Content | മനില: ജനുവരി മാസം ദേശീയ ബൈബിള്‍ മാസമായി ആചരിക്കാന്‍ ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേര്‍ട്ട് ഉത്തരവിട്ടു. രാജ്യത്തിന്റെ പുരോഗതിക്കു വേണ്ടിയും, സാമൂഹിക ഉന്നമനത്തിനു വേണ്ടിയും പ്രവര്‍ത്തിച്ച മഹാന്‍മാരുടെ ജീവിതത്തില്‍ ബൈബിള്‍ ശക്തമായ സ്വാധീനം ചെലുത്തിയെന്നും, മറ്റു പൗരന്‍മാരിലേക്ക് ബൈബിള്‍ സന്ദേശത്തെ പകര്‍ന്നു നല്‍കുക എന്നതാണ് ഇത്തരമൊരു നടപടിയിലൂടെ ലക്ഷ്യമിടുന്നതെന്നും പ്രസിഡന്‍റ് ഉത്തരവില്‍ വ്യക്തമാക്കി.
ജനുവരി മാസത്തിലെ അവസാനത്തെ ആഴ്ച ഇനി മുതല്‍ രാജ്യത്ത് ദേശീയ ബൈബിള്‍ വാരമായി ആഘോഷിക്കണമെന്നും പ്രസിഡന്റിന്റെ ഉത്തരവില്‍ പറയുന്നുണ്ട്. ഇക്കഴിഞ്ഞ അഞ്ചാം തീയതിയാണ് ഇതുസംബന്ധിക്കുന്ന തീരുമാനം തന്റെ 124-ാം നമ്പര്‍ പ്രഖ്യാപനമായി റോഡ്രിഗോ ഡ്യൂട്ടേര്‍ട്ട് പുറപ്പെടുവിച്ചത്. കഴിഞ്ഞ ദിവസമാണ് ഉത്തരവിന്റെ പകര്‍പ്പ് സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയത്.
ക്രൈസ്തവ വിശ്വാസം രാജ്യത്തെ പൗരന്‍മാരില്‍ ശക്തമായ സ്വാധീനമാണ് ഉണ്ടാക്കുന്നതെന്ന തിരിച്ചറിവാണ് ഡ്രൂട്ടേര്‍ട്ടിന്റെ തീരുമാനത്തിന് പിന്നിലെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. ഇതിന് മുമ്പ് കത്തോലിക്ക സഭയ്‌ക്കെതിരെ പരസ്യമായി പലപ്പോഴും രംഗത്തുവന്നിട്ടുള്ള വ്യക്തിയാണ് ഡ്യൂട്ടേര്‍ട്ട്. കപടവേഷധാരികളാണ് സഭയിലുള്ളതെന്നും, മതവിശ്വാസത്തില്‍ നിന്നും പൗരന്‍മാര്‍ അകന്നു നില്‍ക്കണമെന്നും ഡ്യൂട്ടേര്‍ട്ട് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പറഞ്ഞിരുന്നു.
ഇത്തരത്തില്‍ വിവാദങ്ങള്‍ പലപ്പോഴും ഉണ്ടാക്കിയിട്ടുള്ള റോഡ്രിഗോ ഡ്യൂട്ടേര്‍ട്ടിന്റെ ഭാഗത്തു നിന്നും ഉണ്ടാക്കിയിരിക്കുന്ന നടപടി രാജ്യത്തെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ദൈവ വചനത്തെ ധ്യാനിക്കുന്നതിനായി ഒരു പൊതുഅവധി നല്‍കി രാജ്യം പ്രത്യേകമായി ബൈബിള്‍ ദിനം ആഘോഷിക്കണമെന്നു ലോകപ്രശസ്ത ബോക്‌സിംഗ് താരം മാനി പക്വിയാവോ നേരത്തെ ആവശ്യപ്പെട്ടിരിന്നു. |