Content | കൊച്ചി: ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കേരളത്തിലെ വിവിധ ക്രൈസ്തവസഭകളുടെ മേലധ്യക്ഷന്മാരുടെ സമ്മേളനം ഇന്നു പാലാരിവട്ടം പിഒസിയില്‍ നടക്കും. വിവിധ സഭകളെ പ്രതിനിധീകരിച്ച് 25 മെത്രാപ്പോലീത്തമാരും മെത്രാന്മാരും പങ്കെടുക്കും.
മാര്‍ത്തോമാ സഭാധ്യക്ഷന്‍ ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിലാണു യോഗം. സിബിസിഐ പ്രസിഡന്റും സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച്ബിഷപ്പുമായ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തുടങ്ങിയവര്‍ സംസാരിക്കും.
ക്രിസ്തീയകുടുംബങ്ങള്‍: വെല്ലുവിളികളും ഉത്തരവാദിത്തങ്ങളും എന്ന വിഷയത്തില്‍ യോഗത്തില്‍ ചര്‍ച്ചകളുണ്ടാകും. കേരളത്തിലെ ക്രൈസ്തവസഭകളുമായി ബന്ധപ്പെട്ട പൊതുവിഷയങ്ങള്‍ക്കു പുറമേ, സമകാലിക സാമൂഹ്യ, രാഷ്ട്രീയ സാഹചര്യങ്ങളെയും ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ യോഗം അവലോകനം ചെയ്യും. വിവിധ ക്രൈസ്തവസഭകളില്‍ നിന്നു വൈദിക, അല്മായ പ്രതിനിധികളും കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കും.
|