category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസഭയുടെ പ്രബോധനങ്ങള്‍ മറികടന്ന്, വിശ്വാസികള്‍ കൃത്രിമ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തി കൊണ്ട് ലത്തീന്‍ പ്ലീനറി അസംബ്ലി
Contentഭോപ്പാല്‍: സഭയുടെ പ്രബോധനങ്ങള്‍ മറികടന്ന്, ഭാരതത്തിലെ കത്തോലിക്ക വിശ്വാസികള്‍ കൃത്രിമ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകരിക്കുന്ന നിലപാടില്‍ ബിഷപ്പുമാരുടെ വാര്‍ഷിക സമ്മേളനം ആശങ്ക രേഖപ്പെടുത്തി. ഭോപ്പാലില്‍ ചേര്‍ന്ന ഭാരത ലത്തീന്‍ സഭയുടെ 29-മാത് ബിഷപ്പ് കോണ്‍ഫറന്‍സിന്റെ പ്ലീനറി അസംബ്ലിയിലാണ് ഇതു സംബന്ധിക്കുന്ന ചര്‍ച്ചകള്‍ ഉയര്‍ന്നു വന്നത്. ധര്‍മ്മപുരി ലത്തീന്‍ രൂപതയുടെ ബിഷപ്പും കുടുംബങ്ങള്‍ക്കു വേണ്ടിയുള്ള പ്രത്യേക ബിഷപ്പ്‌സ് കൗണ്‍സിലിന്റെ അധ്യക്ഷന്‍ കൂടിയായ ലോറന്‍സ് പയസ് ദൊരൈരാജാണ് സമ്മേളനത്തില്‍ ഗൗരവമേറിയ ഈ വിഷയം ഉയര്‍ത്തികാണിച്ചത്. 2016-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പുറത്തിറക്കിയ അപ്പോസ്‌ത്തോലിക പ്രബോധനമായ അമോരിസ് ലെത്തീസിയായുടെ വെളിച്ചത്തില്‍ കത്തോലിക്ക കുടുംബങ്ങളില്‍ വിശ്വാസം വളര്‍ത്തുവാനുള്ള പ്രവര്‍ത്തനങ്ങളാണ് കോണ്‍ഫറന്‍സ് ഓഫ് കാത്തലിക് ബിഷപ്പ്‌സ് ഇന്‍ ഇന്ത്യയുടെ നേതൃത്വത്തില്‍ നടന്നു വരുന്നത്. ഇതിനിടെ നടത്തിയ പഠനത്തിലാണ് കൃത്രിമ ഗര്‍ഭനിരോധന മാര്‍ഗങ്ങളാണ് കത്തോലിക്ക വിശ്വാസികളായ 90 ശതമാനത്തില്‍ അധികം പേരും സ്വീകരിക്കുന്നതെന്ന വസ്തുത സഭ കണ്ടെത്തിയിരിക്കുന്നത്. കുടുംബങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കുവാന്‍ 2015-ല്‍ കത്തോലിക്ക സഭ പ്രത്യേക കമ്മീഷനെ നിയോഗിച്ചിരുന്നു. വിവാഹത്തെ സംബന്ധിക്കുന്ന സഭയുടെ പ്രബോധനങ്ങളെ കുടുംബങ്ങള്‍ എങ്ങനെയാണ് വീക്ഷിക്കുന്നതെന്നും, എപ്രകാരമാണ് ഇത് നടപ്പിലാക്കുന്നതെന്നും പ്രത്യേകം പഠിക്കുവാന്‍ വേണ്ടിയാണ് കമ്മീഷനെ നിയോഗിച്ചത്. "വിശ്വാസികളില്‍ 90 ശതമാനത്തില്‍ അധികവും സഭയുടെ പ്രബോധനങ്ങളില്‍ നിന്നും മാറി, ഗര്‍ഭനിരോധനത്തിന് കൃത്രിമ മാര്‍ഗങ്ങളാണ് സ്വീകരിക്കുന്നത്. ഗര്‍ഭനിരോധനത്തിനായുള്ള കൃത്രിമ മാര്‍ഗങ്ങള്‍ ഉപയോഗിക്കരുതെന്ന സഭയുടെ പ്രബോധനങ്ങളെ വിശ്വാസികള്‍ അവരുടെ ജീവിതത്തില്‍ നടപ്പിലാക്കുന്നില്ലെന്നതാണ് സത്യം". ബിഷപ്പ് ദൊരൈരാജ് സമ്മേളനത്തില്‍ പറഞ്ഞു. സന്താനങ്ങളുടെ എണ്ണം നിയന്ത്രിക്കുവാന്‍ വേണ്ടി ദമ്പതിമാര്‍ പ്രകൃതിദത്തമായ നടപടികള്‍ മാത്രമേ സ്വീകരിക്കാവൂ എന്നു സഭ പ്രത്യേകം പഠിപ്പിക്കുന്നുണ്ട്. ഗര്‍ഭനിരോധനത്തിനായുള്ള എല്ലാ കൃത്രിമ മാര്‍ഗ്ഗങ്ങളെയും സഭ തള്ളികളയുന്നു. കൃത്രിമ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ അതിന്റെ കഴിവില്‍ നിന്ന്‍ വേര്‍തിരിക്കുകയും ഭാര്യഭര്‍ത്താക്കന്മാരുടെ സമ്പൂര്‍ണ്ണമായ പരസ്പര ദാനം തടയുകയും ചെയ്യുന്നത് കൊണ്ടാണ് സഭ അവ തള്ളികളയുന്നത്. ജീവനെ ഒരുതരത്തിലും നശിപ്പിക്കരുതെന്ന കാഴ്ച്ചപാടിലാണ് സഭ ഇത് പറയുന്നത്. "കൃത്രിമമായ എല്ലാ ഗര്‍ഭനിരോധന മാര്‍ഗത്തേയും സഭ എതിര്‍ക്കുന്നു. ജീവന്‍ ദൈവത്തിന്റെ ദാനമാണ്. ഇത് ഭൂമിയിലേക്ക് കടന്നുവരുവാന്‍ തടസം സൃഷ്ടിക്കുന്ന എല്ലാ നടപടികളും ദൈവീക പദ്ധതിക്കെതിരാണ്. ജീവനെ സ്വീകരിക്കുവാന്‍ താല്‍പര്യം കാണിക്കാത്ത ദമ്പതിമാര്‍ വിവാഹത്തെ സംബന്ധിച്ചുള്ള ദൈവീക പദ്ധതിയെയാണ് ചോദ്യം ചെയ്യുന്നത്. ഇത് പാപകരമാണ്". ഇന്‍ഡോര്‍ രൂപതയുടെ മെത്രാനായ ബിഷപ്പ് ചാക്കോ തോട്ടുമാരിക്കല്‍ പറഞ്ഞു. വിശ്വാസികളുടെ ഇടയില്‍ നിലനില്‍ക്കുന്ന ഇത്തരമൊരു തെറ്റിനെ നീക്കികളയുവാന്‍ ശരിയായ ബോധവല്‍ക്കരണമാണ് ആവശ്യമെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. ഗോത്രവര്‍ഗക്കാരും ആദിവാസികളുമായ ക്രൈസ്തവ വിശ്വാസികളുടെ ഇടയില്‍ ഇത്തരമൊരു പ്രശ്‌നം നിലനില്‍ക്കുന്നില്ലെന്ന് കര്‍ദിനാള്‍ ടെലസ്‌പോര്‍ പി. ടോപ്പോ സമ്മേളനത്തില്‍ പറഞ്ഞു. ബിഹാര്‍, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ് തുടങ്ങിയ ഭാരതത്തിന്റെ കിഴക്കന്‍ ജില്ലകളിലെ ക്രൈസ്തവ കുടുംബങ്ങളുടെ ഉദാഹരണവും കര്‍ദിനാള്‍ ടോപ്പോ സമ്മേളനത്തില്‍ പരാമര്‍ശിച്ചു. "ആദിവാസികളും, ഗോത്രവര്‍ഗവിഭാഗക്കാരുമായ കത്തോലിക്ക വിശ്വാസികള്‍ വിവാഹത്തെ സംബന്ധിച്ചുള്ള സഭയുടെ പ്രബോധനങ്ങളെ അതേപടി അനുസരിക്കുന്നവരാണ്. ദളിതരായ ഇവര്‍ ഒരിക്കലും കൃത്രിമ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകരിക്കാറില്ല. കത്തോലിക്ക വിശ്വാസികളായ ആദിവാസികളുടെ കുടുംബങ്ങളില്‍ ചെന്നാല്‍ ഇതു സത്യമാണെന്നു നമുക്ക് കണുവാന്‍ സാധിക്കും. മിക്ക കുടുംബങ്ങളിലും അഞ്ചും, ആറും കുട്ടികള്‍ ഉണ്ട്. പട്ടിണിയോ, സാമ്പത്തിക ക്ലേശങ്ങളോ മൂലം അവര്‍ ദൈവത്തിന്റെ ദാനമായ ജീവനെ കുടുംബങ്ങളിലേക്ക് സ്വീകരിക്കാതെ ഇരിക്കുന്നില്ല". കര്‍ദിനാള്‍ ടോപ്പോ ചൂണ്ടികാണിച്ചു. സര്‍ക്കാര്‍ രേഖകള്‍ പ്രകാരം ഭാരതത്തിലെ ഗോത്രവര്‍ഗ വിഭാഗക്കാരില്‍ 10.03 മില്യണ്‍ ആളുകളും ക്രൈസ്തവ വിശ്വാസികളാണ്. 104 മില്യണ്‍ ഗോത്രവര്‍ഗക്കാര്‍ ഭാരതത്തില്‍ ഉണ്ടെന്നും കണക്കുകള്‍ പറയുന്നു. 2011-ലെ കണക്കുകള്‍ പ്രകാരം രാജ്യത്തെ ഗോത്രവര്‍ഗ ജനസംഖ്യയുടെ 10 ശതമാനവും ക്രൈസ്തവരാണ്. ഭാരതത്തിലെ 27 മില്യണ്‍ ക്രൈസ്തവരില്‍, 40 ശതമാനത്തോളം വിശ്വാസികളും പിന്നോക്ക ജനവിഭാഗങ്ങളില്‍ നിന്നുള്ളവരാണ്.
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-02-04 12:03:00
Keywordsഗര്‍ഭനിരോധന, സിനഡ്\
Created Date2017-02-04 12:04:14