Content | ജറുസലേം: പഴയനിയമത്തിൽ ജോഷ്വായുടെ കാലത്ത് ഇസ്രായേല്‍ ജനം അമോര്യരോട് യുദ്ധം ചെയ്ത സമയം സൂര്യന്‍ നിശ്ചലമായി നിന്നുവെന്ന തിരുവെഴുത്തിനെ ശാസ്ത്രവും അംഗീകരിച്ചു. നാസയുടെ ഉപഗ്രഹങ്ങളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബര്‍ഷേബായിലെ ബെന്‍ ഗൂരിയോണ്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. ബൈബിള്‍ പ്രകാരം സൂര്യന്‍ അതിന്റെ ചലനം നിര്‍ത്തി എന്ന് പറയുന്നത് ജോഷ്വായുടെ പുസ്തകത്തിലാണ് കാണുവാന്‍ സാധിക്കുക. ജോഷ്വായുടെ പുസ്തകം പത്താം അധ്യായത്തിലെ 12 മുതലുള്ള വാക്യങ്ങള്‍ ചരിത്ര സത്യങ്ങളാണെന്നു ശാസ്ത്രവും ഇപ്പോള്‍ സാക്ഷ്യപ്പെടുത്തുന്നു.
"കര്‍ത്താവ് ഇസ്രായേല്‍ക്കാര്‍ക്ക് അമോര്യരെ ഏല്‍പിച്ചുകൊടുത്ത ദിവസം ജോഷ്വ അവിടുത്തോടു പ്രാര്‍ഥിച്ചു. അനന്തരം, അവര്‍ കേള്‍ക്കെപ്പറഞ്ഞു: സൂര്യാ, നീ ഗിബയോനില്‍ നിശ്ചലമായി നില്‍ക്കുക. ചന്ദ്രാ നീ അയ്യലോണ്‍ താഴ്‌വരയിലും നില്‍ക്കുക. അവര്‍ ശത്രുക്കളോടു പ്രതികാരം ചെയ്യുന്നതുവരെ സൂര്യന്‍ നിശ്ചലമായി നിന്നു; ചന്ദ്രന്‍ അനങ്ങിയതുമില്ല". ജോഷ്വായുടെ പുസ്തകത്തിലെ തിരുവചനങ്ങള്‍ ഇപ്രകാരമാണ് അന്ന് നടന്ന സംഭവത്തെ വിവരിക്കുന്നത്.
നാസയുടെ കണ്ടെത്തല്‍ പ്രകാരം ബിസി 1207 ഒക്ടോബര്‍ 30-ാം തീയതി സൂര്യഗ്രഹണം ആയിരുന്നുവെന്ന കണ്ടെത്തലാണ് നടന്നിരിക്കുന്നത്. ചരിത്ര രേഖകളും വസ്തുകളും പഠിക്കുമ്പോള്‍ ജോഷ്വ യുദ്ധം ചെയ്തതും ഇതെ ദിവസമാണെന്ന് തെളിയുന്നു. ബിസി 1500-നും 1000-നും ഇടയില്‍ ഒരിക്കലും മേല്‍പറഞ്ഞ സൂര്യഗ്രഹണം അല്ലാതെ മറ്റൊന്നുപോലും ഉണ്ടായിട്ടില്ലെന്നും പഠനം തെളിയിക്കുന്നു. ബൈബിള്‍ പ്രകാരം സൂര്യന്‍ അതിന്റെ പാതയില്‍ നിശ്ചലമായി നിന്ന സംഭവം ജോഷ്വായുടെ പുസ്തകത്തിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
സൂര്യഗ്രഹണം നടക്കുമ്പോള്‍, അത് അനുഭവപ്പെടുന്ന സ്ഥലങ്ങളില്‍ ഇരുട്ട് വ്യാപിക്കുകയാണ് ചെയ്യുക. പൂര്‍ണ്ണ സൂര്യഗ്രഹണം എന്നാല്‍ പൂര്‍ണ്ണമായും ഇരുട്ട് വ്യാപിക്കുക എന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ മാറും. ഹീബ്രുവിലെ പദോല്‍പ്പത്തി വര്‍ണ്ണനപ്രകാരമാണ് ശാസ്ത്രജ്ഞര്‍ ഇതിന്റെ ചുരുള്‍ അഴിച്ചിരിക്കുന്നത്. സൂര്യന്‍ നിശ്ചലമായി നില്‍ക്കുന്നു എന്നതിന് പകല്‍ തുടരുന്നു എന്ന അര്‍ത്ഥമല്ല ഉള്ളത്. ഒരു പ്രദേശത്തേക്ക് വേഗം ഇരുള്‍ പരക്കുന്നുവെന്നതും ഇതുമൂലം അര്‍ത്ഥമാക്കുന്നു. ഉച്ചക്കു ശേഷം 4.28-നാണ് ഇത്തരമൊരു സംഭവം അന്ന് ഉണ്ടായതെന്നും രേഖകള്‍ പറയുന്നു. ഈ സമയമാണ് ഇസ്രായേല്‍ തങ്ങളുടെ ശത്രുക്കളെ തോല്‍പ്പിച്ചത്.
ഡോക്ടര്‍ ഹെസി യിറ്റ്‌സാക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതു സംബന്ധിക്കുന്ന പഠനം പൂര്‍ത്തീകരിച്ചിരിക്കുന്നത്. "പലരും ഭൗതിക ശാസ്ത്രത്തിന്റെ സഹയത്തോടെയാണ് ബൈബിളിലെ പലകാര്യങ്ങളും തെളിയിക്കുവാന്‍ നോക്കുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള ചില ശ്രമങ്ങള്‍ വിശ്വാസത്തെ തകര്‍ക്കുന്നതിനു വേണ്ടിയാണ്. പദാനുപദം കാര്യങ്ങള്‍ തെളിയിക്കുവാന്‍ സാധിക്കില്ലെന്ന വ്യാഖ്യാനമാണ് ഇത്തരക്കാര്‍ പലപ്പോഴും പറയുക".
"വാനനിരീക്ഷണത്തിന്റെ സഹായത്തോടെയാണ് പുതിയ കണ്ടെത്തലിലേക്ക് ഞങ്ങളുടെ സംഘം എത്തിച്ചേര്‍ന്നിരിക്കുന്നത്. ബൈബിളില്‍ സൂര്യന്‍ 'നിശ്ചലമായി' നിന്നുവെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ അന്ന് ഉപയോഗിച്ചിരുന്ന ഭാഷയുടെ അടിസ്ഥാനത്തില്‍ വേണം നമ്മള്‍ ഇതിനെ മനസിലാക്കുവാന്‍. ഗ്രീക്കിലെ ചില പുസ്തകങ്ങളില്‍ ഭാഷയുടെ അര്‍ത്ഥം നോക്കിയാണ് ഇപ്പോള്‍ ഉള്ളകാര്യം നമുക്ക് ബോധ്യമായി വന്നിരിക്കുന്നത്. ബൈബിളിലെ ചില കാര്യങ്ങള്‍ തെളിയിക്കുന്നതിന് നമുക്ക് ഇത്തരം പല സങ്കേതങ്ങളും ഉപയോഗിക്കേണ്ടി വരും. സൂര്യന്‍ അതിന്റെ പാതയില്‍ ചലനം നിര്‍ത്തിയപ്പോള്‍ ഇരുട്ട് വീണു എന്നതാണ് മനസിലാക്കേണ്ടത്. ഈ സാധ്യതയെ ആണ് യിസ്രായേല്‍ ജനം അനുകൂലമാക്കി എടുത്ത് വിജയിച്ചത്". ഹെസി യിറ്റ്‌സാക്ക് പറഞ്ഞു.
|