Content | "പിതാവേ... ഏകസത്യദൈവമായ അങ്ങയെയും അങ്ങ് അയച്ച യേശുക്രിസ്തുവിനേയും അറിയുക എന്നതാണ് നിത്യജീവന്‍." എല്ലാ മനുഷ്യരും രക്ഷ പ്രാപിക്കണമെന്നും സത്യജ്ഞാനത്തിലേക്കു വരണമെന്നും നമ്മുടെ രക്ഷകനായ ദൈവം ആഗ്രഹിക്കുന്നു. "നമുക്കു രക്ഷ പ്രാപിക്കുവാനായി യേശുവിന്‍റെ നാമമല്ലാതെ മറ്റൊരു നാമവും മനുഷ്യരുടെയിടയില്‍, ആകാശത്തിനു കീഴില്‍ നല്കപ്പെട്ടിട്ടില്ല."
അനന്തഗുണസമ്പന്നനും, തന്നില്‍ത്തന്നെ സൗഭാഗ്യവാനുമായ ദൈവം കേവലം നന്മ മാത്രം ലക്ഷ്യമാക്കി സ്വതന്ത്ര മനസ്സോടെ തന്‍റെ സൗഭാഗ്യത്തില്‍ ഭാഗഭാക്കാകുവാന്‍ വേണ്ടി മനുഷ്യനെ സൃഷ്ടിച്ചു. ഇക്കാരണത്താല്‍ എല്ലാ സ്ഥലങ്ങളിലും, കാലങ്ങളിലും ദൈവം മനുഷ്യനു സമീപസ്ഥനായി വര്‍ത്തിക്കുന്നു. സര്‍വശക്തിയുമുപയോഗിച്ച് ദൈവത്തെ അന്വേഷിക്കുവാനും അറിയുവാനും സ്നേഹിക്കുവാനും ദൈവം മനുഷ്യനെ ക്ഷണിക്കുന്നു. പാപം മൂലം ചിന്നിച്ചിതറിപ്പോയ മനുഷ്യരെല്ലാവരും സഭയാകുന്ന തന്‍റെ കുടുംബത്തിന്‍റെ ഐക്യത്തിലേക്കു ദൈവം വിളിച്ചുകൂട്ടുന്നു. ഈ പദ്ധതി നിറവേറ്റാനായി കാലത്തിന്‍റെ തികവില്‍ ദൈവം സ്വപുത്രനെ പുനരുദ്ധാരകനു൦ രക്ഷകനുമായി ലോകത്തിലേക്ക് അയച്ചു.അവന്‍റെ പുത്രനിലൂടെയും പരിശുദ്ധാത്മാവിലൂടെയു൦, അവിടുത്തെ സൗഭാഗ്യജീവിതത്തിന്‍റെ അവകാശികളുമായിത്തീരാന്‍ വേണ്ടി മനുഷ്യരെ ദൈവം ക്ഷണിക്കുന്നു.ഈ ദൈവീകാഹ്വാനം ലോകത്തിലെങ്ങും മുഴങ്ങിക്കേള്‍ക്കാനായി,താന്‍ തെരഞ്ഞെടുത്ത അപ്പോസ്തലന്‍മാരെ ക്രിസ്തു ലോകത്തിന്‍റെ നാനാഭാഗങ്ങളിലേക്കും അയച്ചു. സുവിശേഷപ്രഘോഷണത്തിന് അധികാരപ്പെടുത്തിക്കൊണ്ടാണ് അവരെ അവിടുന്ന്‍ അയച്ചത്. "നിങ്ങള്‍ പോയി സര്‍വ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ അവര്‍ക്കു ജ്ഞാനസ്നാനം നല്‍കുവിന്‍. ഞാന്‍ നിങ്ങളോട് കല്പിച്ചവയെല്ലാം അനുസരിക്കുവാന്‍ അവരെ പഠിപ്പിക്കുവിന്‍. ഇതാ, യുഗാന്ത്യം വരെ എന്നും ഞാന്‍ നിങ്ങളോടു കൂടെ ഉണ്ടായിരിക്കും " ഈ ദൗത്യത്താല്‍ ശക്തി പ്രാപിച്ച് ശ്ലീഹന്‍മാര്‍ പോയി പ്രസംഗിച്ചു. കര്‍ത്താവി അവരോടുകൂടെ പ്രവര്‍ത്തിക്കുകയും അവരുടെ പ്രവര്‍ത്തനങ്ങളോടൊത്തുള്ള അടയാളങ്ങളിലൂടെ അവരുടെ സന്ദേശത്തെ സ്ഥിരീകരിക്കുകയും ചെയ്തു.
ദൈവത്തിന്‍റെ സഹായത്താല്‍ ക്രിസ്തുവിന്‍റെ ആഹ്വാനം ശ്രവിച്ച് സ്വമനസാ അതിനോടു ക്രിയാത്മകമായി പ്രതികരിച്ചവര്‍ ലോകത്തില്‍ എല്ലായിടത്തും "സുവിശേഷം പ്രഘോഷിക്കുവാന്‍" ക്രിസ്തുവിനോടുള്ള സ്നേഹത്താല്‍ ഉത്തേജിതരായി. അപ്പസ്തോലന്മാരില്‍ നിന്ന് ലഭിച്ച ഈ നിക്ഷേപം അവരുടെ പിന്‍ഗാമികള്‍ വിസ്വസ്തതാപൂര്‍വ്വം പരിരക്ഷിച്ചു.തലമുറ തലമുറകളിലേക്ക് ഈ വിശ്വാസ നിക്ഷേപം പകര്‍ന്നു കൊടുക്കുവാന്‍ എല്ലാ ക്രിസ്തീയ വിശ്വാസികളും ക്ഷണിക്കപ്പെട്ടിരിക്കുന്നു.വിശ്വാസം പരസ്യമായി ഏറ്റുപറഞ്ഞു കൊണ്ടും സാഹോദര്യത്തിന്‍റെ പങ്കുവയ്ക്കലിലൂടെ ജീവിച്ചു കൊണ്ടും ആരാധന ക്രമത്തിലും പ്രാര്‍ത്ഥനയിലും ഭാഗഭാക്കായി വേണ൦ ഈ പകര്‍ന്നു കൊടുക്കല്‍ നിര്‍വഹിക്കേണ്ടത്.
(Extracted from Catechism of the Catholic Church)
|