Content | വത്തിക്കാന്‍ സിറ്റി: സമ്പത്തും പ്രതാപവും ദൈവത്തിന്റെ വചനങ്ങളെ അവഗണിക്കാന്‍ പ്രേരിപ്പിക്കുമെന്ന് ഫ്രാന്‍സിസ് പാപ്പ. ഫെബ്രുവരി 7ന് വത്തിക്കാനില്‍ വലിയ നോമ്പിന് മുന്നോടിയായി പുറത്തിറക്കിയ സന്ദേശത്തിലാണ് മാര്‍പാപ്പ ഇപ്രകാരം പറഞ്ഞത്. 'വേര്‍ഡ് ഈസ് എ ഗിഫ്‌റ്റ്-അതര്‍ പേഴ്‌സണ്‍സ് ആര്‍ ഗിഫ്‌റ്റ്' എന്ന തലക്കെട്ടിലുള്ള സന്ദേശത്തില്‍ ലൂക്കായുടെ സുവിശേഷത്തിലെ ധനവാന്റെയും ലാസറിന്റേയും ഉപമക്കാണ് പ്രാധാന്യം നല്‍കിയിട്ടുള്ളത്. ദൈവത്തിനെ ഹൃദയത്തില്‍ സ്ഥാനം നല്‍കാന്‍ കഴിയാത്തവര്‍ക്ക് മറ്റുള്ളവരെ സ്‌നേഹിക്കാനോ, സ്വാഗതം ചെയ്യാനോ കഴിയില്ലായെന്നു മാര്‍പാപ്പ തന്റെ സന്ദേശത്തില്‍ രേഖപ്പെടുത്തി.
"ഓരോ ജീവിതവും സ്വികാര്യത, ആദരം, സ്‌നേഹം എന്നിവ അര്‍ഹിക്കുന്നു. കണ്ണു തുറന്ന് ജീവിതത്തെ സ്‌നേഹിക്കാനും ദൈവ വചനങ്ങള്‍ സഹായിക്കുന്നു, പ്രത്യേകിച്ച് ദുര്‍ബലവും പ്രതികൂലവുമായ സാഹചര്യങ്ങളില്‍. പണവും പ്രതാപവും ദൈവ വചനത്തെ അവഗണിക്കാന്‍ ഇടയാക്കും. ഈ മാറ്റത്തെയാണ് ധനവാന്റെയും ലാസറിന്റേയും ഉപമയിലൂടെ ഉദ്ദേശിക്കുന്നത്. ശരിയായ സന്തോഷവും നിത്യജീവനും നേടാന്‍ എന്താണ് ആവശ്യമെന്ന് ഈ ഉപമ ചൂണ്ടിക്കണിക്കുന്നു".
"ലാസറിനേയും അവന്റെ ദുരിതങ്ങളേയും വളരെ വിപുലമായി സുവിശേഷ ഭാഗത്തില്‍ വിവരിക്കുന്നുണ്ട്. ധനവാന് ലാസറിനെ കാണാന്‍ കഴിഞ്ഞില്ലെങ്കിലും 'മുഖവും പേരും' നല്‍കി, സമൂഹത്തില്‍ വിലയും നിലയും ഇല്ലാത്ത ലാസറിന് സുവിശേഷം വില കല്‍പ്പിക്കുന്നു. ഒരു സമ്മാനമായി, അമൂല്യ നിധിയായി, ദൈവം സ്‌നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ആളായിട്ടാണ് സുവിശേഷം ലാസറിനെ അവതരിപ്പിക്കുന്നത്."
"ധനവാന്റെ കണ്ണു തുറന്നത് ഇരുവരുടേയും മരണ ശേഷമാണ്. മറ്റുള്ളവരുമായി ബന്ധമുണ്ടാകണമെങ്കില്‍ അവരെ അംഗീകരിക്കേണ്ടതുണ്ട്. ധനവാന്റെ വാതിക്കല്‍ എത്തുന്ന ദരിദ്രന്‍ അപശകുനമല്ല മറിച്ച്, അവന്റെ സാന്നിദ്ധ്യം മാറ്റമുണ്ടാകാനും രൂപാന്തരപ്പെടാനുമാണ് ആവശ്യപ്പെടുന്നത്. ഒരാളുടെ ഹൃദയ കവാടങ്ങള്‍ തുറക്കുന്നത് എങ്ങിനെ എന്ന് മനസ്സിലാകണമെങ്കില്‍, അയാളെ ഒരു സമ്മാനമായി കരുതണം. അതുപോലെ ദൈവവചനങ്ങള്‍ നമ്മില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നെന്ന് അറിഞ്ഞിരിക്കണം. സ്വര്‍ഗ്ഗീയ ആനന്ദത്തിനുള്ള അന്വേഷണത്തെ വഴിതെറ്റിക്കുന്ന കെണികളെപ്പറ്റിയും പ്രലോഭനങ്ങളെപ്പറ്റിയും ബോധവാനാകുകയാണ് ഒരു മാര്‍ഗ്ഗം". മാര്‍പാപ്പ പറഞ്ഞു.
ധനമോഹമാണ് എല്ലാവിധ തിന്മകളുടെയും മൂലകാരണമെന്ന വിശുദ്ധ പൗലോസ് ശ്ലീഹായുടെ വാക്കുകള്‍ മാര്‍പാപ്പ തന്റെ സന്ദേശത്തില്‍ പ്രത്യേകം ഓര്‍മ്മിപ്പിച്ചു. ഓരോ നോമ്പുകാലവും യേശുവുമായുള്ള നമ്മുടെ കൂടികാഴ്ചയുടെ ഓര്‍മ്മപുതുക്കലിനുള്ള അവസരമാണ്. അവിടുത്തെ ചേര്‍ന്ന് ജീവിക്കുവാന്‍ ദൈവവചനത്തെ ശക്തമായ നാം മുറുകെ പിടിക്കണമെന്നും മാര്‍പാപ്പ തന്റെ സന്ദേശത്തില്‍ രേഖപ്പെടുത്തി. |