Content | വത്തിക്കാന്‍ സിറ്റി: ഈജിപ്ഷ്യന്‍ ദേവാലയത്തില്‍ നടന്ന തീവ്രവാദി ആക്രമണത്തില്‍ ഫ്രാന്‍സിസ് പാപ്പ, കോപ്റ്റിക് സഭയുടെ തലവനായ തവാദ്രോസ് രണ്ടാമനെ ഫോണില്‍ വിളിച്ച് അനുശോചനം അറിയിച്ചു. ക്രിസ്തുവിനു വേണ്ടി രക്തസാക്ഷികളാകുന്നവര്‍ വിവിധ സഭകളിലാണെങ്കിലും, അവര്‍ ചിന്തിയ രക്തത്താല്‍ ഒന്നാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ തവാദ്രോസ് രണ്ടാമനോട് പറഞ്ഞു.
2013-ല്‍ വത്തിക്കാനിലേക്ക് സന്ദര്‍ശനം നടത്തിയപ്പോള്‍ തവാദ്രോസ്, ലോകമെമ്പാടും നടക്കുന്ന ക്രൈസ്തവ പീഡനങ്ങളെ അനുസ്മരിച്ച് ഇതേ വാക്യം ആവര്‍ത്തിച്ചിരിന്നു. രക്തസാക്ഷികളുടെ രക്തത്താല്‍ നാം ഒന്നായി തീരുകയാണെന്നും, സഭകള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍ രക്തസാക്ഷികളുടെ ത്യാഗങ്ങളെ സ്മരിക്കുന്നതിനോ, ബഹുമാനിക്കുന്നതിനോ തടസ്സമില്ലെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ തവാദ്രോസ് രണ്ടാമനോട് ഫോണിലൂടെ പറഞ്ഞു.
കോപ്റ്റിക് സഭയുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്നു നില്‍ക്കുന്ന മാര്‍പാപ്പയോട് പ്രത്യേകമായ നന്ദി അറിയിക്കുന്നതായി തവാദ്രോസ് രണ്ടാമന്‍ പരിശുദ്ധ പിതാവിനെ അറിയിച്ചു. പാപ്പയുടെ അനുശോചനവും, പ്രാര്‍ത്ഥനകളും തന്റെ സഭയിലെ അംഗങ്ങളെ പ്രത്യേകമായി അറിയിക്കുമെന്നും തവാദ്രോസ് രണ്ടാമന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയോട് പറഞ്ഞു. ഈജിപ്റ്റിന്റെ സമാധാനത്തിനായും, കോപ്റ്റിക് സഭയുടെ സംരക്ഷണത്തിനായും പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നു കോപ്റ്റിക് സഭയുടെ തലവന്‍ മാര്‍പാപ്പയോട് അപേക്ഷിച്ചു.
ഗ്വാഡലൂപ്പ മാതാവിന്റെ തിരുനാളായിരുന്ന ഇന്നലെ അര്‍പ്പിച്ച പ്രത്യേക ബലിയില്‍ ഈജിപ്റ്റില്‍ കൊല്ലപ്പെട്ടവരെ മാര്‍പാപ്പ പ്രാര്‍ത്ഥനയില്‍ സ്മരിച്ചു. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് തവാദ്രോസ് രണ്ടാമന്റെ ആസ്ഥാന ദേവാലയമായ കെയ്‌റോയിലെ സെന്റ് മാര്‍ക്ക്‌സ് കത്തീഡ്രലില്‍ ചാവേര്‍ ആക്രമണം ഉണ്ടായത്. 25 പേരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. |
Keywords | In,call,to,Coptic,Patriarch,Pope,says,they,are,united,by,blood,of,martyrdom |