Content | 2000-ത്തിലെ ജൂബിലിയുടെ അവസാനം മുതൽ അടയ്ക്കപ്പെട്ടിരുന്ന, സെന്റ പീറ്റേർസ് ബസലിക്കയുടെ വിശുദ്ധ കവാടം തുറക്കാനായി, കവാടം അടച്ചിരുന്ന ഇഷ്ടിക മതിൽ അടർത്തിമാറ്റി. അടുത്ത മാസം, കരുണയുടെ വർഷം തുടങ്ങാനിരിക്കുന്ന സാഹചര്യത്തിലാണ് ഈ മുന്നൊരുക്കം.
നവംബർ 17-ലെ വത്തിക്കാൻ പത്രകുറിപ്പനുസരിച്ച് കർഡിനാളുമാര്‍ പങ്കെടുത്ത ഘോഷയാത്രയ്ക്ക് ശേഷം ബസലിക്കയിലെ മുഖ്യ പുരോഹിതനായ കർഡിനാൾ ആഞ്ചലോ കോമ സ്ട്രീ നയിച്ച, ' Recognitio Ceremony ' എന്നറിയപ്പെടുന്ന പ്രാർത്ഥനയുടെ അവസാന ഭാഗത്തില്ലാണ് , വിശുദ്ധ കവാടത്തിന്റെ ഇഷ്ടിക മതിൽ ഇളക്കി മാറ്റിയത്.
പിന്നീട് 2000-ത്തിലെ ജൂബിലിയുടെ സ്മാരക വസ്തുക്കളും വിശുദ്ധ കവാടം അടയ്ക്കുന്നതുമായി ബന്ധപ്പെട്ട എതാനും രേഖകളും സൂക്ഷിച്ചിരിന്ന സിങ്ക് നിർമ്മിതമായ പെട്ടി പുറത്തെടുത്തു. ഡിസംബർ 8-ന് കരുണയുടെ ജൂബിലി വര്‍ഷം തുടങ്ങുന്ന സന്ദർഭത്തിൽ, വിശുദ്ധ കവാടം തുറക്കാനായി പിതാവ് ഉപയോഗിക്കാൻ പോകുന്ന താക്കോലും കഴിഞ്ഞ ജൂബിലിയുടെ വിവരങ്ങൾ അടങ്ങിയ ആധികാരിക രേഖകളും ഇതിലടങ്ങിയിരുന്നു.
പെട്ടിയിലടങ്ങിയിരുന്ന വസ്തുക്കളെല്ലാം, ബസലിക്കയുടെ ആഘോഷ പരിപാടികൾക്ക് ചുക്കാൻ പിടിക്കുന്ന മോൺസിഞ്ചോര്‍ .ഗിഡോ മാരിനി ഏറ്റുവാങ്ങി.സുവിശേഷ പ്രഘോഷണത്തിന്റെ പൊന്തിഫിക്കൽ കൗൺസിൽ പ്രസിഡന്റ്, ആർച്ച് ബിഷപ്പ് റിനോഫി ഷേല്ലയും ചടങ്ങുകളിൽ സന്നിഹിതനായിരുന്നു.
റോമിലെ നാല് പ്രധാനപ്പെട്ട ബസലിക്കകളിലും ഒരോ വിശുദ്ധ കവാടം സ്ഥിതിചെയ്യുന്നുണ്ട്. സാധാരണഗതിയില്‍ അവ അകത്തുനിന്ന് പൂട്ടിയ അവസ്ഥയിലായിരിക്കും. ജൂബിലി വർഷങ്ങളിൽ മാത്രം തുറക്കപ്പെടുന്ന പ്രസ്തുത കവാടത്തിലൂടെ, വിശ്വാസികള്‍ക്ക് ദേവാലയത്തിൽ പ്രവേശിക്കാം.
ഈ കർമ്മത്തിന് പ്രത്യേക ദണ്ഡവിമോചനവും തിരുസഭ കല്പ്പിച്ച് നൽകിയിരിക്കുന്നത് വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒരു കാര്യമാണ്.
ജൂബിലി വർഷത്തിൽ, പല ദിനങ്ങളിലായി ,വിവിധ ബസലിക്ക കളിലെ വിശുദ്ധ കവാടങ്ങൾ തുറക്കപ്പെടും.
ഡിസംബർ 13-ന് വിശുദ്ധ ജോൺ ലാറ്ററൻസ് ദേവാലയത്തിലും, ജനുവരി 1 ന് വിശുദ്ധ മേരി മേജറിലും, ജനുവരി 26-ന് വിശുദ്ധ പോൾ ഔട്ട് സൈഡിലും വിശുദ്ധ കവാടങ്ങൾ തുറക്കപ്പെടും.
നവംബർ 26-30 തിയതികളിൽ, പിതാവ്, സെൻറ് അഫിക്കൻ റിപ്പബ്ലിക്കിൽ സന്ദർശനം നടത്തുന്ന വേളയിൽ, അവിടെ ഒരു വിശുദ്ധ കവാടം തുറക്കുമെന്ന് തീരുമാനിച്ചിട്ടുണ്ട്. നവംബർ 18-ന് സെന്റ് പീറ്റേർസ് ബസലിക്കയുടെ അങ്കണത്തിൽ തടിച്ചുകൂടിയ വിശ്വാസികളോട്, പിതാവ്, വിശുദ്ധ കവാടത്തിന്റെ അർത്ഥവും പ്രാധാന്യവും വിശദീകരിക്കുകയുണ്ടായി.
" ഇത് ദൈവത്തിന്റെ കരുണയിലേക്കുള്ള വാതിലാണ്. അടഞ്ഞുകിടക്കുന്ന വാതിലുകൾ ലോകത്തെ മരുഭൂമിയാക്കി മാറ്റുന്നു " ഓരോ ഭവനങ്ങളിലും ഈ വാതിൽ ഉണ്ടെന്നും അത് യേശുവിനായി തുറന്നിടണമെന്നും പിതാവ് വിശ്വാസഗണത്തോട് ആഹ്വാനം ചെയ്തു ."
ജൂബിലി വർഷത്തിൽ വിശ്വാസികൾക്ക് ‘ രക്ഷയ്ക്കുള്ള പ്രത്യേക വാതിലുകൾ ‘ ലഭ്യമാണ് എന്നതിന്റെ പ്രതീകമാണ്, വിശുദ്ധ കവാടങ്ങൾ.
' കരുണയുടെ ജൂബിലിയുടെ ‘ മറ്റൊരു സവിശേഷത, ഇതാദ്യമായി ലോകമെങ്ങുമുള്ള രൂപതകളിൽ വിശുദ്ധ കവാടങ്ങൾ നിശ്ചയിക്കപ്പെട്ടു കൊടുക്കും എന്നതാണ്. കുരിശുപള്ളികൾ ,തീർത്ഥാടന കേന്ദങ്ങൾ ,അത്ഭുതങ്ങള്‍ സംഭവിച്ച ദേവാലയങ്ങള്‍ എന്നിവിടങ്ങളിലെല്ലാം വിശുദ്ധ കവാടങ്ങൾ നിശ്ചയിക്കപ്പെടും. |