Content | കയ്റോ: ഈജിപ്തിലെ കോപ്റ്റിക് ഓർത്തഡോക്സ് പള്ളിയിൽ ഞായറാഴ്ച കുർബാനയ്ക്കിടെ ഉണ്ടായതു ചാവേർ ആക്രമണം. ആക്രമണത്തിനു പിന്നിൽ 22കാരനായ ചാവേർ ആയിരുന്നെന്ന് ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദേൽ ഫത്ത അൽ സിസി മാധ്യമങ്ങളോടു പറഞ്ഞു. മുഹമ്മദ് ഷഫീക്ക് മുഹമ്മദ് മുസ്തഫ എന്നയാളാണ് പള്ളിയിൽ ചാവേറായി പൊട്ടിത്തെറിച്ചത്.
ചാപ്പലിൽ വച്ച ബോംബ് വിദൂരനിയന്ത്രിത സംവിധാനമുപയോഗിച്ച് പൊട്ടിക്കുകയായിരുന്നുവെന്ന്‍ നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരിന്നു. സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി രാജ്യത്തു മൂന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
കോപ്റ്റിക് സഭാ ആസ്‌ഥാന ദേവാലയമായ സെന്റ് മാർക്സ് കത്തീഡ്രലിനോടു ചേർന്നുള്ള സെന്റ് പീറ്റേഴ്സ് പള്ളിയിലാണു ഞായറാഴ്ച കുർബാനയ്ക്കിടെ സ്ഫോടനമുണ്ടായത്. ദിവ്യബലിയ്ക്കു പങ്കെടുക്കാനെത്തിയ 25 പേരാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. 49 പേർക്കു മാരകമായി പരിക്കേറ്റു. 12 കിലോഗ്രാം വരുന്ന സ്ഫോടക വസ്തുവാണ് ആക്രമണത്തിനുപയോഗിച്ചത്.
2013-ല്‍ മുഹമ്മദ് മുർസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട ശേഷം തീവ്രവാദികൾ ക്രൈസ്തവർക്കെതിരെ ഒട്ടേറെ ആക്രമണങ്ങൾ നടത്തിയിരിന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് പുതിയ ആക്രമണം ഉണ്ടായിരിക്കുന്നത്. 2011ൽ അലക്സാഡ്രിയയിലെ ദേവാലയത്തിന് പുറത്തുണ്ടായ സ്ഫോടനത്തിൽ 21 പേർ കൊല്ലപ്പെട്ടിരുന്നു. |