Content | വത്തിക്കാന്‍: 2019-ല്‍ പനാമയില്‍ നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്ന ലോക യുവജന സമ്മേളനത്തിന്റെ പ്രമേയം വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തി. ദൈവദൂതന്റെ അറിയിപ്പ്, മറിയത്തിന്റെ പ്രതികരണം, സ്തോത്രഗീതം എന്നീ വിഷയങ്ങള്‍ ചേര്‍ത്തുവച്ചാണ് ലോക യുവജന ദിന സമ്മേളനത്തിന്റെ മുഖ്യചിന്താവിഷയത്തെ തീരുമാനിച്ചിരിക്കുന്നത്.
2017, 2018 വര്‍ഷങ്ങളില്‍ ഇടവക-രൂപത തലങ്ങളില്‍ നടക്കുന്ന യുവജന സമ്മേളനത്തിന്റെ നടത്തിപ്പിന് ശേഷമാണ്, 2019-ല്‍ മാര്‍പാപ്പ പങ്കെടുക്കുന്ന ലോക യുവജന സമ്മേളനം പനാമയില്‍ നടക്കുക. ലൂക്കായുടെ സുവിശേഷത്തില്‍ നിന്നുമാണ് മൂന്നു വര്‍ഷങ്ങളിലേക്കുമുള്ള ചിന്തകള്‍ എടുത്തിരിക്കുന്നത്.
2017-ല്‍ "ശക്തനായവന്‍ എനിക്കു വലിയ കാര്യങ്ങള്‍ ചെയ്തിരിക്കുന്നു" (ലൂക്കാ 1:49), 2018- ല്‍ "മറിയമേ, ഭയപ്പെടേണ്ട, ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു" (ലൂക്കാ 1:30), 2019-ല്‍ "ഇതാ കര്‍ത്താവിന്‍റെ ദാസി, നിന്‍റെ വാക്ക് എന്നില്‍ നിറവേറട്ടെ" (ലൂക്കാ 1:38) എന്നീ പ്രമേയ വാക്യങ്ങളെ ആസ്പദമാക്കിയാണ് സംഗമം നടക്കുക. ദൈവികപുണ്യങ്ങളായ വിശ്വാസം, ശരണം, ഉപവി എന്നിവയുമായി ബന്ധിപ്പിക്കുന്നതാണ് ഈ പ്രമേയങ്ങള്‍.
രണ്ടു വര്‍ഷത്തെ ധ്യാനത്തിനും തയ്യാറെടുപ്പുകള്‍ക്കും ശേഷം 2019-ല്‍ പരിശുദ്ധ പിതാവ് പങ്കെടുക്കുന്ന പനാമയിലെ ലോക യുവജനദിന സമ്മേളനത്തില്‍ 'ഇതാ ഞാന്‍ കര്‍ത്താവിന്റെ ദാസി എന്റെ വാക്ക് നിന്നില്‍ നിറവേറട്ടെ' എന്ന മറിയത്തിന്റെ വചനമാണ് പ്രധാനമായും ധ്യാനിക്കുക. സമ്മേളനത്തിന്റെ മുഖ്യചിന്താവിഷയവും ഇതു തന്നെയാണ്.
പോളണ്ടിലെ ക്രാക്കോവിലാണ് ആണ് ഈ വര്‍ഷം ലോക യുവജനദിന സമ്മേളനം നടന്നത്. മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം പനാമയിലാണ് അടുത്ത യുവജനദിന സമ്മേളനം നടക്കുക എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ക്രാക്കോവിലെ സമാപന വേദിയില്‍ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇന്നലകളെ കുറിച്ച് നമുക്ക് ഓര്‍മ്മവേണമെന്നും, ഇന്നിന്റെ യാഥാര്‍ത്ഥ്യങ്ങളെ അഭിമുഖീകരിക്കുവാന്‍ ശക്തികാണിക്കണമെന്നും, നാളെയെ പ്രത്യാശപൂര്‍വ്വം കാണമെന്നും ക്രാക്കോവിലെ സമാപന സമ്മേളനത്തില്‍ പാപ്പ പറഞ്ഞിരുന്നു.
ഈ വാക്കുകളെ അനുസ്മരിച്ച് 2017-നെ ഇന്നലെകളെ കുറിച്ച് ഓര്‍ക്കുന്നതിനും, 2018-നെ സമകാലിക ലോകത്തെ കുറിച്ച് ചിന്തിക്കുന്നതിനും, 2019-നെ ഭാവിയിലേക്കും നോക്കി കാണുന്ന തരത്തിലുമാണ് യുവജന സംഗമ പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്. |
Keywords | Mary,at,heart,of,next,World,Youth,Day,gathering |