Content | എഡിന്‍ബര്‍ഗ്: യേശുക്രിസ്തു ദൈവപുത്രനും, ഏക രക്ഷകനാണെന്നുമുള്ള മാറ്റമില്ലാത്ത സത്യം ബൈബിൾ പഠിപ്പിക്കുമ്പോൾ, അതിനു വിരുദ്ധമായി, യേശുക്രിസ്തുവിന്റെ ദൈവത്വത്തെ നിഷേധിക്കുന്ന ഖുറാനിലെ തെറ്റായ ഭാഗങ്ങൾ യുകെയിലെ ക്രൈസ്തവ ദേവാലയത്തിൽ വായിച്ച നടപടിക്കെതിരെ പ്രതിഷേധം വ്യാപിക്കുന്നു. സ്‌കോട്ട്‌ലെന്‍ഡിലെ ആംഗ്ലിക്കന്‍ സഭയുടെ നിയന്ത്രണത്തിലുള്ള സെന്റ് മേരീസ് എപ്പിസ്‌ക്കോപ്പല്‍ കത്തീഡ്രല്‍ ദേവാലയത്തിലാണ് അറബി ഭാഷയിലെ ഖുറാന്‍ വാക്യങ്ങള്‍ ഒരു മുസ്ലീം വനിത പലവട്ടം ആവര്‍ത്തിച്ച് വായിച്ചത്.
കഴിഞ്ഞ ദനഹ തിരുന്നാള്‍ ദിനത്തിലാണ് സംഭവം നടന്നത്. തിരുന്നാള്‍ ദിനത്തിലെ ആരാധന മധ്യേയാണ് ദേവാലയത്തിൽ വച്ചു ഖുറാൻ വായിച്ചത്. ബൈബിളിന്റെ സത്യപ്രബോധനങ്ങൾക്ക് നേരെ എതിരാണ് ഖുറാനിലെ ഈ വാക്യങ്ങള്‍. നടപടിയെ ന്യായീകരിക്കുന്ന തരത്തിലാണ് കത്തീഡ്രല്‍ തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ഇട്ടിരിക്കുന്നത്. മുസ്ലീങ്ങളും യേശുക്രിസ്തുവിന്റെ മനുഷ്യാവതാരത്തില്‍ വിശ്വസിക്കുന്നുണ്ടെന്ന് ഇതിലൂടെ തെളിഞ്ഞിരിക്കുകയാണെന്ന് പരിപാടിയുടെ സംഘാടകര്‍ പറയുന്നു. റോച്ചെസ്‌റ്റെര്‍ ആംഗ്ലീക്കന്‍ രൂപതയുടെ മുന്‍ ബിഷപ്പ് മൈക്കിള്‍ നാസിര്‍ അലി സംഭവത്തെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തു വന്നിട്ടുണ്ട്.
"സ്‌കോട്ട്‌ലെന്‍ഡ് എപ്പിസ്‌ക്കോപ്പല്‍ സഭയുടെ അധികാരികള്‍ സത്യവിരുദ്ധമായ ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കുന്ന ദേവാലയത്തിന്റെ നടപടിക്ക് എതിരെ രംഗത്തു വരണം. ഇവന്‍ എന്റെ പ്രിയ പുത്രനാണെന്ന് ക്രിസ്തുവിന്റെ ജ്ഞാനസ്‌നാന വേളയില്‍ സ്വര്‍ഗത്തില്‍ നിന്നും തന്നെ അരുളപ്പാട് ഉണ്ടാകുന്നുണ്ട്. സഭയുടെ എല്ലാ പഠിപ്പിക്കലുകളേയും ലംഘിക്കുന്ന കാര്യങ്ങളാണ് ഖുറാനിലൂടെ ദേവാലയത്തില്‍ വായിക്കപ്പെട്ടത്. ഇത് ക്രിസ്തുവിനെ അപമാനിക്കുവാന്‍ നാം തന്നെ അവസരം ഒരുക്കി നല്‍കിയതിന് തുല്യമാണ്". ബിഷപ്പ് മൈക്കിള്‍ നാസിര്‍ അലി പറഞ്ഞു.
കാന്റർബറി ആര്‍ച്ച് ബിഷപ്പും ആംഗ്ലീക്കന്‍ സഭയുടെ തലവനുമായ ജസ്റ്റിന്‍ വെല്‍ബിയോട് ദേവാലയത്തിന്റെ ഈ തെറ്റായ പഠിപ്പിക്കലിനെതിരെ നടപടി സ്വീകരിക്കണമെന്ന് താന്‍ ആവശ്യപ്പെടുമെന്നും ബിഷപ്പ് മൈക്കിള്‍ കൂട്ടിച്ചേര്‍ത്തു.
|