Content | ഗ്ലാസ്‌ക്കോ: ദൈവദാസി മാര്‍ഗ്രെറ്റ് സിങ്കെളേയറുടെ നാമത്തില്‍ അത്ഭുത രോഗശാന്തി അവകാശപ്പെട്ട് ഗ്ലാസ്‌ക്കോയില്‍ നിന്നൊരു പുരോഹിതന്‍. ശ്വാസകോശത്തിന് മാരകമായി ക്യാന്‍സര്‍ ബാധിച്ച് മരണത്തിന്റെ വക്കോളമെത്തിയ പീറ്റര്‍ സ്‌മിത്തെന്ന പുരോഹിതനാണ് ആധുനിക മെഡിക്കല്‍ സയന്‍സിനെപ്പോലും വിസ്‌മയിപ്പിച്ച രോഗ ശാന്തിയുമായി രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ 32 വര്‍ഷമായി പൗരോഹിത്യ ശുശ്രൂഷ ചെയ്യുന്ന അദ്ദേഹത്തിനു ലഭിച്ച അനുഗ്രഹം സ്‌ക്കോട്ട്‌ലണ്ടില്‍ മാത്രമല്ല, യു.കെയില്‍ ആകമാനം നഷ്ടമായിക്കൊണ്ടിരിക്കുന്ന ക്രൈസ്‌തവ വിശ്വാസത്തിന്റെ തിരിച്ചു വരവിനു സഹായകരമായേക്കുമെന്നാണ് കരുതുന്നത്. ഗ്ലാസ്‌ക്കോ അതിരൂപതയുടെ ഔഗ്യോഗിക വാര്‍ത്താ പത്രികയുടെ ഏറ്റവും പുതിയ എഡിഷനിലാണ് വൈറ്റിഞ്ചിലെ സെന്റെ് പോള്‍ ഇടവകയുടെ വികാരിയായ മോന്‍സിഞ്ഞോര്‍ പീറ്റര്‍ സ്‌മിത്തിന്റെ രോഗശാന്തി സാക്ഷ്യം.
ക്യാന്‍സര്‍ രോഗം മൂര്‍ച്ചിച്ച് ശ്വാസകോശത്തില്‍ രക്തം കട്ടപിടിച്ചതിനാല്‍, 48 മണിക്കൂറിനുള്ളില്‍ മരണം സംഭവിക്കുമെന്ന് ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ച്, കയ്യൊഴിഞ്ഞെങ്കിലും ദൈവദാസിയുടെ നാമത്തില്‍ അദ്ദേഹവും സഹപുരോഹിതരും കൂട്ടുകാരുമെല്ലാം പ്രാര്‍ത്ഥനയില്‍ വിശ്വസിച്ചതിന്, ദൈവം സമ്മാനിച്ച അത്ഭുത പ്രവര്‍ത്തനമായി ഇതിനെ കണക്കാക്കുന്നു. ് എന്റെ രോഗം മാറാന്‍ അത്ഭുതങ്ങളൊന്നും പ്രതീക്ഷിച്ചില്ല. എന്നാല്‍, ശുശ്രൂഷകളില്‍ നിരന്തരം ഞാനുണ്ടായിരുന്നു. കഴിഞ്ഞ കാലം മുഴുവന്‍ ഉയര്‍ത്തെഴുന്നേല്‍പ്പിനെപ്പറ്റി ഞാന്‍ പ്രസംഗിച്ചു കൊണ്ടേയിരിക്കയാണ്. ഇപ്പോഴാണ് അതിന് ശരിക്കും അര്‍ത്ഥം കണ്ടതെന്ന് മോന്‍സി. പീറ്റര്‍ സ്‌മിത്ത് പറയുന്നു. അതു സംഭവിച്ചത് ഞാന്‍ നേരിട്ട് അനുഭവിക്കുന്നു. ഇത് ദൈവദാസിയുടെ മാധ്യസ്ഥതയിലാണെന്നാണ് എന്റെ പരിപൂര്‍ണ്ണ വിശ്വാസം-വാര്‍ത്താ പത്രികക്കു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
58 കാരനായ പുരോഹിതന് മാരകമായ ക്യാന്‍സര്‍ ബാധ കണ്ടെത്തിയത് കഴിഞ്ഞ മെയ് മാസത്തിലാണ്. രണ്ട് മാസം മുമ്പ് മോന്‍സി. പീറ്റര്‍ സ്‌മിത്തിന്റെ നില അതീവ ഗുരുതരമായി. ശ്വാസകോശത്തില്‍ രക്തം കട്ടപിടിച്ചത് കളയാന്‍ ശസ്‌ത്രക്രിയ നടത്തിയാല്‍ മരണം സുനിശ്ചിതമെന്ന് ചികിത്സാ സംഘം വിലയിരുത്തി. മെഡിക്കല്‍ സയന്‍സിലെ പോംവഴികളെല്ലാം അടഞ്ഞപ്പോള്‍ ഡോക്ടര്‍മാര്‍ പുരോഹിതനെ മരണത്തിനു വിട്ടുകൊടുക്കുകയായിരുന്നു. പുരോഗിതന്‍ പ്രാര്‍ത്ഥനാ സഹായം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മാര്‍ഗ്രെറ്റിനെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന നടപടികള്‍ക്ക് നേതൃത്വം നല്‍കുന്ന അയല്‍ ഇടവകയുടെ വികാരി ഫ.ജോ മെക്ക്‌ലെ അടക്കം നിരവധി പേര്‍ മുട്ടിപ്പായി പ്രാര്‍ത്ഥിച്ചു, അത്ഭുത രോഗശാന്തിക്കായി.
സമയ പരിധിക്കു ശേഷം മോന്‍സി. പീറ്റര്‍ സ്‌മിത്തിനെ പരിശോധനകള്‍ക്കു വിധേയനാക്കിയ ഡോക്ടര്‍മാര്‍ പറയുന്നത് ഈ അത്ഭുത രോഗശാന്തിക്ക്‌് വിശദീകരണമില്ലെന്നാണ്.
രോഗ ശാന്തിയുടെ പേരില്‍ ശ്രദ്ധാകേന്ദ്രമാകാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല, എന്നാല്‍, വിശ്വാസ വെളിച്ചത്തില്‍ ഇക്കാര്യം സുവിശേഷവുമായി കൂടുതല്‍ അടുക്കാന്‍ മറ്റുള്ളവര്‍ക്കു സഹായകരമാകുമെങ്കില്‍ ഞാനെന്റെ കടമയാണ് ചെയ്യുന്നത്. രോഗാവസ്ഥയിലും എന്റെ പൗരോഹിത്യം നിര്‍വ്വഹിക്കാന്‍ കഴിഞ്ഞു.ഈ രോഗ ശാന്തി മാധ്യസ്ഥ പ്രാര്‍ത്ഥനയുടെ പ്രതിഫലമാണെന്ന് അധികൃതര്‍ അറിയാനും പരിശോധിച്ചറിയാനും കൂടിയാണ് സാക്ഷ്യം പറയുന്നതെന്നും അദ്ദേഹം അറിയിച്ചു.
1900ത്തില്‍ എഡിന്‍ബര്‍ഗിലെ കൗഗെയ്‌റ്റില്‍ ഒരു ദരിദ്ര കുടുബത്തില്‍ ജനിച്ച മാര്‍ഗ്രെറ്റ് കൂലിപ്പണിക്കു പോയാണ് രോഗിയായ അമ്മയേയും സഹോദരങ്ങളേയും പോറ്റിയത്. പിന്നീട്, കോണ്‍വെന്റെില്‍ ചേര്‍ന്ന് കന്യാസ്‌ത്രിയാകുകയായിരുന്നു. 1925ല്‍ ക്ഷയരോഗ ബാധിതയായി മരിച്ചു. മാര്‍ഗ്രെറ്റിനെ വിശുദ്ധയാക്കാനുള്ള നടപടിക്രമങ്ങള്‍ കത്തോലിക്ക സഭ ആരംഭിച്ചിരിക്കയാണ്. സ്‌ക്കോട്ട്‌ലണ്ടിലെ ഭൂരിപക്ഷം വരുന്ന പ്രൊട്ടസ്റ്റന്റ് വിശ്വാസികള്‍ക്കിടയിലും മാര്‍ഗ്രെറ്റിന്റെ പേരില്‍ നടന്ന അത്ഭുത രോഗ ശാന്തി ചര്‍ച്ചാ വിഷയമായിട്ടുണ്ട്.
|