Content | വിശുദ്ധ തെരേസയുടെ മാതാപിതാക്കളായ ലൂയീസ് മാര്‍ട്ടിന്‍, സെലി ഗുവേരിന്‍ എന്നിവര്‍ ഈ ഞായറാഴ്ച റോമിലെ സെന്റ്. പീറ്റേഴ്സ് സ്കൊയറില്‍ വച്ച് വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ടപ്പോൾ അതിന്റെ പിന്നില്‍ ഏഴ് വയസ്സുകാരിയായ കാര്‍മെന്‍റെ കഥയും ഉണ്ടായിരുന്നു.
ഗര്‍ഭത്തിലിരിക്കെ പൂര്‍ണ്ണ വളര്‍ച്ചയെത്താതെ ആറു മാസത്തെ വളര്‍ച്ച മാത്രമുള്ള കുട്ടിയായി 2008-ല്‍ സ്പെയിനിലാണ് കാര്‍മെന്‍ എന്ന ഈ പെണ്‍കുട്ടി ജനിച്ചത്. തലച്ചോറിലെ ധമനികള്‍ പൊട്ടുന്ന രോഗം കൂടാതെ ഗുരുതരമായ മറ്റ് രോഗങ്ങളും നിമിത്തം ആഴ്ച്ചകളോളം അവളുടെ ജീവന്‍ ഭീഷണിയുടെ നിഴലിലായിരുന്നു.
പക്ഷെ അവളുടെ സ്നേഹനിധികളായ മാതാപിതാക്കളും കൂടാതെ കര്‍മ്മലീത്ത കന്യാസ്ത്രീകളും മാര്‍ട്ടിന്‍ ദമ്പതിമാരുടെ മാധ്യസ്ഥത്തിനുവേണ്ടിയുള്ള നിരന്തരമായ പ്രാര്‍ത്ഥനയുടെ ഫലമായി ഇവരുടെ അത്ഭുതകരമായ ഇടപെടല്‍ നിമിത്തം ആ കുഞ്ഞു ബാലിക അവിശ്വസനീയമാംവിധം സുഖപ്പെട്ടു.
“നിങ്ങള്‍ പ്രതീക്ഷിക്കുന്നത് പോലെ ദൈവത്തിന്റെ തുറന്ന കരങ്ങളില്‍ നിന്നും അത്ഭുതപ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുള്ള മറ്റ് കുടുംബത്തില്‍ ഞങ്ങളും പെടുന്നു. പക്ഷെ, ഞങ്ങളും കുഞ്ഞു കാര്‍മെനും മറ്റുള്ള എല്ലാവരെയും പോലെ സാധാരണക്കാര്‍ തന്നെ” കാര്‍മെന്റെ പിതാവായ സാന്റോസും മാതാവായ കാര്‍മെനും EWTN ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സാന്റോസ് പറഞ്ഞു.
കുഞ്ഞ് കാര്‍മെനു ഇപ്പോള്‍ ഏഴ് വയസ്സായി.
“ഞങ്ങളുടെ മകള്‍ ആറു മാസത്തെ വളര്‍ച്ചയോടെയാണ് ജനിച്ചത്, ഗര്‍ഭത്തിലായിരിക്കെ തന്നെ ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. അവളുടെ അവയങ്ങള്‍ പൂര്‍ണ്ണ വളര്‍ച്ച എത്തിയിരുന്നില്ല, എന്നാല്‍ എല്ലാ കുഴപ്പങ്ങളും ശരിയാക്കപ്പെട്ടു. തലച്ചോറിലെ ധമനികള്‍ പൊട്ടുന്ന രോഗം, ബാക്ടീരിയ ബാധ..എന്നീ രോഗങ്ങലോടു കൂടിയ അവളുടെ അവസ്ഥയില്‍ ഞങ്ങള്‍ ഒത്തിരി വിഷമിച്ചു.” അദ്ദേഹം വിവരിച്ചു. “ഞങ്ങള്‍ രണ്ടു പേരും ഭീതികരമായ അവസ്ഥയിലൂടെ യാണ് കടന്നു പോയത്.”
"ചില മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം ഇത്തരം അവസ്ഥയില്‍ നിസ്സഹായതയും, ദുഖവും, നിരാശയും, കുറ്റബോധവും അനുഭവപ്പെടും..ഇതിനെല്ലാമുപരി ഞങ്ങള്‍ക്ക് അഞ്ചു വയസ്സായ ഒരു മകനും കൂടി ഉണ്ടായിരന്നതിനാല്‍ ഈ പ്രശ്നങ്ങളൊന്നും അവനെ ബാധിക്കാതെ ശ്രദ്ധിക്കേണ്ടതായും വന്നു.” സാന്റോസ് കൂട്ടിച്ചേര്‍ത്തു.
ഡോക്ടര്‍മാര്‍ അവരോട് പറഞ്ഞത് എന്തിനെയും ഉള്‍ക്കൊള്ളുവാന്‍ തയാറായിരിക്കണമെന്നാണ്. ഒരോ ദിവസവും പ്രധാനപ്പെട്ടതായിരുന്നു.
“കാര്‍മെന്റെ അവസ്ഥ ദിവസം ചെല്ലുംതോറും മോശമായി കൊണ്ടിരുന്നു” അവളുടെ പിതാവ് പറഞ്ഞു. അവള്‍ വളരെയേറെ ക്ഷീണിതയായി തീര്‍ന്നതിനാല്‍, അവള്‍ക്ക് അണുബാധയെല്‍ക്കുമോ എന്ന് പേടിച്ചിട്ട് അവളുടെ മാതാപിതാക്കള്‍ക്ക് 35 ദിവസത്തോളം അവളെ സ്പര്‍ശിക്കുന്നതിനുപോലും സാധിച്ചിരുന്നില്ല.
"അവളുടെ കാര്യത്തില്‍ ഇനി കൂടുതലായി ഒന്നും ചെയ്യുവാനില്ല എന്ന് തോന്നിയത് കൊണ്ട് പിന്നീട് അവളെ സ്പര്‍ശിക്കുവാന്‍ അവരെ അനുവദിച്ചു.” സാന്റോസും കാര്‍മെനും തുടര്‍ന്നു “ഈ അവസ്ഥയില്‍ പോലും ഞങ്ങള്‍ ഞങ്ങളുടെ വിശ്വാസം ഉപേക്ഷിച്ചില്ല, ഞങ്ങള്‍ ഞങ്ങളുടെ വിശ്വാസത്തില്‍ മുറുകെ പിടിക്കുകയും അത് ഞങ്ങളെ ഒരുപാട് സഹായിക്കുകയും ചെയ്തു.”
"ഞങ്ങളെ സംബന്ധിച്ചിടത്തോളം വിശ്വാസം ഞങ്ങളുടെ കുടുംബത്തിന്റെ അടിസ്ഥാനമാണ്, വിശ്വാസമില്ലെങ്കില്‍ പ്രതീക്ഷയുമില്ല” അവര്‍ അഭിപ്രായപ്പെട്ടു.
ആവിലായിലെ വിശുദ്ധ അമ്മത്രേസ്യായുടെ തിരുന്നാള്‍ ദിവസമാണ് കുഞ്ഞു കാര്‍മെന്‍ ജനിച്ചത്. അതിനാല്‍ അവളുടെ മാതാപിതാക്കള്‍ വിശുദ്ധയുമായി ബന്ധപ്പെട്ട ഏതെങ്കിലും ആശ്രമത്തേയോ പള്ളിയേയോ ആശ്രയിക്കുവാന്‍ തീരുമാനിച്ചു.
“ഞങ്ങള്‍ക്കുള്ള മറുപടി പ്രാര്‍ത്ഥനയിലൂടെ ലഭിക്കുന്നതായി ഞങ്ങള്‍ കണ്ടു. അവള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു. എന്നിരുന്നാലും അവള്‍ സുഖപ്പെട്ടിട്ടില്ല, അതിനാല്‍ ഇതിലും കഠിനമായ സ്ഥലം ഞങ്ങള്‍ അന്വോഷിച്ചു,” സാന്റോസ് പറഞ്ഞു. “അതുകൊണ്ട് ഞാന്‍ ഗൂഗിളില്‍ വിശുദ്ധ കൊച്ചുത്രേസ്യായോട് പ്രാര്‍ത്ഥിക്കുവാന്‍ പറ്റിയ സ്ഥലം തിരഞ്ഞതിന്റെ ഫലമായി വലെന്‍സിയ പ്രവിശ്യയിലെ സെറാ പട്ടണത്തിലുള്ള വിശുദ്ധ ഔസേപ്പിന്റെയും വിശുദ്ധ അമ്മത്രേസ്യാടെയും ആശ്രമമാണ് ലഭിച്ചത്.
"ഒരു ഉച്ചക്ക് ഞാന്‍ ഈ ആശ്രമത്തിലേക്ക് പുറപ്പെട്ടെങ്കിലും രാത്രിയോട് കൂടിയാണ് അവിടെ എത്തിയത്. ആശ്രമം അടച്ചതിലാല്‍ എനിക്ക് അകത്ത് പ്രവേശിക്കുവാന്‍ സാധിച്ചില്ലായിരുന്നു. അതിനാല്‍ ഞാന്‍ കാര്‍മെനു സംഭവിച്ചതെല്ലാം ഫോണിലൂടെ അവിടെയുള്ള ഒരു കന്യാസ്ത്രീയോട് വിവരിച്ചു. അവര്‍ കാര്‍മെനു വേണ്ടി പ്രാര്‍ത്ഥിക്കാമെന്നെനിക്ക് ഉറപ്പു നല്‍കി”
ഞായറാഴ്ചകളില്‍ അവിടെ വിശുദ്ധ കുര്‍ബ്ബാനക്ക് ചെല്ലണമെന്ന് അവര്‍ സാന്റോസിനോടാവശ്യപ്പെട്ടു.
“ഞങ്ങള്‍ അവിടെ ഞായറാഴ്ചകളില്‍ വിശുദ്ധ കുര്‍ബ്ബാനക്കു പോകുവാന്‍ തുടങ്ങി. കുര്‍ബ്ബാനക്ക് ശേഷം ഞങ്ങള്‍ പെട്ടെന്ന് തന്നെ തിരികെ വരുമായിരുന്നു, കാരണം കാര്‍മെന്‍ കിടക്കുന്ന ആശുപത്രി ഇവിടെ നിന്നും 25 മൈല്‍ അകലെയായിരുന്നു.
നാലോ അഞ്ചോ ഞായറാഴ്ചകള്‍ക്ക് ശേഷം അവിടത്തെ കന്യാസ്ത്രീകളുമായി ഇവര്‍ വളരെ അടുത്തു. അങ്ങിനെയാണ് ലിസ്സ്യുവിലെ കൊച്ചുത്രേസ്സ്യ ഇവരുടെ ജീവിതത്തില്‍ പൂര്‍ണ്ണമായും വരുന്നത്.
ലൂയീസ് മാര്‍ട്ടിനും സെലി ഗുവേരിനും അവര്‍ കണ്ട് മുട്ടി മൂന്ന് മാസങ്ങള്‍ക്ക് ശേഷം 1858-ല്‍ ആണ് വിവാഹിതരാകുന്നത്. ഒരു വര്‍ഷത്തോളം അവര്‍ വളരെ ആനന്ദത്തോടെ ജീവിച്ചു. അവര്‍ക്ക് ഒമ്പത് മക്കള്‍ ജനിച്ചുവെങ്കിലും അതില്‍ നാലു പേര്‍ കുഞ്ഞായിരുന്നപ്പോള്‍ തന്നെ മരണമടഞ്ഞു. ബാക്കി അഞ്ചു പെണ്മക്കളും ആത്മീയ ജീവിതം തിരഞ്ഞെടുത്തു.
മാര്‍ട്ടിന്‍ ദമ്പതിമാര്‍ തങ്ങളുടെ പ്രാര്‍ത്ഥനാ വിശുദ്ധിയാലും, ഉപവാസത്താലും, കാരുണ്യ പ്രവര്‍ത്തികളാലും അറിയപ്പെടുന്നവരായിരുന്നു. അവര്‍ പ്രായമായവരെ സന്ദര്‍ശിക്കുകയും പാവപ്പെട്ടവരെ തങ്ങള്‍ക്കൊപ്പം ഭക്ഷണം കഴിക്കുവാന്‍ ക്ഷണിക്കുകയും പതിവായിരുന്നു.
അവരുടെ മകള്‍ ലിസ്സ്യുവിലെ വിശുദ്ധ കൊച്ചുത്രേസ്സ്യ ഒരു കാര്‍മ്മല സന്യാസിനി ആവുകയും ‘ചെറു പുഷ്പം’ എന്നറിയപ്പെടുകയും ചെയ്തു. ലോകം മുഴുവന്‍ വളരെയേറെ സ്വാധീനിച്ച ‘ഒരു ആത്മാവിന്റെ കഥ’ എന്ന ആത്മീയ ജീവ ചരിത്രം എഴുതുകയും ചെയ്തു. 1925-ല്‍ വിശുദ്ധയായി പ്രഖ്യാപിക്കപ്പെടുകയും പിന്നീട് 1997-ല്‍ ‘സഭയുടെ ചികിത്സക’ എന്ന് വിളിക്കപ്പെടുകയും ചെയ്തു.
2015-ല്‍ അവരുടെ മറ്റൊരും മകളായ ലിയോണിയ മാര്‍ട്ടിന്റെയും വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.
2008-ലാണ് മാര്‍ട്ടിന്‍ ദമ്പതികള്‍ നാമകരണം ചെയ്യപ്പെടുന്നത്.
“കാര്‍മെന്‍ ജനിക്കുന്നതിനു നാലു ദിവസം മുമ്പ് ഒക്ടോബര്‍ 19നാണ് വിശുദ്ധ കൊച്ചുത്രേസ്സ്യായുടെ മാതാപിതാക്കള്‍ നാമകരണം ചെയ്യപ്പെടുന്നത്.” സാന്റോസ് പറഞ്ഞു.
കര്‍മ്മല സന്യാസിനികള്‍ അവര്‍ക്ക് മാര്‍ട്ടിന്‍ ദമ്പതിമാരുടെ കുറച്ച് ചിത്രങ്ങളും, ഒരു പ്രാര്‍ത്ഥനയും, അവരുടെ ജീവചരിത്ര സംഗ്രഹവും നല്‍കി.
“മഠത്തിലെ അധികാരിയായ കന്യാസ്ത്രീ ഞങ്ങളോട് പറഞ്ഞു “ഒരു പക്ഷെ അനുഗ്രഹീതരായ ഈ ദമ്പതിമാര്‍ മറ്റൊരു കുഞ്ഞിനെ അത്ഭുതകരമായി സുഖപ്പെടുത്തിയത് പോലെ നിങ്ങളേയും സഹായിക്കാം” സാന്റോസ് പറഞ്ഞു.
“ആ രാത്രി തന്നെ ഞങ്ങള്‍ അവരുടെ മദ്ധ്യസ്ഥത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റ് കന്യാസ്ത്രീകള്‍ സഹനമനുഭവിക്കുന്ന ഈ കുഞ്ഞിനു വേണ്ടി തങ്ങളുടെ ആശ്രമത്തിലും പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി.
“അടുത്ത ദിവസമാ രാവിലെ മുതല്‍ കാര്‍മെന്റെ അവസ്ഥയില്‍ ചില മാറ്റങ്ങള്‍ വന്നു” സാന്റോസ് പറഞ്ഞു.
അടുത്ത ദിവസം കാര്‍മെനെ വേറൊരു ആശുപത്രിയിലേക്ക് മാറ്റി. ക്രമേണ അവളില്‍ ശ്രദ്ധേയമായ മാറ്റങ്ങള്‍ വന്ന്‍ തുടങ്ങി. അവള്‍ യന്ത്രത്തിന്റെ സഹായമില്ലാതെ ശ്വസിക്കുവാന്‍ തുടങ്ങി, അണുബാധ കുറയുവാന്‍ തുടങ്ങി. മൂന്നാം ദിവസം അവളെ അടിയന്തിര സുശ്രുഷ വിഭാഗത്തില്‍ നിന്നും മാറ്റി. എന്നിരുന്നാലും തലച്ചോറിലെ അസുഖത്തിന്റെ പാര്‍ശ്വഫലങ്ങള്‍ ഉണ്ടോ ഇല്ലയോ എന്നുറപ്പാക്കുന്നതിന് വര്‍ഷങ്ങളോളം എടുത്തു.
വിശുദ്ധ കൊച്ചുത്രേസ്യായുടെ ജന്മ ദിനമായ 2009 ജനുവരി 2ന് കാര്‍മെന്‍ ആശുപത്രി ജീവിതത്തില്‍ നിന്നും മോചനം നേടി.
പതിനഞ്ച് ദിവസത്തിന് ശേഷം ധന്യരായ ലൂയീസിന്റെയും സെലിന്റെയും ഭൗതീകാവശിഷ്ടങ്ങള്‍ സ്പെയിനിലെ ലെറീഡായില്‍ കൊണ്ടു വന്നു. കാര്‍മ്മല സന്യാസിനിമാരുടെ പ്രചോദനത്താല്‍ ഞങ്ങള്‍ അവിടെ പോയി.
അവിടെ വച്ച് മാര്‍ട്ടിന്‍ ദമ്പതിമാരുടെ നാമകരണ പ്രക്രിയയുടെ പോസ്റ്റുലേറ്ററിനെ കാണുകയും തങ്ങളുടെ മകള്‍ക്ക് സംഭവിച്ച അത്ഭുതത്തെ കുറിച്ച് അദ്ദേഹത്തോട് വിവരിക്കുകയും ചെയ്തു. പോസ്റ്റുലേറ്റര്‍ ഈ കേസ് പരിഗണിക്കുകയും മാര്‍ട്ടിന്‍ ദമ്പതിമാരുടെ വിശുദ്ധീകരണത്തിനുള അന്വോഷണ നടപടികള്‍ 2009 നവംബറില്‍ ആരംഭിക്കുകയും ചെയ്തു.
2015 മാര്‍ച്ച് വരെ അന്വോഷണ സമിതി മാര്‍ട്ടിന്‍ ദമ്പതിമാരെ അള്‍ത്താരയില്‍ എത്തിക്കുവാന്‍ കാരണമായേക്കാവുന്ന കാര്‍മെന്റെ അത്ഭുതം അംഗീകരിച്ചില്ല.
പ്രസിദ്ധമായ ‘ഫല്ലാസ് ദേ വലെന്‍സിയ’ ആഘോഷങ്ങള്‍ക്കിടക്ക് മാര്‍ച്ച് 18-നാണ് അവര്‍ക്ക് ഈ വാര്‍ത്ത ലഭിച്ചത്. “ഞങ്ങളുടെ മുഴുവന്‍ കുടുംബവും സാന്‍ വിസെന്‍റെ തെരുവിലൂടെ ‘ദുര്‍ബ്ബലരുടെ സഹായമായ കന്യകാമാതാവിന്’ ഞങ്ങളുടെ പൂക്കുട സമര്‍പ്പിക്കുവാന്‍ പോകുന്ന വഴിക്ക് പെട്ടെന്ന്‍ തന്നെ ഞങ്ങളുടെ മൊബൈല്‍ ഫോണ്‍ ഓഫ് ആയി. ആറു വര്‍ഷത്തിനു ശേഷം ആണ് അവര്‍ ഞങ്ങള്‍ക്ക് ഈ മഹത്തായ വാര്‍ത്ത തരുന്നത്.”
“അത് ഒരു പ്രത്യേക നിമിഷമായിരുന്നു. ഒരിക്കലും അനുഭവപ്പെടാത്ത നിമിഷം. ഞങ്ങള്‍ കന്യകാമാതാവിന്റെ തൃപ്പാദങ്ങളില്‍ ആയിരുന്ന സമയം.” സാന്റോസ് ആ നിമിഷത്തെ കുറിച്ച് ഓര്‍ത്തുകൊണ്ട് വികാരഭരിതനായി പറഞ്ഞു.
കുട്ടിയായ കാര്‍മെനോട് അവളുടെ മാതാപിതാക്കള്‍ അവളുടെ ഈ അത്ഭുത രോഗശാന്തിയെ കുറിച്ച് എല്ലാം പറഞ്ഞിട്ടുണ്ട്. “ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് എപ്പോഴും ഒരത്ഭുതമായിരിക്കും. അവള്‍ എല്ലാത്തിനോടും പ്രതികരിക്കുന്നത് കാണുമ്പോള്‍ ഇത് ഇരട്ടിക്കുന്നു” അവളുടെ മാതാപിതാക്കള്‍ പറഞ്ഞു “ഇത് ഒരു വ്യത്യസ്ഥമായ അനുഭവമാണ്, മറ്റൊരാള്‍ നമ്മോടു പറയുന്നതിനെക്കാള്‍ അത് നമ്മുടെ ജീവിതത്തില്‍ സംഭവിക്കുമ്പോള്‍ നമ്മുടെ വിശ്വാസം ഇരട്ടിക്കുന്നു”
തങ്ങള്‍ ഇതിനു മുന്‍പും ശക്തരായ വിശ്വാസികള്‍ ആയിരുന്നുവെങ്കിലും ഈ സംഭവത്തിനു ശേഷം അവര്‍ കൂടുതല്‍ വിശ്വാസമുള്ളവരായി തീര്‍ന്നെന്നു കാര്‍മെന്‍റെ മാതാപിതാക്കള്‍ അറിയിച്ചു. |