category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഎയ്ഡഡ് മാനേജ്‌മെന്റുകളെ സര്‍ക്കാര്‍ വിശ്വാസത്തിലെടുക്കണം: ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍
Contentകൊച്ചി: വിദ്യാഭ്യാസ മേഖലയില്‍ ശ്രദ്ധേയ സംഭാവനകള്‍ നല്‍കിയ എയ്ഡഡ് മാനേജുമെന്റുകളെ വിശ്വാസത്തിലെടുക്കാനും പരിഗണിക്കാനും സര്‍ക്കാരുകള്‍ തയാറാവണമെന്നു ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ പ്രസിഡന്റും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഇന്ന് ആരംഭിക്കുന്ന സഭൈക്യവാര പ്രവര്‍ത്തനങ്ങളും പ്രാര്‍ഥനകളും കൂടുതല്‍ അര്‍ഥപൂര്‍ണമാക്കി, സഭകള്‍ തമ്മിലുള്ള ആത്മീയമായ ഐക്യം വളര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ എറണാകുളം പിഒസിയില്‍ നടന്ന കേരളത്തിലെ വിവിധ ക്രൈസ്തവസഭകളുടെ മേലധ്യക്ഷന്മാരുടെ സമ്മേളനത്തിലെ തീരുമാനങ്ങളും നിലപാടുകളും വിശദീകരിച്ചുകൊണ്ടുള്ള പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കര്‍ദിനാള്‍. കുടുംബങ്ങളില്‍ മൂല്യങ്ങളുടെയും വിശ്വാസത്തിന്റെയും ധാര്‍മികതയുടെയും പ്രോത്സാഹനത്തിനു ക്രൈസ്തവസഭകള്‍ കൈകോര്‍ത്തുള്ള പ്രവര്‍ത്തനങ്ങള്‍ക്കു രൂപം നല്‍കേണ്ടതുണ്ട്. കുടുംബശിഥിലീകരണത്തിനെതിരെ ജാഗ്രതയുള്ള നടപടികള്‍ വേണം. തൊഴിലിനും പഠനത്തിനും വിദേശങ്ങളിലേക്കു പോകുന്നവര്‍ക്ക് അജപാലന ശുശ്രൂഷ ലഭിക്കുന്നതിന് ആവശ്യമായ കരുതലുകള്‍ ആവശ്യമാണ്. വിശ്വാസത്തിന്റെ തകര്‍ച്ചയ്‌ക്കെതിരെ ജാഗ്രത വേണം. അജപാലന ശുശ്രൂഷയില്‍ കുടുംബങ്ങള്‍ക്കു പ്രഥമപരിഗണന നല്‍കണം. കുടുംബപ്രാര്‍ഥന ക്രൈസ്തവ കുടുംബങ്ങളുടെ കൂട്ടായ്മയ്ക്ക് അത്യന്താപേക്ഷിതമാണ്. യുവജനങ്ങളെ കുടുംബത്തിന്റെയും സഭയുടെയും സമൂഹത്തിന്റെയും അവിഭാജ്യഘടകമായി കാണത്തക്ക തരത്തില്‍ അജപാലന സംവിധാനങ്ങള്‍ ക്രമപ്പെടുത്തണം. വ്യക്തികളുടെയും കുടുംബങ്ങളുടെയും ശിഥിലീകരണത്തിന് ഇടയാക്കുന്നു ലഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെ കുടുംബതലം മുതല്‍ ബോധവ്തകരണ പരിപാടികള്‍ അനിവാര്യമാണ്. കേരള വിദ്യാഭ്യാസ ചട്ടങ്ങള്‍ (കെഇആര്‍) ഏകപക്ഷീയമായി ഭേദഗതി ചെയ്ത നടപടി അംഗീകരിക്കാനാവില്ല. 2014-15ല്‍ അനുവദിച്ച ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെയും ബാച്ചുകളിലെയും അധ്യാപക-അനധ്യാപക നിയമനങ്ങള്‍ ഉടന്‍ അംഗീകരിച്ച് അധ്യാപകര്‍ക്ക് വേതനം ലഭ്യമാക്കാനും സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണം. എയ്ഡഡ്, സ്വാശ്രയ കോളുകളില്‍ പുതിയ കോഴ്‌സുകള്‍ അനുവദിക്കില്ലെന്ന സര്‍ക്കാര്‍ നിലപാട് പുനപരിശോധിക്കണം. സ്വയംഭരണ കോളജുകളുടെ പ്രവര്‍ത്തന സ്വാതന്ത്യത്തെ തടസപ്പെടുത്തുന്ന നടപടികളില്‍ നിന്നു സര്‍വകലാശാലകള്‍ പിന്മാറണം. 2012- 13 ല്‍ എയ്ഡഡ് കോളജുകളില്‍ അനുവദിച്ച കോഴ്‌സുകള്‍ക്ക് അധ്യാപകരെ നിയമിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കണം. കേരളത്തിലെ മാനേജ്‌മെന്റ് വിദ്യാര്‍ഥികള്‍ക്ക് അഖിലേന്ത്യാ പ്രവേശന പരീക്ഷയായ സി മാറ്റ് യോഗ്യതാ പരീക്ഷയായി പുനസ്ഥാപിക്കണം. ഭീകരര്‍ ബന്ദിയാക്കിയ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായുള്ള സര്‍ക്കാര്‍ നടപടികള്‍ വേഗത്തിലാക്കണം. ഫാ. ഉഴുന്നാലിലിനായി വിശ്വാസി സമൂഹം നിരന്തരമായി പ്രാര്‍ഥിക്കണമെന്നും ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. സുതാര്യമായി പ്രവര്‍ത്തിക്കുന്ന ക്രൈസ്തവ മാനേജ്‌മെന്റുകള്‍ക്കെതിരെ മുഖ്യമന്ത്രിയും സര്‍ക്കാരും നിലപാടു സ്വീകരിക്കില്ലെന്നാണു പ്രതീക്ഷയെന്നു ചോദ്യത്തിനു മറുപടിയായി കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പറഞ്ഞു. ഒറ്റപ്പെട്ട പ്രശ്‌നങ്ങളുടെ പേരില്‍ സ്വാശ്രയമേഖലയിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളെയും അടച്ചാക്ഷേപിക്കുന്ന ശൈലി ഉചിതമല്ലെന്നും കര്‍ദിനാള്‍ വ്യക്തമാക്കി. സിബിസിഐ പ്രസിഡന്റും സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച്ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയുടെ അധ്യക്ഷതയിലായിരുന്നു യോഗം. കല്‍ദായ സഭ മെത്രാപ്പോലീത്ത മാര്‍ അപ്രേം, കെസിബിസിയുടെയും കെആര്‍എല്‍സിബിസിയുടെയും പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ.എം. സൂസപാക്യം, യാക്കോബായ സഭ അങ്കമാലി ഭദ്രാസനം മെത്രാപ്പോലീത്ത ഏബ്രഹാം മാര്‍ സേവേറിയോസ്, ആര്‍ച്ച്ബിഷപ്പുമാരായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജോസഫ് പെരുന്തോട്ടം, തോമസ് മാര്‍ കൂറിലോസ്, യൂഹോനോന്‍ മാര്‍ ക്രിസോസ്റ്റം, മാര്‍ ഔഗേന്‍ കുര്യാക്കോസ്, അന്തിമോസ് മാര്‍ മാത്യൂസ്, ബിഷപ്പുമാരായ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ തോമസ് ചക്യത്ത്, മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ റാഫേല്‍ തട്ടില്‍, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, ഏബ്രഹാം മാര്‍ ജൂലിയോസ്, യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, യൂഹാനോന്‍ മാര്‍ ജോസഫ്, ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ സെക്രട്ടറി റവ.ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍, കെസിബിസി വക്താവ് റവ.ഡോ. വര്‍ഗീസ് വള്ളിക്കാട്ട്, സീറോ മലബാര്‍ സഭ ഔദ്യോഗികവക്താവ് റവ.ഡോ. ജിമ്മി പൂച്ചക്കാട്ട്, കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, ഫാമിലി കമ്മീഷന്‍ സെക്രട്ടറി ഫാ. പോള്‍ മാടശേരി, ഓര്‍ത്തഡോക്‌സ് സഭയുടെ പ്രതിനിധി ഫാ. എഡ്വിന്‍ ഫെര്‍ണാണ്ടസ്, ഡോ. എഡ്വേര്‍ഡ് എടേഴത്ത്, മാര്‍ത്തോമാ സഭാ ട്രസ്റ്റി അഡ്വ. പ്രകാശ് തോമസ്, ട്രഷറര്‍ അനീഷ് പുന്നന്‍ പീറ്റര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-01-18 07:26:00
Keywordsഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍
Created Date2017-01-18 07:29:13