Content | സാന്‍ അന്റോണിയോ: പതിമൂവായിരത്തില്‍ അധികം കത്തോലിക്ക വിശ്വാസികളായ യുവജനങ്ങള്‍ യേശുവിനെ മഹത്വപ്പെടുത്തുന്നതിനായി ടെക്‌സാസിലെ സാന്‍ അന്റോണിയോയില്‍ ഒത്തുകൂടിയത് ശ്രദ്ധേയമായി. സീക്ക് 2017(#seek2017) എന്ന പേരില്‍ നടന്ന കത്തോലിക്ക യുവജന സമ്മേളനത്തിലാണ് തങ്ങളുടെ ജീവിത നവീകരണത്തിനും ക്രിസ്തുവിനെ മഹത്വപ്പെടുത്താനും യുവജനങ്ങള്‍ ഒത്തുകൂടിയത്. ജനുവരി 3-നു ആരംഭിച്ച സമ്മേളനം ഏഴാം തീയതിയാണ് സമാപിച്ചത്. യുഎസിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുള്ള യുവജനങ്ങളും പരിപാടിയില്‍ പങ്കെടുക്കുവാന്‍ എത്തിയിരുന്നതായി സംഘാടകര്‍ പുറത്തുവിട്ട വിവരങ്ങള്‍ വ്യക്തമാക്കുന്നു.
'ഫോക്കസ്' എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഫെലോഷിപ്പ് ഓഫ് കാത്തലിക് യൂണിവേഴ്‌സിറ്റി സ്റ്റുഡന്‍സ് എന്ന സംഘടനയാണ് പരിപാടി നടത്തിയത്. സ്‌കൂളുകളില്‍ നിന്നും, കമ്യൂണിറ്റി കോളേജുകളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ സീക്ക് 2017-ല്‍ പങ്കെടുക്കുന്നതിനായി എത്തിയിരുന്നു. തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബാനറിന്റെ പിന്നിലായി യുവജനത അണിനിരന്നു. വര്‍ഷത്തില്‍ രണ്ടു തവണയാണ് ഇത്തരത്തിലുള്ള വലിയ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുക. യേശുവിനെ മഹത്വപ്പെടുത്തി ആരാധനയിലും പ്രാര്‍ത്ഥനകളിലും പങ്കെടുത്ത യുവജനങ്ങള്‍ കുമ്പസാരവും നടത്തി.
യുവാക്കളോടൊന്നിച്ചുള്ള തന്റെ ആദ്യത്തെ ക്യാമ്പ് ഏറെ സന്തോഷകരവും, പ്രാര്‍ത്ഥനാനിരതവും ആയിരുന്നുവെന്നും അടുത്ത വര്‍ഷത്തെ പരിപാടിക്കായി താന്‍ കാത്തിരിക്കുകയാണെന്നും ഫാദര്‍ മൈക്കിള്‍ ഡുഫി എന്ന വൈദികന്‍ പറഞ്ഞു. "ഗാനങ്ങളും ആരാധനയും യുവജനങ്ങളുടെ ഹൃദയങ്ങളെ ആഴമായി സ്വാധീനിച്ചു. തങ്ങളുടെ മനസ് തുറന്നാണ് ഒരോരുത്തരും ദൈവത്തെ ആരാധിച്ചത്. ഈ സന്തോഷം അവരുടെ മുഖങ്ങളില്‍ നിന്നും തന്നെ വ്യക്തമായിരുന്നു. ആത്മീയ തലത്തിലുള്ള ഈ പ്രത്യേക അനുഭവത്തെ വ്യക്തിപരമായി എനിക്ക് തന്നെ അറിയുവാന്‍ കഴിഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്കും, ക്യാമ്പിന് നേതൃത്വം നല്‍കിയ നേതാക്കന്‍മാര്‍ക്കും, വൈദികര്‍ക്കും പ്രത്യേക ഊര്‍ജമാണ് ക്യാമ്പ് പകര്‍ന്നു നല്‍കിയത്".
"രണ്ടു മണിക്കൂര്‍ വരെ നീണ്ടു നിന്ന കുമ്പസാരം കേള്‍ക്കുവാന്‍ എനിക്ക് സാധിച്ചു. ഉള്ളുതുറന്നുള്ള ഇത്തരം കുമ്പസാരങ്ങളാണ് ക്യാമ്പില്‍ പങ്കെടുത്ത യുവാക്കളില്‍ ഭൂരിഭാഗവും നടത്തിയത്. 300-ല്‍ അധികം വൈദികരാണ് കുമ്പസാരകൂടുകളില്‍ അനുരഞ്ജന കൂദാശ നല്‍കിയത്. ദിവ്യകാരുണ്യ ആരാധനയും, പ്രദക്ഷിണവും ദിവസത്തില്‍ പലപ്പോഴായി നടത്തപ്പെട്ടു. ക്യാമ്പിലെ വിവിധ ആരാധനകളും, പഠനങ്ങളും എല്ലാം തങ്ങളുടെ പാപ കറകളെ കഴുകി ശുദ്ധീകരിക്കുവാനുള്ള അവസരമായി യുവാക്കള്‍ മാറ്റിയെടുത്തു". ഫാദര്‍ മൈക്കിള്‍ ഡുഫി പറഞ്ഞു.
തങ്ങളുടെ സ്ഥലങ്ങളില്‍ ക്രിസ്തുവിന്റെ നല്ല സാക്ഷികളായി ജീവിക്കുവാനുള്ള തീരുമാനത്തോടെയാണ് ഓരോ യുവതീ യുവാക്കളും മടങ്ങുന്നതെന്നും ഫാദര്‍ മൈക്കിള്‍ ഡുഫി പറഞ്ഞു. ക്യാമ്പില്‍ പങ്കെടുത്ത യുവജനങ്ങള്‍ പൗരോഹിത്യ, സന്യസ്ഥ ജീവിതത്തെ കുറിച്ച് ഗൗരവത്തോടെ ആലോചിക്കുന്നതിനു സീക്ക് 2017 വഴിയൊരുക്കിയതായി വിലയിരുത്തപ്പെടുന്നു. നിരവധി കന്യാസ്ത്രീകളും, ശുശ്രൂഷാ ജീവിതം നയിക്കുന്നവരും ക്യാമ്പില്‍ പങ്കെടുക്കുന്നതിനായി യുവജനങ്ങളോടൊപ്പം എത്തിയിരുന്നു. യുവജനങ്ങളുടെ ആത്മീയവും, മാനസീകവുമായ ഉണര്‍വ്വിന് ക്യാമ്പ് ഏറെ പ്രയോജനം ചെയ്തതായി സംഘാടകര്‍ പറഞ്ഞു.
|