Content | വത്തിക്കാന്‍: സീറോ മലബാർ സഭയുടെ യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്ററായി മാര്‍ സ്റ്റീഫൻ ചിറപ്പണത്ത് അഭിഷിക്തനായി. വത്തിക്കാനിലെ സെന്റ് പോൾ മേജർ ബസിലിക്കയിൽ രാവിലെ 10ന് (ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 2.30) ആരംഭിച്ച മെത്രാഭിഷേക ശുശ്രൂഷകള്‍ക്ക് സീറോ മലബാർ സഭ അദ്ധ്യക്ഷന്‍ കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിച്ചു. നിരവധി രൂപത- അതിരൂപത മെത്രാന്‍മാരെയും വൈദികരെയും സന്യസ്ഥരെയും നൂറുകണക്കിനു അല്‍മായ വിശ്വാസികളെയും സാക്ഷിയാക്കിയാണ് ശുശ്രൂഷകള്‍ നടന്നത്.
പ്രവാസികൾക്കുവേണ്ടിയുള്ള വത്തിക്കാൻ കാര്യാലയ കൗൺസിൽ സെക്രട്ടറിയും നിയുക്ത വരാപ്പുഴ ആര്‍ച്ച് ബിഷപ്പുമായ ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, ആർച്ച് ബിഷപ്പുമാരായ മാർ മാത്യു മൂലക്കാട്ട്, മാർ ആൻഡ്രൂസ് താഴത്ത്, മാർ ജോസഫ് പെരുന്തോട്ടം, മാർ ജോർജ് ഞരളക്കാട്ട്, ബിഷപ്പുമാരായ മാർ ജേക്കബ് മനത്തോടത്ത്, മാർ പോളി കണ്ണൂക്കാടൻ, മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ, മാർ പോൾ ആലപ്പാട്ട്, മാർ സെബാസ്റ്റ്യൻ വടക്കേൽ, മാർ ആന്റണി ചെറയത്ത്, മാർ ജോയ് ആലപ്പാട്ട്, മാർ ജോസഫ് സ്രാമ്പിക്കൽ എന്നിവര്‍ തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്തു.
കഴിഞ്ഞ അഞ്ചു വർഷമായി റോമിൽ മേജർ ആർച്ച് ബിഷപ്പിന്റെ പ്രൊകുറേറ്ററായും റോമാ രൂപതയിലുള്ള സീറോ മലബാർ വിശ്വാസികളുടെ വികാരിയായും ഇറ്റലി മുഴുവനുമുള്ള സീറോ മലബാർ വിശ്വാസികളുടെ കോർഡിനേറ്ററായും സേവനം ചെയ്തു വരികെയാണ് സ്റ്റീഫന്‍ ചിറപ്പണത്തിന് പുതിയ നിയമനം ലഭിക്കുന്നത്. അപ്പസ്തോലിക് വിസിറ്റേറ്റർ ശുശ്രൂഷയ്‌ക്കൊപ്പം റോമിലെ പ്രൊക്കുറേറ്ററിന്റെ സേവനവും മാർ സ്റ്റീഫൻ തുടരും.
കവലക്കാട്ട് ചിറപ്പണത്ത് പരേതരായ പോൾ- റോസി ദമ്പതികളുടെ എട്ടു മക്കളിൽ ഏഴാമനായി 1961 ഡിസംബർ 26നാണ് മാർ സ്റ്റീഫൻ ചിറപ്പണത്ത് ജനിച്ചത്. വടവാതൂർ സെന്റ് തോമസ് അപ്പസ്‌തോലിക് മേജർ സെമിനാരിയിൽ തത്വശാസ്ത്ര, ദൈവശാസ്ത്ര പഠനം പൂർത്തിയാക്കിയ അദ്ദേഹം മാർ ജെയിംസ് പഴയാറ്റിലിൽനിന്ന് പൗരോഹിത്യം സ്വീകരിച്ചു. 1987 ഡിസംബർ 26നായിരിന്നു തിരുപട്ട സ്വീകരണം.
വടവാതൂർ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരി പ്രൊക്യുറേറ്റർ, വൈസ് റെക്ടർ, ലക്ചറർ എന്നീ നിലകളിലും തൃശൂർ മേരി മാതാ, കുന്നോത്ത് ഗുഡ് ഷെപ്പേർഡ് എന്നീ മേജർ സെമിനാരികളിൽ വിസിറ്റിംഗ് പ്രൊഫസറായും സേവനമനുഷ്ഠിച്ചു. ഇരിങ്ങാലക്കുട സെന്റ് പോൾസ് മൈനർ സെമിനാരിയിൽ പ്രീഫെക്ടായി സേവനംചെയ്ത അദ്ദേഹം റോമിലെ ലാറ്ററൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. ഇംഗ്ലീഷ്, ഇറ്റാലിയൻ, ജർമൻ ഭാഷകളിൽ പ്രാവീണ്യമുണ്ട്. രൂപതാ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി, വിവാഹകോടതി ജഡ്ജി തുടങ്ങിയ പദവികൾ വഹിച്ച പരിചയവും മാര്‍ ചിറപ്പണത്തിനുണ്ട്.
|