Content | കൊച്ചി: സഭയുടെ വിദ്യാഭ്യാസരംഗത്തെ സേവനങ്ങളെ സര്‍ക്കാരുകള്‍ കൂടുതല്‍ ഗൗരവമായി കാണേണ്ടതുണ്ടെന്നു സീറോ മലബാര്‍ സഭ സിനഡ് അഭിപ്രായപ്പെട്ടു. എയ്ഡഡ് വിദ്യാഭ്യാസ മേഖലയില്‍ സഭ നിര്‍വഹിച്ചുവരുന്ന സേവനങ്ങള്‍ തുറന്ന മനസോടെ കാണാന്‍ സര്‍ക്കാരുകള്‍ക്കു സാധിക്കണം.
ക്രൈസ്തവ സമൂഹത്തിന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ഭാരതസമൂഹത്തില്‍ വിപ്ലവാത്മകമായ മാറ്റങ്ങള്‍ക്കു തിരിതെളിച്ചിട്ടുണ്ട്. സാമൂഹികമായും സാംസ്‌കാരികമായും താഴേക്കിടയിലും ചേരികളിലും ജീവിക്കുന്നവര്‍ക്കു അക്ഷരജ്ഞാനം പകര്‍ന്നുനല്‍കിയ പാരമ്പര്യമാണു സഭ ഇന്നും തുടരുന്നത്.
യുവജനങ്ങളെ സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും സേവനത്തിനായി ഒരുക്കുന്ന സ്ഥാപനങ്ങളുമായി സര്‍ക്കാര്‍ സഹകരണ മനോഭാവത്തോടെ പെരുമാറണം. വ്യത്യസ്തമായ തത്വശാസ്ത്രങ്ങളുടെയും നിലപാടുകളുടെയും പേരില്‍ സര്‍ക്കാരുകള്‍ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു തുടര്‍ച്ചയായി ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നത് അംഗീകരിക്കാനാവില്ല.
മനുഷ്യരെയും പ്രകൃതിയെയും സംരക്ഷിക്കാനും പരിപോഷിപ്പിക്കാനുമുള്ള ഉത്തരവാദിത്വവും ബോധ്യങ്ങളും പുതിയ തലമുറയ്ക്കു കൈമാറാന്‍ സഭ പ്രതിജ്ഞാബദ്ധമാണ്. ഈ രംഗത്തു സഭ നിര്‍വഹിച്ചുവരുന്ന പ്രവര്‍ത്തനങ്ങളുട തുടര്‍ച്ചയായി വിദ്യാഭ്യാസ പാരിസ്ഥിതിക മേഖലകളെ സംബന്ധിച്ച കൈപ്പുസ്തകം പ്രസിദ്ധീകരിക്കാനും കാക്കനാട് മൗണ്ട് സെന്റ് തോമസ് നടന്നുവരുന്ന സിനഡ് തീരുമാനിച്ചു. |