Content | വത്തിക്കാന്‍: സഭയിലെ നവീകരണം വളര്‍ച്ചയുടെയും മാറ്റത്തിന്‍റെയും മാനസാന്തരത്തിന്‍റെയും പ്രക്രിയയാണെന്നും മാറ്റങ്ങള്‍ സഭാപ്രവര്‍ത്തകരിലും, സഭയുടെ ശുശ്രൂഷകരായ സ്ത്രീകളിലും പുരുഷന്മാരിലും യാഥാര്‍ത്ഥ്യമാകണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. ക്രിസ്തുമസിനോട് അനുബന്ധിച്ച് റോമന്‍ കൂരിയായെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരിന്നു മാര്‍പാപ്പ. ക്രിസ്തുമസ് ആശംസകളോടെയാണ് മാര്‍പാപ്പ തന്റെ സന്ദേശം മാര്‍പാപ്പ ആരംഭിച്ചത്.
"സഭയില്‍ നവീകരണം അനിവാര്യമാണ്. കാരണം, സഭയ്ക്ക് അതിനുള്ളില്‍ തന്നെ ജീവനുണ്ട്. സഭയില്‍ മാറ്റങ്ങളും നവീകരണങ്ങളും പലഘട്ടങ്ങളിലും വന്നിട്ടുണ്ട്. നവീകരണത്തിന് സന്നദ്ധയാകുന്നിടത്തോളം കാലം സഭ ജീവിക്കും. ഒരു പുതിയ നിര്‍ദേശം മുന്നിലേക്ക് വരുമ്പോള്‍ ഒരു വിഭാഗം അതിനെ അനുകൂലിക്കുകയും, മറ്റൊരു വിഭാഗം എതിനെ എതിര്‍ക്കുകയും ചെയ്യുക സ്വാഭാവികമാണ്. എതിര്‍പ്പ് ഉയര്‍ത്തുന്നവരുടെ കൂട്ടത്തില്‍ പല തരത്തിലുള്ള ആളുകളുണ്ട്".
"സത്യസന്ധവും ആത്മാര്‍ത്ഥവുമായ സംഭാഷണങ്ങളിലൂടെ നിര്‍ദേശിക്കപ്പെട്ട മാറ്റങ്ങള്‍ക്കെതിരെയുള്ള തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുന്നവരാണ് ഇതിലെ ആദ്യവിഭാഗം. രണ്ടാമത്തെ വിഭാഗക്കാര്‍ തങ്ങളുടെ മനസിലെ ഭയം മൂലം നിര്‍ദേശിക്കപ്പെട്ട മാറ്റങ്ങളെ രഹസ്യമായി എതിര്‍ക്കുന്നു. എന്നാല്‍ ഇവരെ കൂടാതെ മൂന്നാമത് ഒരു വിഭാഗം കൂടിയുണ്ട്. തങ്ങളുടെ ഉള്ളിലെ വിദ്വേഷം പ്രകടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മാത്രമാണ് ഇവര്‍ നിര്‍ദ്ദേശങ്ങളെ എതിര്‍ക്കുന്നത്". മാര്‍പാപ്പ പറഞ്ഞു.
"നവീകരണം വളര്‍ച്ചയുടെയും മാറ്റത്തിന്‍റെയും മാനസാന്തരത്തിന്‍റെയും പ്രക്രിയയാണ്. മാറ്റങ്ങള്‍ സഭാപ്രവര്‍ത്തകരിലും, സഭയുടെ ശുശ്രൂഷകരായ സ്ത്രീകളിലും പുരുഷന്മാരിലും യാഥാര്‍ത്ഥ്യമാകണം. വ്യക്തികളുടെ മനഃസ്ഥിതിയില്‍ മാറ്റമില്ലെങ്കില്‍, എല്ലാ നവീകരണശ്രമങ്ങളും, വൃഥാവിലാകും. സഭയുടെ മുകളിലുള്ള ചെറിയ ചുളിവുകളെ കുറിച്ച് നാം വിഷമിക്കേണ്ടതില്ല, പക്ഷേ സഭയുടെ പുറത്തു പറ്റുന്ന കറകളുടെ പാടുകളെ കുറിച്ച് നാം ആഴമായി ചിന്തിക്കണം". മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു. |