category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingക്രിസ്തുമസ് സമന്വയത്തിന്റെ സാധ്യതകള്‍ തേടേണ്ട അവസരം: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
Contentകൊച്ചി: എല്ലാവര്‍ക്കും സന്തോഷവും സമാധാനവും അനുഭവിക്കാനാകുമ്പോഴാണു ക്രിസ്മസ് അര്‍ഥപൂര്‍ണമാകുന്നതെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ക്രിസ്മസ് സന്ദേശത്തില്‍ പറഞ്ഞു. സന്തോഷവും സമാധാനവും ഒരുമിച്ചു പോകുന്നതാണ്. എവിടെ സന്തോഷമുണ്ടോ അവിടെ സമാധാനമുണ്ട്. എവിടെ സമാധാനമുണ്ടോ അവിടെ സന്തോഷമുണ്ട്. പ്രപഞ്ചത്തിനു സന്തോഷവും സമാധാനവും സമ്മാനിക്കാനായിരുന്നു ക്രിസ്തുവിന്റെ തിരുപ്പിറവി. ക്രിസ്തുവിന്റെ സാന്നിധ്യം സന്തോഷപ്രദമാണ്. അതിലൂടെ ലോകമെമ്പാടുമുള്ള മനുഷ്യനു സമാധാനം നല്‍കുന്നതുമാണെന്നും ക്രിസ്മസിനോടനുബന്ധിച്ച് എറണാകുളം മേജര്‍ ആര്‍ച്ച്ബിഷപ്‌സ് ഹൗസില്‍ തന്നെ സന്ദര്‍ശിക്കാനെത്തിയ മാധ്യമപ്രവര്‍ത്തകരോടു കര്‍ദിനാള്‍ പറഞ്ഞു. പരസ്പര സ്‌നേഹത്തിന്റെയും പങ്കുവയ്ക്കലിന്റെയും വ്യക്തിത്വങ്ങളായി മനുഷ്യരെല്ലാം വളരുന്നതിനുള്ള ഓര്‍മപ്പെടുത്തല്‍ ക്രിസ്മസ് നല്‍കുന്നുണ്ട്. പ്രകൃതിയിലും മനുഷ്യമനസുകളിലും അസ്വസ്ഥതകള്‍ പടരുമ്പോള്‍, സമന്വയത്തിന്റെ സാധ്യതകളാണു നാം തേടേണ്ടത്. രാഷ്ട്രീയം വെറുപ്പിന്റെ രാഷ്ട്രീയമാകുന്നിടങ്ങളില്‍, ഭരണം ദുരിതഭരണമാകുന്നിടങ്ങളില്‍, ഭൂമി മലിനഭൂമിയാകുന്നിടങ്ങളില്‍ എല്ലാം സാമൂഹ്യബോധത്തിന്റെ വെളിച്ചം മനസിലേറ്റി ക്രിയാത്മക ഇടപെടലുകള്‍ നടത്താന്‍ ഓരോരുത്തര്‍ക്കും സാധിക്കണം. ജീവിതത്തിന്റെ സമസ്ത തലങ്ങളിലേക്കും ഒരു ക്രിസ്മസ് നക്ഷത്രവെളിച്ചം കടന്നുവരണം. ക്രിസ്തുവിനു പിറക്കാന്‍ നമ്മുടെ മനസുകളും കുടുംബങ്ങളും പ്രവര്‍ത്തനമണ്ഡലങ്ങളും സാഹചര്യമൊരുക്കണം. സമൂഹത്തില്‍ തിരസ്‌കരിക്കപ്പെടുന്നവരെ ചേര്‍ത്തു നിര്‍ത്തണമെന്നു ക്രിസ്മസ് ഓര്‍മപ്പെടുത്തുന്നുണ്ട്. ഭിന്നശേഷിയുള്ളവരോടു കൂടുതല്‍ പരിഗണനയുണ്ടാവണം. പ്രത്യാശയുടെ തിരുപ്പിറവിയെടുത്ത ഈശോയുടെ സാന്നിധ്യം എല്ലായിടത്തും സാധിതമാകട്ടെ എന്ന് ആശംസിക്കുന്നു. ഇക്കുറി ഹാപ്പി ക്രിസ്മസ് എന്നു പറയുമ്പോഴും എന്റെ ഉളളിലെ ചില നൊമ്പരങ്ങള്‍ പങ്കുവയ്ക്കാനുണ്ട്. രാജ്യത്തു നോട്ടുപിന്‍വലിക്കല്‍ മൂലം ജനങ്ങള്‍ വിഷമത്തിലാണ്. പുതിയ സാമ്പത്തികനയത്തിന്റെ സദുദ്ദേശം മനസിലാക്കുമ്പോഴും അതുമൂലം ബുദ്ധിമുട്ടുന്നവര്‍ക്കും ക്രിസ്മസിന്റെ സന്തോഷം പകരാന്‍ നാം പരിശ്രമിക്കേണ്ടതുണ്ട്. ഫാ. ടോം ഉഴുന്നാലില്‍ ഇപ്പോള്‍ എവിടെ ആയിരിക്കുന്നുവോ അവിടെ ക്രിസ്മസ് ഉണ്ടാകണം. ഇല്ലെങ്കില്‍ സന്തോഷത്തോടെ എനിക്കും നമുക്കോരോരുത്തര്‍ക്കും എങ്ങനെ ക്രിസ്മസ് ആഘോഷിക്കാനാവും? പശ്ചിമേഷ്യയില്‍ ക്രൈസ്തവരനുഭവിക്കുന്ന അതിക്രമങ്ങള്‍ കണ്ടില്ലെന്നു നടിച്ച് നമുക്ക് എങ്ങനെ ഹാപ്പി ക്രിസ്മസ് പറയാനാവുമെന്നു ചിന്തിക്കണം. നമ്മുടെ രാജ്യാതിര്‍ത്തിയിലും ജവാന്മാര്‍ ഉള്‍പ്പടെ നിരവധി പേര്‍ കൊല്ലപ്പെടുന്നു. ഭീകരപ്രവര്‍ത്തനങ്ങളും യുദ്ധസമാനമായ അന്തരീക്ഷവും സംഘര്‍ഷങ്ങളും വര്‍ധിക്കുന്നത് നമ്മെ ഗൗരവമായി ചിന്തിപ്പിക്കണം. ഇത്തരം സംഘര്‍ഷങ്ങളില്‍ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കും ക്രിസ്മസിന്റെ അനുഭവം നുകരാന്‍ അവസരമുണ്ടാണം. ഭീകരപ്രവര്‍ത്തനങ്ങള്‍ എന്നും ക്രിസ്തുവിന്റെ പുല്‍ക്കൂടിനു മുമ്പില്‍ ചോദ്യചിഹ്നമായി നില്‍ക്കുന്നു. ദുഖങ്ങളിലും ദുരിതങ്ങളിലും കാലിത്തൊഴുത്തില്‍ പിറന്ന ക്രിസ്തു സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം പങ്കുവയ്ക്കുന്നുണ്ട്. പരിസ്ഥിതി മലിനീകരണ പ്രശ്‌നങ്ങള്‍ ഇന്നു രൂക്ഷമാവുകയാണ്. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രശ്‌നങ്ങളും പുഴകള്‍ക്കു സംഭവിക്കുന്ന നാശവും നാം മുമ്പത്തേക്കാള്‍ അഭിമുഖീകരിക്കുന്നു. ഈയിടെ ചില മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ നടത്തുന്ന പഠനങ്ങള്‍ സമൂഹത്തിന്റെ കണ്ണുതുറപ്പിക്കുന്നതാണ്. ജൈവപച്ചക്കറി എന്നുപറയുമ്പോഴും മലിനമില്ലാത്ത മണ്ണില്‍നിന്നും ജലസ്രോതസില്‍നിന്നും അവ ഉല്പാദിപ്പിക്കാനാവണം. പ്രകൃതിചൂഷണത്തിനെതിരെ അതിനു കാരണക്കാരാവുന്നവര്‍ മാത്രമല്ല, പൊതുസമൂഹവും മാറിച്ചിന്തിക്കേണ്ടതുണ്ട്. പുഴകളിലേക്കു മാലിന്യമൊഴുക്കുന്നതു ഫാക്ടറികള്‍ നിര്‍ത്തുന്നതിനൊപ്പം ജനവും ഇക്കാര്യത്തില്‍ അവബോധമുള്ളവരാവണം. പൊതു ഇടങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്ന രീതി നിരുത്സാഹപ്പെടുത്തണം. പ്രകൃതിസംരക്ഷണവും ശുചിത്വവും ജീവിതശൈലിയായി മാറുന്ന സംസ്‌കാരം രൂപപ്പെടേണ്ടതുണ്ട്. ഒരു ആകാശത്തിലും ഒരു ഭൂമിയിലുമാണു നാം ജീവിക്കുന്നത്. പരസ്പരമുള്ള പങ്കുവയ്ക്കലിന്റെ മനോഭാവം നാം ഇനിയും വളര്‍ത്തണം. എന്റെ സമ്പാദ്യങ്ങള്‍ എന്റേതു മാത്രമെന്ന സ്വാര്‍ഥതയുടെ ചിന്ത മാറണം. മനുഷ്യരെല്ലാവരെയും ഒന്നായി കാണാനും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും ഭാഷയില്‍ അവരുമായി ഇടപെടാനും എല്ലാവര്‍ക്കും കഴിയേണ്ടതുണ്ടെന്നും മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഓര്‍മിപ്പിച്ചു. സീറോ മലബാര്‍ സഭ മുഖ്യ വക്താവ് റവ.ഡോ. ജിമ്മി പൂച്ചക്കാട്ട്, അതിരൂപത പിആര്‍ഒ റവ.ഡോ. പോള്‍ കരേടന്‍, സഭാവക്താവ് സിജോ പൈനാടത്ത് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-12-23 00:00:00
KeywordsCardinal George Alenchery
Created Date2016-12-23 10:22:40