Content | വിക്ടോറിയ സിറ്റി: പ്രത്യശയുടെ സന്ദേശം പകരുന്ന ബൈബിള്‍ വചനങ്ങള്‍ ആലേഖനം ചെയ്തു കൊണ്ട് യുകെയില്‍ പ്രത്യേക മതില്‍ നിര്‍മ്മിക്കുവാന്‍ ഹോങ്കോംങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാപ്പ് സ്റ്റുഡിയോ തയ്യാറെടുക്കുന്നു. 'ദ ആര്‍ക്കൈവ് ഓഫ് ലൈറ്റ്' എന്നാണ് ബൈബിളിലെ വാക്യങ്ങളും സന്ദേശങ്ങളും ഉള്‍പ്പെടുത്തി തയ്യാറാക്കുന്ന പുതിയ പദ്ധതിക്ക് നല്‍കിയിരിക്കുന്ന പേര്. ആളുകള്‍ക്ക് നടന്നു പോകുവാന്‍ കഴിയുന്ന ബഹുനില തട്ടുകളുള്ള ഗ്ലാസിന്റെ പ്രത്യേക തരം നിര്‍മ്മിതിയാണ് ദ ആര്‍ക്കൈവ് ഓഫ് ലൈറ്റ്.
ഭിത്തികള്‍ നിര്‍മ്മിച്ചിരിക്കുന്ന കട്ടകളില്‍ ബൈബിളിലെ വാക്യങ്ങള്‍ ആലേഖനം ചെയ്തിരിക്കുകയാണ്. ബൈബിളിലെ കഥകളും, പ്രത്യശയുടെ സന്ദേശം പകര്‍ന്നു നല്‍കുന്ന വചനങ്ങളും ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നു. ഇതിലൂടെ നടന്നു പോകുന്നവര്‍ക്ക് ഇവ വായിക്കുവാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. നടക്കുമ്പോള്‍ തന്നെ ദൈവവചനം വായിച്ചുകൊണ്ട് മുന്നോട്ട് നീങ്ങുവാന്‍ കഴിയുന്ന തരത്തിലാണ് ദ ആര്‍ക്കൈവ് ഓഫ് ലൈറ്റിന്റെ നിര്‍മ്മിതി.
ജീവിതത്തില്‍ ബുദ്ധിമുട്ടുകളും, പ്രയാസങ്ങളും, ക്ലേശങ്ങളും നേരിടുമ്പോഴും മനുഷ്യരെ മുന്നോട്ട് നയിക്കുന്നത് പ്രത്യാശയാണെന്നും, ഇതിനാലാണ് പ്രത്യാശയുടെ വലിയ സന്ദേശം പകരുന്ന ബൈബിള്‍ വചനങ്ങള്‍ ഉള്‍പ്പെടുത്തി ദ ആര്‍ക്കൈവ് ഓഫ് ലൈറ്റ് തയ്യാറാക്കുവാന്‍ തീരുമാനിച്ചതെന്നും പദ്ധതിയുടെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. പ്രത്യേക രീതിയില്‍ പ്രകാശ സംവിധാനം ക്രമീകരിച്ചിട്ടുള്ള നിര്‍മ്മിതി കാഴ്ച്ചയില്‍ ആളുകളെ വിസ്മയിപ്പിക്കുമെന്ന കാര്യം ഉറപ്പാണ്.
ഭിത്തികളില്‍ നിരത്തിയിരിക്കുന്ന കട്ടകളിലെ വചനങ്ങള്‍, ആളുകള്‍ അതിന് മുന്നിലേക്കു നടന്നു വരുമ്പോള്‍ പ്രകാശിക്കുന്ന തരത്തിലാണ് ഒരുക്കുന്നത്. ദേവാലയങ്ങളുടെയും ചാപ്പലുകളുടെയും മാതൃകയെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് ദ ആര്‍ക്കൈവ് ഓഫ് ലൈറ്റിന്റെ ഉള്ളിലെ ഗ്ലാസ് നിര്‍മ്മിതികള്‍ എന്ന പ്രത്യേകതയുമുണ്ട്.
ഇരു വശങ്ങളിലേക്കും വളയുകയും, തിരിയുകയും ചെയ്യുന്ന തരത്തിലുള്ള നീളന്‍ നിര്‍മ്മിതിയില്‍ പ്രകാശത്തിന്റെ ക്രമീകരണം പുറത്തു നിന്നു നോക്കുന്നവര്‍ക്ക് ദൃശ്യവിരുന്നായി മാറുമെന്നും നാപ്പ് സ്റ്റുഡിയോ അധികൃതര്‍ പറയുന്നു. ആളുകള്‍ക്ക് നടക്കുവാനും, സൈക്കിളില്‍ സഞ്ചരിക്കുവാനും കഴിയുന്ന തരത്തിലുള്ള പാതകളാണ് ദ ആര്‍ക്കൈവ് ഓഫ് ലൈറ്റില്‍ നിര്‍മ്മിക്കപ്പെടുക. സ്റ്റീല്‍ ഉപയോഗിച്ചാണ് വ്യത്യസ്ഥമായ നിര്‍മ്മിതിയുടെ ഘടന നിര്‍മ്മിക്കുക. |