Content | വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അപ്പോസ്‌ത്തോലിക പ്രബോധനമായ 'അമോരിസ് ലെത്തീസിയ', വിവാഹത്തെ സംബന്ധിച്ച് കത്തോലിക്ക സഭ രണ്ടായിരം വര്‍ഷമായി പിന്‍തുടര്‍ന്നു പോരുന്ന പഠിപ്പിക്കലുകളില്‍ യാതൊരു വ്യത്യാസവും വരുത്തിയിട്ടില്ലെന്നു കര്‍ദിനാള്‍ ജെറാള്‍ഡ് മുള്ളര്‍. വിശ്വാസ സംരക്ഷണത്തിനുള്ള വത്തിക്കാന്‍ സമിതിയുടെ അധ്യക്ഷനാണ് കര്‍ദിനാള്‍ ജെറാള്‍ഡ് മുള്ളര്‍. അപ്പോസ്‌ത്തോലിക പ്രബോധനത്തെ സംബന്ധിച്ച് സംശയങ്ങള്‍ ഉയര്‍ത്തിയ നാലു കര്‍ദിനാളുമാരുടെ നടപടിയേയും കര്‍ദിനാള്‍ ജെറാള്‍ഡ് മുള്ളര്‍ വിമര്‍ശിച്ചു. ഈ മാസം എട്ടാം തീയതി ഇറ്റാലിയന്‍ ടെലിവിഷന്‍ ചാനലായ ടിജികോം24 (Tgcom24) നു നല്‍കിയ അഭിമുഖത്തിലാണ് കര്‍ദിനാള്‍ ജെറാള്‍ഡ് മുള്ളര്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.
"കത്തോലിക്ക സഭയുടെ നടപടികള്‍ പ്രകാരം മാര്‍പാപ്പമാര്‍ പുറപ്പെടുവിക്കുന്ന രേഖകളെ സംബന്ധിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കുവാന്‍ കര്‍ദിനാളുമാര്‍ക്ക് കഴിയും. ഇതില്‍ യാതൊരു തെറ്റുമില്ല. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യം ഇതില്‍ നിന്നും വിഭിന്നമാണ്. നാലു കര്‍ദിനാളുമാരും സമര്‍പ്പിച്ചിട്ടുള്ള ചോദ്യങ്ങളില്‍, ശരിയാണോ തെറ്റാണോ എന്നതരത്തില്‍ മാത്രം മാര്‍പാപ്പയ്ക്ക് ഉത്തരം നല്‍കുവാന്‍ സാധിക്കുന്ന രീതിയിലെ ഡുബിയ (ചോദ്യങ്ങള്‍) മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്".
"കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മാസത്തില്‍ ഇവര്‍ സമര്‍പ്പിച്ച ഡുബിയകള്‍ക്ക് പരിശുദ്ധ പിതാവ് മറുപടി നല്‍കിയിരുന്നില്ല. ഇതെ തുടര്‍ന്ന് നവംബര്‍ മാസത്തില്‍ നാലു കര്‍ദിനാളുമാരും തങ്ങള്‍ പാപ്പയോട് ഉന്നയിച്ച ചോദ്യങ്ങള്‍ സഭയുടെ മുന്നില്‍ പരസ്യപ്പെടുത്തുകയും ചെയ്തിരുന്നു. ഈ വിഷയത്തില്‍ നാലു കര്‍ദിനാളുമാരും സ്വീകരിച്ച നടപടികള്‍ തെറ്റാണെന്ന് ഞാന്‍ കരുതുന്നു. മാര്‍പാപ്പയെ തിരുത്തുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. വിശ്വാസവുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള പ്രശ്‌നവും ഇപ്പോള്‍ സഭ നേരിടുന്നില്ല". കര്‍ദിനാള്‍ ജെറാള്‍ഡ് മുള്ളര്‍ വിശദീകരിച്ചു.
വിവാഹ ബന്ധത്തില്‍ നിന്നും ഒഴിഞ്ഞ്, ഒരുമിച്ച് താമസിക്കുന്നവരെ സഭയുടെ പഠിപ്പിക്കലുകള്‍ പ്രകാരം തിരുത്തി, സഭയോട് ചേര്‍ത്ത് നിര്‍ത്തണമെന്ന നിര്‍ദേശമാണ് പരിശുദ്ധ പിതാവ് തന്റെ അപ്പോസ്‌ത്തോലിക പ്രബോധനത്തിലൂടെ നല്‍കുന്നതെന്നും കര്‍ദിനാള്‍ ജെറാള്‍ഡ് മുള്ളര്‍ ചൂണ്ടികാണിക്കുന്നു. കര്‍ശനമായ അച്ചടക്കവും, വിശ്വാസവും നിര്‍ദേശിക്കുന്ന രേഖ തന്നെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ പുറപ്പെടുവിച്ചിട്ടുള്ള അമോരിസ് ലെത്തീസിയ എന്നും കര്‍ദിനാള്‍ ജെറാള്‍ഡ് മുള്ളര്‍ പറഞ്ഞു.
|