category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഭാരതത്തില്‍ നിലനില്‍ക്കുന്ന അസമത്വങ്ങള്‍ക്കെതിരെ സഭ ശക്തമായി പോരാടണമെന്ന് ക്രൈസ്തവ നേതൃത്വം
Contentന്യൂഡല്‍ഹി: ഭാരതത്തില്‍ നിലനില്‍ക്കുന്ന അസമത്വങ്ങള്‍ക്കെതിരെ സഭ ശക്തമായി പോരാടണമെന്ന് രാജ്യത്തെ ക്രൈസ്തവ സംഘടനകളുടെ നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്നവര്‍ അഭിപ്രായപ്പെട്ടു. ദാരിദ്രത്തിനും സാമൂഹിക നീതി നിഷേധത്തിനും എതിരെ ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന 'ഒക്‌സ്ഫാം' എന്ന സംഘടനയുടെ പുതിയ റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്നാണ് ക്രൈസ്തവ നേതാക്കന്‍മാര്‍ തങ്ങളുടെ ശക്തമായ പ്രതികരണം പുറത്തുവിട്ടിരിക്കുന്നത്. ഭരണകൂടത്തിന്റെ വിവിധ നടപടികള്‍ പിന്നോക്ക, ആദിവാസി വിഭാഗങ്ങളെ കൂടുതല്‍ പാര്‍ശ്വവല്‍ക്കരിക്കുന്ന തരത്തിലേക്കാണ് സാഹചര്യങ്ങളെ കൊണ്ടെത്തിച്ചിരിക്കുന്നതെന്ന്‍ കാത്തലിക് യൂണിയന്‍ ഓഫ് ഇന്ത്യയുടെ മുന്‍ അധ്യക്ഷനായിരുന്ന ഫാദര്‍ ജോണ്‍ ദയാല്‍ പറയുന്നു. സഭയ്ക്ക് പലപ്പോഴും ഇത്തരം നിലപാടുകളെ ശക്തമായി നേരിടുവാന്‍ കഴിയുന്നില്ല. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഭാരതത്തിന്റെ വളര്‍ച്ചാ നിരക്ക് ചൈനയുടെയും പാക്കിസ്ഥാന്റെയും താഴെയാണ് എന്ന വസ്തുതയെ ഗൗരവത്തോടെ വേണം നോക്കികാണുവാനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഒക്‌സ്ഫാം' സംഘടനയുടെ പുതിയ കണക്കുകള്‍ പ്രകാരം ഭാരതത്തിലെ ഒരു ശതമാനം ധനികരുടെ കൈയില്‍, രാജ്യത്തിലെ 58 ശതമാനം ആളുകളുടെ മുഴുവന്‍ സ്വത്തിന്റെ മൂല്യവും ഉള്ളതായി കണ്ടെത്തി. പണം ഒരു വിഭാഗത്തിന്റെ കൈകളിലേക്ക് മാത്രം കുന്നുകൂടുന്ന ഈ പ്രവണത അയല്‍രാജ്യങ്ങളെ അപേക്ഷിച്ച് ഭാരതത്തില്‍ വളരെ കൂടുതലാണ്. "സാധുക്കളായ ജനങ്ങള്‍ക്ക് ഒരു രോഗം വന്നാല്‍ പോലും ശരിയായി ചികിത്സിക്കുവാന്‍ കഴിയാത്ത സ്ഥിതിയാണ് ഇവിടെ നിലനില്‍ക്കുന്നത്. രോഗികളെ ചികിത്സിക്കുവാന്‍ പ്രത്യേക ഇന്‍ഷുറന്‍സ് പരിരക്ഷയോ, മറ്റു സംവിധാനങ്ങളോ ഇവിടെയില്ല. ആഗോള ഹെല്‍ത്ത് ടൂറിസത്തില്‍ സ്വന്തമായി ഒരിടം ഭാരതം കണ്ടെത്തുമ്പോഴാണ് ഈ സാഹചര്യം രാജ്യത്ത് നിലനില്‍ക്കുന്നതെന്നത് ഏറെ ഗൗരവകരമാണ്". ഫാദര്‍ ജോണ്‍ ദയാല്‍ പറഞ്ഞു. ജിഡിപി മാത്രം നോക്കി വികസനത്തെ കണക്കാക്കുന്ന രീതി തന്നെ തെറ്റാണെന്ന് ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളജിന്റെ മുന്‍ പ്രിന്‍സിപ്പലായ ഡോ. വല്‍സന്‍ തമ്പു അഭിപ്രായപ്പെട്ടു. ഒരു രാജ്യത്തിന്റെ ശരിയായ പുരോഗതി പൗരന്‍മാരുടെ വിദ്യാഭ്യാസ നിലവാരത്തെ അടിസ്ഥാനപ്പെട്ടാണ് കിടക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഇതു മനസിലാക്കിയുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നില്ലായെന്നും ഡോ. വല്‍സന്‍ അഭിപ്രായപ്പെടുന്നു. ഒഡിഷ ഫോറം ഫോര്‍ സോഷ്യല്‍ ആക്ഷന്റെ ഡയറക്ടറായ ഫാദര്‍ അജയകുമാര്‍ സിംഗിന്റെ അഭിപ്രായവും ഏറെ ശ്രദ്ധേയമാണ്. "ഭാരതത്തെ ഒരു ജനാധിപത്യ സോഷ്യലിസ്റ്റ് രാജ്യമായി കണക്കാക്കപ്പെടുമ്പോഴും ഇവിടെ നടപ്പിലിരിക്കുന്നത് മുതലാളിത്ത സംവിധാനങ്ങള്‍ മാത്രമാണ്. വന്‍കിട കമ്പനികള്‍ മാത്രം രാജ്യത്തിന്റെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന സ്ഥിതിയാണ്. ഇത്തരം കമ്പനികള്‍ ശരിയായ സാമൂഹിക ഉത്തരവാദിത്വം ഏറ്റെടുത്താല്‍ തന്നെ ഇവിടെയുള്ള പ്രശ്‌നങ്ങളുടെ വലിയ ഒരു ഭാഗം പരിഹരിക്കപ്പെടും. നോട്ട് നിരോധനം പോലെയുള്ള വിവേകരഹിത നടപടികളല്ല രാജ്യത്തിന്റെ പുരോഗതിക്ക് ആവശ്യം". ഫാദര്‍ അജയകുമാര്‍ സിംഗ നിരീക്ഷിക്കുന്നു. ഒക്‌സ്ഫാം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ലോകജനസംഖ്യയുടെ 50 ശതമാനത്തിന്റെ ആസ്തിയാണ് അതിസമ്പന്നരായ എട്ടു പേര്‍ മാത്രം കൈവശമാക്കി വച്ചിരിക്കുന്നത്. ഭാരതത്തിലെ 57 സമ്പന്നരുടെ കൈവശമുള്ള ആസ്തി, ജീവിതത്തിന്റെ രണ്ട് അറ്റങ്ങളേയും കൂട്ടിമുട്ടിക്കുവാന്‍ വേണ്ടി നെട്ടോട്ടമോടുന്ന രാജ്യത്തിന്റെ 70 ശതമാനം സാധാരണക്കാരുടെ മുഴുവന്‍ ആസ്തിക്കും തുല്യമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-01-18 16:17:00
Keywordsഭാരതത്തില്‍
Created Date2017-01-18 16:18:11