category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപാക്കിസ്ഥാനിലെ ക്രൈസ്തവര്‍ കരുണയുടെ കാര്യത്തില്‍ ഏറെ മുന്നില്‍: ലാഹോര്‍ ആര്‍ച്ച് ബിഷപ്പ് സെബാസ്റ്റ്യന്‍ ഷാ
Contentലാഹോര്‍: കരുണയുടെ കാര്യത്തില്‍ പാക്കിസ്ഥാനി ക്രൈസ്തവര്‍ ഏറെ മുന്നിലാണെന്നും പോയ വര്‍ഷം രാജ്യത്തെ ക്രൈസ്തവര്‍ക്ക് ദുഃഖവും സന്തോഷവും ഒരുപോലെ ലഭിച്ച വര്‍ഷമായിരുന്നുവെന്നും ലാഹോര്‍ ആര്‍ച്ച് ബിഷപ്പ് സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ് ഷാ. 'എയ്ഡ് ടു ചര്‍ച്ച് ഇന്‍ നീഡ്' എന്ന സംഘടനയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രാജ്യത്തെ ക്രൈസ്തവ സമൂഹത്തെ പറ്റി ആര്‍ച്ച് ബിഷപ്പ് മനസ് തുറന്നത്. കരുണയുടെ ജൂബിലി വര്‍ഷം രാജ്യത്തെ സഭ മികച്ച രീതിയിലാണ് ആചരിച്ചതെന്ന് ആര്‍ച്ച് ബിഷപ്പ് സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ് ഷാ അഭിമുഖത്തില്‍ സൂചിപ്പിച്ചു. ആഗോള സഭയോടൊപ്പം പാക്കിസ്ഥാനിലെ സഭയും ജൂബിലി വര്‍ഷത്തില്‍ വിവിധ തരം കാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. കരുണയുടെ കാര്യത്തില്‍ പാക്കിസ്ഥാനിലെ ക്രൈസ്തവര്‍ യഥാര്‍ത്ഥ ചാമ്പ്യന്മാരാണെന്നു ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. "കരുണയുടെ ജൂബിലി വര്‍ഷത്തിന്റെ ചില നേര്‍സാക്ഷ്യങ്ങള്‍ കഴിഞ്ഞ വര്‍ഷം ഞാന്‍ നേരില്‍ കണ്ടതാണ്. ഒരു വിവാഹം ആശീര്‍വദിക്കുവാന്‍ പോയ ദിനം ഇതെനിക്ക് നേരിട്ട് മനസിലാക്കുവാന്‍ സാധിച്ചു. വിവാഹം നടന്ന വീട്ടിലെ ഒരു മകന്‍, ഈസ്റ്റര്‍ ദിനത്തില്‍ ലാഹോറിലെ പാര്‍ക്കില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ കാരുണ്യത്തിന്റെ ജൂബിലി വര്‍ഷത്തില്‍ അര്‍പ്പിക്കപ്പെട്ട വിശുദ്ധ കുര്‍ബാനകളിലും, മറ്റ് കാരുണ്യ പ്രവര്‍ത്തികളിലും പങ്കെടുത്ത വീട്ടുകാര്‍ക്ക് തങ്ങളുടെ മകനുള്‍പ്പെടെയുള്ളവരെ കൊലപ്പെടുത്തിയ ആ ചാവേറിനോട് ക്ഷമിക്കുവാന്‍ സാധിച്ചതായി വീട്ടുകാര്‍ എന്നോട് പറഞ്ഞു. രാജ്യത്ത് കാരുണ്യപ്രവര്‍ത്തികള്‍ ചെയ്യുവാനും, മറ്റുള്ളവരോട് ക്ഷമിക്കുവാനും വിശ്വാസികള്‍ ഈ മഹാജൂബിലി വര്‍ഷത്തെ ഉപയോഗിച്ചു". ആര്‍ച്ച് ബിഷപ്പ് വിശദീകരിച്ചു. 2016 മാര്‍ച്ച് 27-ാം തീയതി, ഈസ്റ്റര്‍ ദിനത്തില്‍ ലാഹോറിലെ സെന്‍ട്രല്‍ ഗുല്‍ഷാന്‍ ഇക്ബാല്‍ പാര്‍ക്കില്‍ ക്രൈസ്തവരെ ലക്ഷ്യമിട്ട് നടന്ന ചാവേര്‍ ആക്രമണമാണ് പോയ വര്‍ഷം പാക്കിസ്ഥാനിലെ ക്രൈസ്തവരെ നടുക്കിയ സംഭവമെന്ന് ആര്‍ച്ച് ബിഷപ്പ് അഭിമുഖത്തില്‍ പറഞ്ഞു. 78 പേര്‍ കൊല്ലപ്പെട്ട സ്‌ഫോടനത്തില്‍ 300-ല്‍ പരം ആളുകള്‍ക്ക് പരിക്കേറ്റിരുന്നു. ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്ക് ശേഷം നിരവധി ക്രൈസ്തവര്‍ പാര്‍ക്കിലേക്ക് വരുമെന്ന് മുന്‍കൂട്ടി അറിഞ്ഞ ചാവേറാണ് ആക്രമണം നടത്തിയത്. രാജ്യത്തെ ക്രൈസ്തവര്‍ ക്രിസ്തുമസ് ദിനങ്ങളെയും വലിയ ഉത്സാഹത്തോടും, സന്തോഷത്തോടുമാണ് വരവേറ്റതെന്നും അഭിമുഖത്തില്‍ പിതാവ് പറഞ്ഞു. "ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ആക്രമണം രാജ്യത്തെ ക്രൈസ്തവരെ ഒന്നടങ്കം ഞെട്ടിച്ചു. എന്നാല്‍ ഇപ്പോഴത്തെ സ്ഥിതി കുറച്ചു കൂടി മെച്ചപ്പെട്ടതാണ്. ക്രൈസ്തവരുടെ ആഘോഷങ്ങള്‍ നടക്കുമ്പോള്‍ സുരക്ഷാ സംവിധാനങ്ങള്‍ കുറച്ചു കൂടി വര്‍ദ്ധിപ്പിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. ക്രിസ്തുമസ് ദിനങ്ങളില്‍ ഇത് കൂടുതല്‍ പ്രകടമായിരുന്നു. സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നുവെങ്കിലും വിശ്വാസികള്‍ പലരും ഈസ്റ്റര്‍ ദിനത്തില്‍ നടന്ന സംഭവത്തിന്റെ ഞെട്ടലില്‍ നിന്നും വിട്ടുമാറിയിരുന്നില്ല. ഇത്തരം ആശങ്കകളോടെയാണ് പലരും ചടങ്ങുകളില്‍ പങ്കെടുത്തത്". ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. ക്രിസ്തുമസ് ദിനങ്ങളെയാണ് രാജ്യത്തെ ക്രൈസ്തവര്‍ ഏറെ ആഹ്ലാദത്തോടെ വരവേല്‍ക്കുന്നതെന്നും ആര്‍ച്ച് ബിഷപ്പ് അഭിമുഖത്തില്‍ സൂചിപ്പിച്ചു. "പാക്കിസ്ഥാനിലെ ക്രൈസ്തവര്‍ ഡിസംബര്‍ 16-ാം തീയതി മുതല്‍ പ്രത്യേക നൊവേനകള്‍ ചെല്ലിയാണ് ക്രിസ്തുമസ് ദിനങ്ങളെ വരവേല്‍ക്കുന്നത്. വിശ്വാസികള്‍ വീടുകളിലും, തെരുവുകളിലും ക്രിസ്തുമസ് വിളക്കുകള്‍ തൂക്കും. ക്രിസ്തുവിന്റെ വെളിച്ചം ഇരുളടഞ്ഞ മാനവരുടെ വഴികളെ പ്രകാശിപ്പിക്കുവാന്‍ ആവശ്യമാണെന്ന തിരിച്ചറിവില്‍ നിന്നുമാണ് ക്രിസ്തുമസ് ദിനങ്ങളില്‍ വിശ്വാസികള്‍ നക്ഷത്രങ്ങള്‍ ഭവനങ്ങളിലും മറ്റു സ്ഥലങ്ങളിലും ഉയര്‍ത്തുന്നത്". ആര്‍ച്ച് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. പാക്കിസ്ഥാനില്‍ ആകെ ജനസംഖ്യ 190 മില്യനാണ്. ഇസ്ലാം മതരാഷ്ട്രമായ പാക്കിസ്ഥാനില്‍ വെറും രണ്ടു ശതമാനത്തില്‍ താഴെ മാത്രം ക്രൈസ്തവരാണ് വസിക്കുന്നത്. വിശ്വാസത്തില്‍ അതീവ തീഷ്ണതയുള്ള ക്രൈസ്തവരാണ് രാജ്യത്തുള്ളതെന്ന് ആര്‍ച്ച് ബിഷപ്പ് അഭിമുഖത്തില്‍ വ്യക്തമാക്കി. ഇസ്ലാം മതസ്ഥരുമായി മികച്ച ബന്ധമാണ് ക്രൈസ്തവര്‍ പുലര്‍ത്തുന്നതെന്ന് പറഞ്ഞ ആര്‍ച്ച് ബിഷപ്പ്, ഇരുവിഭാഗക്കാരും മതപരമായ ആഘോഷങ്ങളില്‍ പരസ്പരം പങ്കെടുക്കാറുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-01-05 17:45:00
Keywordsപാക്കിസ്ഥാന്‍
Created Date2017-01-05 17:45:46