽ വരുത്തിയിരിക്കുന്ന മാറ്റങ്ങളെ പറ്റിയും ഉള്ള, തങ്ങളുടെ ആശങ്കകൾ വിവരിച്ചു കൊണ്ട് ഒക്ടോബർ 5-ന് എഴുതിയ കത്ത് ഇങ്ങനെ തുടരുന്നു:
നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന പുതിയ പ്രവർത്തന മാർഗ്ഗങ്ങൾ, തിരുസഭയുടെ പാരമ്പര്യത്തിനും, സിനഡിന്റെ ഉദ്ദേശലക്ഷ്യങ്ങൾക്കും യോജിച്ചതല്ല എന്ന് ഞങ്ങൾ കരുതുന്നു. പ്രവർത്തന മാർഗ്ഗങ്ങളിൽ കൊണ്ടുവന്നിരിക്കുന്ന മാറ്റങ്ങൾ എന്തിനു വേണ്ടിയാണ് എന്നത് വ്യക്തമല്ല.
സിനഡിന്റെ മുമ്പിലുള്ള പല വിവാദ വിഷയങ്ങളിലും, മുൻകൂട്ടി ഉദ്ദേശിക്കപ്പെട്ടിട്ടുള്ള ചില തീരുമാനങ്ങളിലേക്ക് നയിക്കാനല്ലേ , ഈവിധ മാറ്റങ്ങൾ കൊണ്ടു വന്നിരിക്കുന്നത് എന്ന് സിനഡിലെ വലിയൊരു വിഭാഗം പുരോഹിതർ ഭയപ്പെടുന്നു.
പ്രാഥമികമായി, വിവാഹമെന്ന കൂദാശയും , ക്രൈസ്തവ കുടുംബം എന്ന യാഥാർത്ഥ്യവും ചർച്ച ചെയ്തു തീരുമാനങ്ങൾ എടുക്കാൻ ഉദ്ദേശിക്കപ്പെട്ടിട്ടുള്ള സിനഡിൽ വിവാഹമോചിതരായ പുനർവിവാഹിതരുടെ ദീവകാരുണ്യ സ്വീകരണം എന്ന, തത്വശാസ്ത്ര പരമായ വിഷയം പ്രഥമ വിഷയമായി മാറുകയാണോ എന്നും അനവധി സഭാശ്രേഷ്ഠന്മാർ സംശയം പ്രകടിപ്പിച്ചു കഴിഞ്ഞു.
അങ്ങനെ സംഭവിച്ചാൽ അത് നമ്മെ കൂടുതൽ അടിസ്ഥാനപരമായ പ്രശ്നങ്ങളിൽ കൊണ്ടുചെന്നെത്തിക്കും.
വിശ്വാസികളുടെ ആവശ്യങ്ങളും സൗകര്യങ്ങളും മാനിച്ച്, ക്രിസ്തീയ മൂല്യങ്ങൾ മറന്നു കൊണ്ട്, സുവിശേഷ നിയമങ്ങൾ തിരുത്തുന്ന തീരുമാനങ്ങളെടുത്ത്, തകർച്ചയുടെ വക്കിൽ നിൽക്കുന്ന, 'പുരോഗമന പ്രൊട്ടസ്റ്റൻറ് സഭകളുടെ' അനുഭവം നമ്മുടെ മുമ്പിലുണ്ട്.
സംസ്ക്കാരം മാറുന്നതിനനുസരിച്ച് മാറാനുള്ളതല്ല സഭാ നിയമങ്ങൾ. ഇതെല്ലാം സിനഡിന്റെ ചർച്ചകളിൽ അതീവ ജാഗ്രത പുലർത്തേണ്ടതിന്റെ ആവശ്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.
എഴുത്തിൽ ഒപ്പിട്ടിരിക്കാന്നവർ താഴെ പറയുന്നവരാണ് എന്ന് മജിസ്റ്റർ സാക്ഷ്യപ്പെടുത്തുന്നു.
കർഡിനാൾമാരായ കാർലോ കഫ്ര, തോമസ് കോളിൻസ്, തിമോത്തിഡോലൻ, വില്ല്യം ഐയ്ക്, പീറ്റർ എർഡോ. ജെറാർഡ് മുള്ളർ, വിൽഫ്രഡ്നാപ്പിയർ, ജോർജ് പെൽ, മൗറോപീ യാ സെൻസ, റോബർട്ട് സാറ, ആഞ്ചലോ സ്കോള, ഹോർജ് ഉറോസ സാവിനോ ആഡ്രെ വിൻറ്റ് ട്രോയ്സ്
പക്ഷേ, ചില കർഡിനാർമാർ എഴുത്തിൽ ഒപ്പുവെച്ചതായുള്ള വാർത്ത നിഷേധിച്ചു.
എഴുത്തിൽ ഒപ്പുവെച്ച കർഡിനാൾമാരിൽ ഇർദോ സിനഡിന്റെ 'റിയാൽറ്റർ ജനറൽ' ആണ്.കർഡിനാൾമാരായ നാപ്പീയർ, വിൻറ്റ് ട്രോയ്സ് എന്നിവർ സിനഡിന്റെ നാലു പ്രസിഡന്റ് ഡെലിഗേറ്റുകളിൽ രണ്ടു പേരാണ്.അതു പോലെ തന്നെ പ്രധാനികളാണ് എഴുത്തിൽ ഒപ്പിട്ടിരിക്കുന്ന മറ്റുള്ളവരും.
കർഡിനാൾമാരുടെ എഴുത്തിന്റെ കോപ്പി മജിസ്റ്റർക്ക് എങ്ങനെ ലഭിച്ചു എന്നത് വ്യക്തമല്ല. പക്ഷേ അങ്ങനെയൊരു എഴുത്ത് നിലവിലുണ്ട് എന്ന് വത്തിക്കാനുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു. മജിസ്റ്ററുടെ റിപ്പോർട്ട് പൂർണ്ണമായും ശരിയല്ല എന്നും പ്രസ്തുത വൃത്തങ്ങൾ അറിയിച്ചു.
ഒക്ടോബർ 5-ാം തീയതിയിലെ ഈ എഴുത്തിനുള്ള മറുപടിയാണ് മാർപാപ്പ അതിനടുത്ത ദിവസത്തിൽ നടത്തിയ അനൗദ്യോഗിക പ്രസംഗത്തിലുള്ളതെന്ന് കരുതപ്പെടുന്നു.
ആ പ്രസംഗത്തിൻ , സിനഡിന്റെ പ്രവർത്തന മാർഗ്ഗങ്ങളെ പറ്റി സംസാരിക്കുമ്പോൾ, ഫ്രാൻസിസ് മാർപാപ്പ, 'സൈദ്ധാന്തികമായ ഉപജാപങ്ങൾക്കെതിരെ' സിനഡ് അംഗങ്ങൾ ജാഗ്രത പുലർത്തണമെന്ന് ഓർമ്മിപ്പിക്കുകയുണ്ടായി.
വത്തിക്കാനിലെ ഒരു മുതിർന്ന പത്രപ്രവർത്തകനായ മജിസ്റ്റർ, ചില സന്ദർഭങ്ങളിൽ ഫ്രാൻസിസ് മാർപാപ്പയുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ തുറന്നു പറഞ്ഞിട്ടുള്ളതാണ്. ജൂൺ മാസത്തിൽ 'Laudato Si ' യുടെ പ്രാഥമിക രേഖ അനൗദ്യോഗികമായി പ്രസിദ്ധീകരിച്ചതിന് 'Holy See Press Office' മജിസ്റ്ററുടെ സേവനങ്ങൾ സസ്പെൻഡ് ചെയ്യുകയുണ്ടായി. ആ രേഖ പ്രാഥമീക ഡ്രാഫ്റ്റ് മാത്രമാണെന്ന് വത്തിക്കാൻ അറിയിച്ചിരുന്നു എങ്കിലും മജിസ്റ്റർ പ്രസിദ്ധീകരിച്ചത് 'Laudato Si'-യുടെ പൂർണ്ണരൂപത്തിന് വളരെ അടുത്ത ഒന്നാണെന്ന് പിന്നീട് വ്യക്തമായിരുന്നു. |