category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingദേവാലയത്തിനുള്ളില്‍ ഫ്ലവര്‍ ഗേള്‍സിനു സ്ഥാനമില്ല: ശ്രദ്ധേയ നിര്‍ദേശങ്ങളുമായി മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലിന്റെ സര്‍ക്കുലര്‍
Contentതാമരശ്ശേരി: ദേവാലയങ്ങളിൽ നടക്കുന്ന വിവാഹ ആഘോഷം ആധ്യാത്മിക ചൈതന്യം നഷ്ടപ്പെടുന്ന രീതിയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്നും കൂദാശകളുടെ വിശുദ്ധി നഷ്ട്ടപ്പെടാതിരിക്കുവാന്‍ ശ്രദ്ധിക്കണമെന്നും താമരശ്ശേരി രൂപതാദ്ധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. താമരശേരി രൂപതയുടെ രണ്ടാമത് എപ്പാർക്കിയൽ അസംബ്ലിയുടെ നിർദേശങ്ങളുടെ പശ്ചാത്തലത്തിൽ പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് ബിഷപ്പിന്റെ പരാമര്‍ശം. വിവാഹത്തിന് ദമ്പതികളോടൊപ്പം വരുന്ന ഫ്ലവര്‍ ഗേള്‍സിന് ദേവാലയത്തില്‍ സ്ഥാനമില്ലായെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. "നമ്മുടെ ദൈവാലയങ്ങളിൽ നടക്കുന്ന വിവാഹ ആഘോഷം ആധ്യാത്മിക ചൈതന്യം നഷ്ടപ്പെടുന്ന രീതിയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ദൈവാലയത്തിൽ നടക്കുന്നത് വിവാഹമെന്ന കൂദാശയുടെ പരികർമവും വിശുദ്ധ കുർബാനയർപ്പണവുമാണ്. ഇത് ഒരു ‘ഇവന്റ്’ അല്ല. അതിനാൽ അത് മാനേജ് ചെയ്യാൻ വൈദികർക്കും ദൈവാലയ ശുശ്രൂഷികൾക്കും പുറമെ വിദഗ്ധ ടീമിന്റെ ആവശ്യമില്ല. വധുവിന്റെ വസ്ത്രധാരണം നമ്മുടെ സംസ്‌കാരത്തിനിണങ്ങുന്നതായിരിക്കണം. ‘ബ്രൈഡ് മെയ്ഡ്‌സ്’, ‘ഫ്‌ളവർ ഗേൾസ്’ എന്ന പേരുകളിൽ അറിയപ്പെടുന്ന പ്രത്യേക വസ്ത്രം ധരിച്ചെത്തുന്ന ഗ്രൂപ്പുകൾക്ക് ദൈവാലയത്തിനുള്ളിൽ വധൂവരന്മാരുടെ സമീപം യാതൊരു സ്ഥാനവും ഉണ്ടായിരിക്കരുത്. ദൈവാലയത്തിന്റെ പരിശുദ്ധിയും കൂദാശകളുടെ വിശുദ്ധിയും നഷ്ടപ്പെടാതിരിക്കാൻ എല്ലാവരും പരിശ്രമിക്കണം." സര്‍ക്കുലറില്‍ പറയുന്നു. മൊബൈൽ ഫ്രീസറിൽ മൃതദേഹം വച്ച് സംസ്‌കാരശുശ്രൂഷകൾ നീട്ടിക്കൊണ്ടുപോകുന്ന പ്രവണത ശരിയല്ലായെന്നും ഒരു വ്യക്തി മരണമടഞ്ഞാൽ പരമാവധി 24 മണിക്കൂറിനുള്ളിൽ മൃതസംസ്‌കാരം നടത്താന്‍ ശ്രമിക്കണമെന്നും സര്‍ക്കുലറില്‍ ആഹ്വാനമുണ്ട്. "ഒരു വ്യക്തി മരണമടഞ്ഞാൽ പരമാവധി 24 മണിക്കൂറിനുള്ളിൽ മൃതസംസ്‌കാരം നടത്തിയിരിക്കണം എന്ന് അസംബ്ലിയിൽ തീരുമാനിക്കുകയുണ്ടായി. നമുക്ക് ചുറ്റുമുള്ള അക്രൈസ്തവർ നമ്മൾ ചെയ്യുന്ന നല്ല കാര്യം അനുകരിക്കുന്നതുപോലെതന്നെ അവരെ ഇക്കാര്യത്തിൽ മാതൃകയാക്കാൻ, അവരിൽനിന്ന് പഠിക്കാൻ കഴിയണം". "മക്കളും പ്രിയപ്പെട്ടവരും എത്തിച്ചേരാത്ത സാഹചര്യത്തിൽ അതിനനുസരിച്ച് സ്വതന്ത്രമായി മൃതസംസ്കാരം സമയം നിശ്ചയിക്കാവുന്നതാണ്. എന്നാൽ മൊബൈൽ ഫ്രീസറിൽ മൃതദേഹം വച്ച് നിസാരകാരണങ്ങൾ പറഞ്ഞ് സംസ്‌കാരശുശ്രൂഷകൾ നീട്ടിക്കൊണ്ടുപോകുന്ന പ്രവണത വർധിച്ചുവരുന്ന സാഹചര്യത്തിലാണ് അസംബ്ലിയുടെ ഈ തീരുമാനം. ഒരു വ്യക്തി മരണകരമായ രോഗാവസ്ഥയിൽ പ്രവേശിക്കുന്ന സമയം മുതൽ മരണവും മരണാനന്തരകർമങ്ങളും ഏറ്റെടുത്തു നടത്തുവാൻ കുടുംബകൂട്ടായ്മയിലെ അംഗങ്ങൾ മുൻകൈയെടുക്കണം. സാധിക്കുന്നിടത്തോളം ഇടവകാംഗങ്ങൾ മൃതസംസ്‌കാര ശുശ്രൂഷയിൽ പങ്കെടുക്കണം." ആൺകുട്ടികൾ 25 വയസിനുമുമ്പും പെൺകുട്ടികൾ 23 വയസിനുമുമ്പും വിവാഹം കഴിക്കണമെന്ന അസംബ്ലിയുടെ തീരുമാനം രൂപതയിൽ നിയമമായിത്തന്നെ സ്വീകരിക്കണമെന്ന് സര്‍ക്കുലറിലൂടെ ബിഷപ്പ് അഭ്യര്‍ത്ഥിക്കുന്നു. "വിവാഹിതരായതിനുശേഷവും പഠനവും ജോലിയും തുടർന്നുകൊണ്ടുപോകുവാൻ സാധിക്കുമെന്ന് നമുക്ക് ചുറ്റുമുള്ള പൊതുസമൂഹത്തിലേക്ക് കണ്ണോടിച്ചാൽ മനസിലാക്കാൻ കഴിയും. ഇക്കാര്യത്തിൽ മാതാപിതാക്കളും യുവജനങ്ങളുമാണ് സഹകരിക്കേണ്ടത്. വൈകിയ പ്രായത്തിൽ കല്യാണം കഴിക്കുന്നത് ദമ്പതികളുടെ ബന്ധത്തിലും മക്കളുടെ ജനനത്തിലും വളർച്ചയിലും കുടുംബസംവിധാനങ്ങൾ രൂപപ്പെടുത്തുന്നതിലും വിപരീത സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകും". "ഭാവി സുരക്ഷിതമാക്കിയിട്ട് വിവാഹിതരാകാം എന്ന ചിന്തയിൽ നിന്നുമാറി വിവാഹം കഴിച്ച് രണ്ടുപേരുമൊരുമിച്ച് ഭാവി കെട്ടിപ്പടുക്കാം എന്ന മുൻ തലമുറകളുടെ പാരമ്പര്യത്തിലേക്കും കാഴ്ചപ്പാടിലേക്കും നമ്മൾ തിരികെ പോകണം. വിവാഹം നീട്ടിവയ്ക്കുന്നതുകൊണ്ട് എന്താണ് സംഭവിക്കുന്നത്? അവിവാഹിതരുടെ എണ്ണം, പ്രത്യേകിച്ച് ആൺകുട്ടികളുടെ എണ്ണം വർധിച്ചുവരുന്നു. ആൺകുട്ടികൾ 25 വയസിനുമുമ്പും പെൺകുട്ടികൾ 23 വയസിനുമുമ്പും വിവാഹം കഴിക്കണമെന്ന അസംബ്ലിയുടെ തീരുമാനം നമ്മുടെ രൂപതയിൽ നിയമമായിത്തന്നെ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു". സര്‍ക്കുലറില്‍ പറയുന്നു. "കുടുംബങ്ങളിലും ഇടവക-രൂപത തലങ്ങളിലും നടക്കുന്ന വിവിധ ആഘോഷങ്ങൾ ലളിതവും ക്രൈസ്തവ ചൈതന്യത്തിന് ചേർന്നതുമായിരിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദ്ദേശമുണ്ട്. തിരുനാളുകളില്‍ ദൈവാലയന്തരീക്ഷത്തിന് ചേരുന്ന രീതിയിലുള്ള വാദ്യമേളങ്ങളായിരിക്കണം ഉപയോഗിക്കേണ്ടത്. വിവിധ ആഘോഷങ്ങൾ ഭവനങ്ങളിൽ നടത്തുമ്പോഴും മരണവീടുകളിൽപോലും മദ്യം ഇന്ന് അവശ്യവസ്തുവായി മാറിയിരിക്കുന്നുവെന്നത് അതീവ ഉത്ക്കണ്ഠയോടെയാണ് നോക്കിക്കണ്ടത്. കുടുംബത്തെയും സമൂഹത്തെയും നശിപ്പിക്കുന്ന ഇത്തരം തിന്മകളിൽനിന്ന് ക്രൈസ്തവ സാക്ഷ്യം ഉയർത്തിപ്പിടിച്ച് പിന്മാറുവാൻ എല്ലാവരും തയാറാകണം". ബിഷപ്പ് സര്‍ക്കുലറില്‍ വ്യക്തമാക്കി.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-01-13 15:55:00
Keywordsമാർ റെമീജിയോസ് ഇഞ്ചനാനിയിൽ
Created Date2017-01-13 15:56:40