category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമുന്നൂറില്‍ അധികം വര്‍ഷം പഴക്കമുള്ള ചെന്നൈയിലെ അര്‍മേനിയന്‍ ദേവാലയം നാശത്തിന്റെ വക്കില്‍; ചരിത്രപ്രാധാന്യമുള്ള ദേവാലയത്തെ അവഗണിച്ച് അധികൃതര്‍
Contentചെന്നൈ: മുന്നൂറ് വര്‍ഷത്തില്‍ അധികം പഴക്കമുള്ള ചെന്നൈയിലെ അര്‍മേനിയന്‍ ദേവാലയം നാശത്തിന്റെ വക്കില്‍. പുരാതന കാലത്തിന്റെ തനിമ വിളിച്ചോതുന്ന ദേവാലയത്തിന്റെ ചരിത്ര പ്രാധാന്യം കണക്കിലെടുത്ത് സംരക്ഷിക്കുവാന്‍ അധികാരികള്‍ ആരും തന്നെ മുന്നോട്ട് വന്നിട്ടില്ലെന്ന് 'ടൈംസ് ഓഫ് ഇന്ത്യ' ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഏറെ പ്രത്യേകതകളുള്ള മണിഗോപുരവും, പള്ളിമണികളും അറ്റകുറ്റപണികള്‍ നടത്താത്തതിനെ തുടര്‍ന്ന് തകര്‍ച്ചയുടെ വക്കിലാണ്. 1712-ല്‍ സ്ഥാപിതമായ ദേവാലയത്തില്‍ ഏറെ നാളായി ക്രിസ്തുമസ് ദിനത്തില്‍ മാത്രമാണ് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാറുള്ളത്. 26 ഇഞ്ച് വീതിയിലുള്ള മണികളാണ് ദേവാലയത്തില്‍ സ്ഥാപിച്ചിരിക്കുന്നത്. ആറു മണികള്‍ നിറഞ്ഞ പ്രത്യേക മണിഗോപുരത്തിലെ ആദ്യത്തെ മണി 1754-ല്‍ ആണ് ഇവിടെയ്ക്ക് എത്തിച്ചത്. അടുത്ത രണ്ടു മണികള്‍ ഒരു നൂറ്റാണ്ടിന് ശേഷം, 1837-ല്‍ ലണ്ടനില്‍ നിന്നും കപ്പലില്‍ കൊണ്ടുവന്നതാണ്. 'തോമസ് മിയേഴ്‌സ്, ഫൗണ്ടര്‍, ലണ്ടന്‍' എന്ന പ്രത്യേക മുദ്രണം മണികളില്‍ ഇപ്പോഴും മായാതെ കിടക്കുന്നു. 150-ല്‍ അധികം കിലോഗ്രാം ഭാരമുള്ള ഈ മണികള്‍ സ്ഥാപിച്ചിരിക്കുന്ന ഗോപുരത്തിലേക്ക് കയറുന്ന പടികള്‍ ദ്രവിച്ച അവസ്ഥയിലാണ്. അതേ സമയം ദേവാലയത്തിന്റെ പ്രാധാന്യമറിയുന്ന നിരവധി സന്ദര്‍ശകര്‍ ഇവിടേയ്ക്ക് എത്തുന്നുണ്ട്. ദേവാലയത്തിന്റെ പലഭാഗങ്ങളും അപകടാവസ്ഥയിലായതിനാല്‍ മിക്ക സ്ഥലങ്ങളിലേക്കുമുള്ള പ്രവേശനം നിയന്ത്രിച്ചിരിക്കുകയാണ്. കൊല്‍ക്കത്തയിലെ അര്‍മേനിയന്‍ അപ്പോസ്‌ത്തോലിക് ദേവാലയത്തില്‍ നിന്നും ക്രിസ്തുമസ് ദിനത്തില്‍ എത്തുന്ന പുരോഹിതരാണ് ചെന്നൈയിലെ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നത്. കാലങ്ങളായി ഈ ദേവാലയത്തില്‍ ക്രിസ്തുമസിന് മാത്രമാണ് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടുന്നത്. ഭാരതത്തില്‍ ഇംഗ്ലീഷില്‍ അല്ലാതെ മറ്റൊരു വിദേശഭാഷയില്‍ ആദ്യമായി പുറത്തുവന്ന പത്രമായ അസ്ഡരാറിന്റെ (Azdarar) സ്ഥാപകനായ ഫാദര്‍ ഹരൂട്ടിയൂണ്‍ ഷമവേന്യന്റെ കല്ലറയും ഈ ദേവാലയത്തില്‍ തന്നെയാണ് സ്ഥിതി ചെയ്യുന്നത്. അര്‍മേനിയന്‍ ഭാഷയില്‍ മദ്രാസ് പ്രസിഡന്‍സിയില്‍ നിന്നും അച്ചടിച്ചിരുന്ന പത്രം ചരിത്രത്തിന്റെ ഭാഗമാണ്. വിവിധ സംസ്‌കാരങ്ങളുടെയും വിശ്വാസങ്ങളുടെയും ഇടമായ ചെന്നൈയില്‍ ചരിത്രപ്രാധാന്യം അര്‍ഹിക്കുന്ന നിരവധി ദേവാലയങ്ങള്‍ സ്ഥിതി ചെയ്യുന്നു. ഇത്തരമൊരു പ്രദേശത്താണ് 304 വര്‍ഷം പഴക്കമുള്ള, ചരിത്രപ്രാധാന്യം അര്‍ഹിക്കുന്ന അര്‍മേനിയന്‍ ദേവാലയം സംരക്ഷിക്കുവാന്‍ അധികൃതര്‍ തയാറാകാത്തതിനെ തുടര്‍ന്നു അനുനിമിഷം നശിച്ചുകൊണ്ടിരിക്കുന്നത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-01-13 15:41:00
Keywordsചെന്നൈ
Created Date2017-01-13 15:42:09