Content | റോം: ലോകമെമ്പാടും മതസ്വാതന്ത്ര്യം വന്‍ വെല്ലുവിളി നേരിടുകയാണെന്ന് 'ചര്‍ച്ച് ഇന്‍ നീഡ്' എന്ന സംഘടനയുടെ റിപ്പോര്‍ട്ട്. ഇസ്ലാമിക ഭീകരവാദത്തിന്റെ പ്രശ്‌നങ്ങളും, രാഷ്ട്രീയമായ കടന്നുകയറ്റവും, ഏകമതം എന്നതിനെ അടിച്ചേല്‍പ്പിക്കുന്ന ചില രാജ്യങ്ങളുടെ നിലപാടും മതസ്വാതന്ത്ര്യത്തെ നിഷേധിക്കുന്നതിനുള്ള കാരണങ്ങളാകുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2014 ജൂണ്‍ മാസം മുതല്‍ 2016 ജൂണ്‍ വരെയുള്ള വിവിധ രാജ്യങ്ങളിലെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് മതസ്വാതന്ത്ര്യത്തെ സംബന്ധിക്കുന്ന റിപ്പോര്‍ട്ട് 'ചര്‍ച്ച് ഇന്‍ നീഡ്' പുറത്തുവിട്ടിരിക്കുന്നത്.
പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ ഇസ്ലാമിക തീവ്രവാദമാണ് മതങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഒരു മതത്തിന്റെ തന്നെ പേരിലാണ് ഈ രാജ്യങ്ങളില്‍ അരാചകത്വം നിറഞ്ഞാടുന്നതെന്നതാണ് ഈ മേഖലയിലെ പ്രത്യേകത. നിയമത്തെ അട്ടിമറിക്കുകയും, മറ്റെല്ലാ വിശ്വാസങ്ങളേയും തുടച്ചു നീക്കുകയുമാണ് ഇത്തരക്കാരുടെ പ്രവര്‍ത്തന ശൈലി. ഇസ്ലാമിക തീവ്രവാദത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ വേരുകള്‍ ആഴത്തില്‍ പടര്‍ത്തുവാന്‍ സാധിച്ചിട്ടുണ്ട്.
അഞ്ചു രാജ്യങ്ങള്‍ എന്ന രീതിയില്‍ കണക്കുകള്‍ എടുത്താല്‍ തന്നെ ഇവയില്‍ ഒരു രാജ്യത്തെങ്കിലും ഇസ്ലാമിക ഭീകരവാദികള്‍ ആക്രമണം നടത്തുന്നു. സ്വിറ്റ്സര്‍ലാന്‍ഡും, ഓസ്‌ട്രേലിയായും, പതിനേഴില്‍ അധികം ആഫ്രിക്കന്‍ രാജ്യങ്ങളും ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ക്ക് പലവട്ടം ഇരയായിട്ടുണ്ടെന്നും കണക്കുകള്‍ പറയുന്നു. ലോകത്തിന്റെ വിവിധ കോണുകളിലും ഇസ്ലാമിക ഭീകരവാദികളുടെ ആക്രമണം ശക്തമാണെങ്കിലും പശ്ചിമേഷ്യന്‍ രാജ്യങ്ങളിലാണ് ഇത്തരം ആക്രമണങ്ങള്‍ അധികവും നടക്കുന്നത്.
സിറിയ, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലെ അഭയാര്‍ത്ഥി പ്രശ്‌നം കൂടുതല്‍ രൂക്ഷമാകുന്നതിന് ഇസ്ലാമിക ഭീകരവാദം വലിയ പങ്കാണ് വഹിച്ചത്. ഐഎസ് തീവ്രവാദികളുടെ തടവറയില്‍ കഴിയേണ്ടി വരികയും, പിന്നീട് അവിടെ നിന്നും സാഹസികമായി രക്ഷപെടുകയും ചെയ്ത ഫാദര്‍ ജാക്വസ് മൊറാള്‍ഡിന്റെ വാക്കുകളും ചര്‍ച്ച് ഇന്‍ നീഡ് തങ്ങളുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.
"മത സ്വാതന്ത്ര്യമെന്നത് ജീവിതവും മരണവും എന്നതു പോലെ വ്യക്തമായ വേര്‍ത്തിരിവ് ആവശ്യമുള്ള ഒരു വസ്തുതയായിട്ടാണ് എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്. മതം നമ്മേ പലതും പഠിപ്പിക്കുന്നു. സ്‌നേഹിക്കുവാനും, ക്ഷമിക്കുവാനും, അപരനെ ബഹുമാനിക്കുവാനും എല്ലാ മതങ്ങളും പറയുന്നുണ്ട്. എന്നാല്‍ ചിലര്‍ മതത്തെ കൂട്ടുപിടിച്ച് ചില രാജ്യങ്ങളില്‍ നടത്തുന്നത് വ്യക്തമായ വംശഹത്യയാണ്. ക്രൈസ്തവ വിശ്വാസികളെ ഇവിടെ നിന്നും തുടച്ചു നീക്കുവാനാണ് അവരുടെ ശ്രമം. ഇതു നിര്‍ഭാഗ്യകരമായ അവസ്ഥയാണ്". റിപ്പോര്‍ട്ടില്‍ പരമര്‍ശിച്ചിരിക്കുന്ന ഫാദര്‍ ജാക്വസ് മൊറാള്‍ഡിന്റെ വാക്കുകളാണിത്.
മതങ്ങളുടെ വൈവിധ്യമാണ് സംസ്‌കാരങ്ങളുടെ സമൃദ്ധിയെന്നും ഫാദര്‍ ജാക്വസ് മൊറാള്‍ഡ് അഭിപ്രായപ്പെടുന്നുണ്ട്. മതങ്ങള്‍ നേരിടുന്ന വെല്ലുവിളി ഇസ്ലാമിക ഭീകരവാദം എന്ന ഒറ്റ വിഷയം കൊണ്ട് അവസാനിക്കുന്നില്ല. ഒരു രാജ്യത്ത് പ്രബലമായ ഒരു മതം നിലനില്‍ക്കുന്നുണ്ടെങ്കില്‍ ആ മതം മറ്റു മതങ്ങളെ അടിച്ചമര്‍ത്തുന്ന പ്രവണതയാണ് മതവൈവിധ്യത്തിന് നേരിടേണ്ടി വരുന്ന പ്രധാന പ്രശ്‌നം. ഇതിന്റെ ഉദാഹരണമായി 'ചര്‍ച്ച് ഇന്‍ നീഡ്' ചൂണ്ടി കാണിക്കുന്നത് ഭാരതം, പാക്കിസ്ഥാന്‍, ബര്‍മ തുടങ്ങിയ രാജ്യങ്ങളാണ്.
ഭാരതത്തിലെ പ്രബലമായ ഹിന്ദുമതം മറ്റു മതങ്ങളുടെ വളര്‍ച്ചയെ തടുക്കുന്നു. സമാന രീതിയില്‍ പാക്കിസ്ഥാനില്‍ ഇസ്ലാം മതവും ബര്‍മയില്‍ ബുദ്ധമതവും മറ്റു മതങ്ങളെ എതിര്‍ക്കുകയും അവരുടെ വളര്‍ച്ചയെ തടയുകയും ചെയ്യുന്നു. ചര്‍ച്ച് ഇന്‍ നീഡിന്റെ റിപ്പോര്‍ട്ട് പ്രകാരം 38 രാജ്യങ്ങളില്‍ മതസ്വാതന്ത്ര്യം തീവ്രമായ ബുദ്ധിമുട്ടുകളാണ് നേരിടുന്നത്. ഇതില്‍ തന്നെ 23 രാജ്യങ്ങളില്‍ ഗുരുതര പ്രശ്‌നങ്ങള്‍ മതവിശ്വാസികള്‍ക്ക് സൃഷ്ടിക്കുന്നു.
ഗുരുതര പ്രശ്‌നങ്ങള്‍ നേരിടുന്ന 23 രാജ്യങ്ങളിലെ 12 രാജ്യങ്ങളിലും മതവിശ്വാസികള്‍ക്കു നേരെ ആക്രമണം നടത്തുന്നത് സര്‍ക്കാര്‍ സംവിധാനമാണ്. ചൈന, ഉത്തരകൊറിയ എന്നീ രാജ്യങ്ങളില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ മതങ്ങളെ അടിച്ചമര്‍ത്തുന്നു. ചൈനയില്‍ ദേവാലയങ്ങള്‍ തകര്‍ക്കുന്നതും, വിശ്വാസികള്‍ പീഡിപ്പിക്കപ്പെടുന്നതും നിരന്തര സംഭവങ്ങളാണ്.
78 അടിയില്‍ കൂടുതല്‍ ഉയരമുള്ള ദേവാലയങ്ങള്‍ പണിയുവാനും, കെട്ടിടത്തിനു മുകളില്‍ കുരിശ് സ്ഥാപിക്കുവാനും ചൈനയില്‍ വിലക്കുണ്ട്. ഈജിപ്റ്റ്, ഭൂട്ടാന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളിലെ മതസ്വാതന്ത്ര്യം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കുറച്ചു കൂടി മെച്ചപ്പെട്ടതായും റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു. യൂറോപ്യന്‍ രാജ്യങ്ങളിലും, അമേരിക്കന്‍ നാടുകളിലും മുമ്പുണ്ടായിരുന്നതിലും താഴെയാണ് ഇപ്പോഴുള്ള മതസ്വാതന്ത്ര്യമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. |