Content | വത്തിക്കാന്‍: പുരോഹിതര്‍ തങ്ങളുടെ സ്വന്തം താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന ഇടനിലക്കാരായി വര്‍ത്തിക്കരുതെന്ന് ഫ്രാന്‍സിസ് മാർപാപ്പ. വെള്ളിയാഴ്‌ച രാവിലെ കാസാ സാന്താ മാര്‍ത്ത ചാപ്പലില്‍ വിശുദ്ധ കുര്‍ബ്ബാന മദ്ധ്യേ നടത്തിയ പ്രസംഗത്തിലാണ് പുരോഹിതര്‍ തങ്ങളുടെ സ്വന്തം താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന വെറും ഇടനിലക്കാരായി വര്‍ത്തിക്കുന്നതിനു പകരം, ദൈവസ്നേഹത്തിന്റെ മധ്യസ്ഥരായിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മാർപാപ്പ എടുത്ത് പറഞ്ഞത്.
"ഒരു ഇടനിലക്കാരന്റെ ചുമതല എന്നത് മധ്യസ്ഥം വഹിക്കുന്നവന്റെ ചുമതലയില്‍ നിന്നും ഭിന്നമാണ്. തങ്ങളുടെ ആട്ടിന്‍കൂട്ടത്തിന്റെ മാധ്യസ്ഥരായിരിക്കുന്നതിനാണ് അജപാലകര്‍ വിളിക്കപ്പെട്ടിരിക്കുന്നത്. മധ്യസ്ഥന്‍ രണ്ടു വിഭാഗങ്ങളെ തമ്മിൽ ഒന്നിപ്പിക്കുന്നതിനായി തന്നെത്തന്നെ സമര്‍പ്പിക്കുന്നു, അവൻ സ്വന്തം ജീവന്‍ തന്നെ അതിനായി നല്‍കുന്നു. അജപാലകരുടെ കാര്യത്തില്‍ - തങ്ങളുടെ ആട്ടിന്‍കൂട്ടത്തേയാണ് ഒന്നിപ്പിക്കേണ്ടത്. ജനങ്ങളെ ഒന്നിപ്പിക്കുകയും അവരെ യേശുവിലേക്ക് നയിക്കുകയും ചെയ്യണം. യേശു മധ്യസ്ഥനായി എന്നതിലെ യുക്തി സ്വയം ഇല്ലാതായി എന്നതാണ്". വിശുദ്ധ പൗലോസ് ശ്ലീഹ ഫിലിപ്പിയര്‍ക്ക് എഴുതിയ ലേഖനഭാഗം എടുത്തുപറഞ്ഞുകൊണ്ട്, 'ക്രിസ്തു സ്വയം ശൂന്യനായതുപോലെ' വൈദികർ തങ്ങളെതന്നെ ഇല്ലാതാക്കികൊണ്ട് ദൈവജനത്തിന്റെ മാധ്യസ്ഥരായി മാറണമെന്ന് മാർപാപ്പ നിർദ്ദേശിച്ചു.
"ഇടനിലക്കാരെ പോലെ പ്രവർത്തിക്കുന്ന പുരോഹിതര്‍ തങ്ങളെ പ്രാധാന്യമുള്ളവരാക്കി തീര്‍ക്കുവാന്‍ കാര്‍ക്കശ്യത്തിന്റെ പാത സ്വീകരിക്കുന്നു: അതുവഴി പലപ്പോഴും അവര്‍ ജനങ്ങളില്‍ നിന്നും അകന്നുപോവുകയും ചെയ്യുന്നു. എന്താണ് മനുഷ്യരുടെ സഹനമെന്ന് അവര്‍ക്കറിയില്ല; അവര്‍ തങ്ങളുടെ ഭവനത്തില്‍ നിന്നും പഠിച്ചിട്ടുള്ള മൂല്യങ്ങള്‍ മറന്നു പോകുന്നു, തന്റെ പിതാവില്‍ നിന്നും, മാതാവില്‍ നിന്നും, മുത്തശ്ശി, മുത്തശ്ശന്‍, സഹോദരീ സഹോദരന്‍മാരില്‍ നിന്നും പഠിച്ചിട്ടുള്ള കാര്യങ്ങള്‍ മറന്നുകൊണ്ട് അവര്‍ കാര്‍ക്കശ്യമുള്ളവരാകുന്നു. ഇത്തരം കര്‍ക്കശക്കാരായ പുരോഹിതര്‍ തങ്ങള്‍ പാലിക്കാത്ത കാര്യങ്ങള്‍ ചെയ്യുവാന്‍ വിശ്വാസികളെ നിര്‍ബന്ധിക്കുന്നു. അങ്ങനെ ആശ്വാസം തേടിയെത്തുന്ന ജനങ്ങള്‍ ഈ കാര്‍ക്കശ്യം കാരണം ആട്ടിപ്പായിക്കപ്പെടുന്നു” അദ്ദേഹം പറഞ്ഞു.
ദൈവജനത്തിനു വേണ്ടി മധ്യസ്ഥം വഹിക്കുക എന്ന ചുമതലയില്‍ നിന്നും വ്യതിചലിച്ചുകൊണ്ട് ആത്മസ്തുതിയിലും, അധികാരത്തിലും സന്തോഷം തേടി വെറും ഒരു ഇടനിലക്കാരെ പോലെ വർത്തിക്കുന്ന പുരോഹിതർ പിന്നീട് ദുഃഖിക്കേണ്ടി വരുമെന്ന് ഫ്രാൻസിസ് മാർപാപ്പ തന്റെ സന്ദേശത്തിൽ മുന്നറിയിപ്പു നൽകി.
|