Content | ന്യൂയോര്‍ക്ക്: ബൈബിള്‍ വചനം ഉരുവിട്ടതിലൂടെ ലഭിച്ച അത്ഭുതരോഗ സൗഖ്യത്തിന്‍റെ സാക്ഷ്യവുമായി പ്രശസ്ത വേര്‍ഷിപ്പ് ഗായിക ഡാര്‍ലെന്‍ ഷെച്ച്. സ്തനാര്‍ബുദം സ്ഥിരീകരിച്ച രോഗാവസ്ഥയുടെ നാളുകളില്‍ 91ാം സങ്കീര്‍ത്തനം ആവര്‍ത്തിച്ചു ചൊല്ലിയപ്പോള്‍ അത്ഭുതകരമായ രോഗസൗഖ്യം ലഭിക്കുകയായിരിന്നുവെന്ന് ഡാര്‍ലെന്‍ പറയുന്നു. സങ്കീര്‍ത്തനം ചൊല്ലി പ്രാര്‍ത്ഥിച്ചതിലൂടെ ലഭിച്ച രോഗസൗഖ്യത്തിന് കൃതജ്ഞതയായി "ഹിയര്‍ ആം ഐ സെന്‍റ് മി" എന്ന പേരിലുള്ള ആല്‍ബം ഡാര്‍ലെന്‍ ഷെച് ഉടന്‍ പുറത്തിറക്കുന്നുണ്ട്. .
"എന്‍റെ ജീവിതത്തില്‍ ദൈവം നല്‍കിയ അത്ഭുത സൌഖ്യത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. ഓരോ ദിവസവും ഞാന്‍ 91ാം സങ്കീര്‍ത്തനം ഉരുവിടുന്നു. പ്രകൃതിയിലെ ഓരോ കാര്യങ്ങളെ സ്വീകരിക്കുമ്പോഴും, എനിക്കു യാതൊരു നിയന്ത്രണവുമില്ലാത്ത കാര്യങ്ങളില്‍ ദൈവത്തില്‍ തന്നെ ആശ്രയിക്കുന്നു. ദൈവം എന്നെ സുഖപ്പെടുത്തി. 'സൗഖ്യമായി' എന്ന വാക്കുകള്‍ വൈദ്യശാസ്ത്രത്തിന് കേള്‍ക്കാന്‍ ഇഷ്ടമല്ല. മറിച്ച് 'ഭേദമായി' എന്ന പ്രയോഗമാണ് അവര്‍ക്കു പ്രിയം.".
"ഞാന്‍ രോഗത്തിന്‍റെ മൂര്‍ധന്യാവസ്ഥയിലെത്തിയപ്പോള്‍, ഇംഗ്ലണ്ടില്‍ നിന്നും എന്റെ അടുത്തെത്തിയ സഹഗായകന്‍ മാര്‍ട്ടിന്‍ സ്മിത്ത് എന്‍റെ ഭര്‍ത്താവിനോടൊപ്പം സമയം ചെലവഴിച്ച് തനിക്കു ധൈര്യം പകര്‍ന്നു. കടന്നുപോകുന്ന ഈ സമയത്തെക്കുറിച്ച് ഒരു പാട്ടെഴുതാന്‍ നീ ചിന്തിക്കുന്നുണ്ടാകുമെന്ന്‍ മാര്‍ട്ടിന്‍ പറഞ്ഞു. അവിടുന്ന് മഹാനാണെന്നു പറയാന്‍ ഞാന്‍ ആഗഹിക്കുന്നു എന്ന മറുപടിയാണ് ഞാന്‍ നല്‍കിയത്." ഡാര്‍ലിന്‍ പറഞ്ഞു. ഈ ഒരു ചിന്തയില്‍ നിന്നാണ് ഡാര്‍ലിനും മാര്‍ട്ടിനും ചേര്‍ന്ന്‍ "യൂ ആര്‍ ഗ്രെയ്റ്റ്" എന്ന ഗാനം എഴുതിയത്. രോഗസൗഖ്യത്തിന് കൃതജ്ഞതയായി പുറത്തിറക്കുന്ന "ഹിയര്‍ ആം ഐ സെന്‍റ് മി" ആല്‍ബത്തിലെ ആദ്യ ഗാനമാണ് "യൂ ആര്‍ ഗ്രെയ്റ്റ്".
'വിക്ടേഴ്സ് ക്രൌണ്‍', 'ഇന്‍ ജീസസ് നെയിം', 'വേര്‍ത്തി ഈസ് ദി ലാംപ്', 'അറ്റ് ദി ക്രോസ്', ഷൌറ്റ് റ്റു ദി ലോഡ്" തുടങ്ങിയ പ്രസിദ്ധ ആല്‍ബങ്ങളിലൂടെ അനേകരെ സ്വാധീനിച്ച ഒരു വേര്‍ഷിപ്പ് ഗായികയാണ് ഡാര്‍ലെന്‍ ഷെച്ച്. തന്റെ രോഗാവസ്ഥയുടെ നാളുകളില്‍ മാര്‍ട്ടിന്‍ സ്മിത്തിനൊപ്പം എഴുതിയ "ഹിയര്‍ ആം ഐ സെന്‍റ് മി" ആല്‍ബം മാര്‍ച്ച് മാസത്തില്‍ പുറത്തിറങ്ങും. മാരകമായ ക്യാന്‍സറിനോട് പൊരുതി ജയിച്ചതിനുള്ള കൃതജ്ഞതയായിട്ടാണ് ആല്‍ബം പുറത്തിറക്കുന്നത്.
"ചെറുതോ വലുതോ വേദന നിറഞ്ഞതോ, സന്തോഷപൂര്‍ണമോ ആകട്ടെ അതിന്‍റെ പൂര്‍ണ്ണതയില്‍ നിങ്ങള്‍ ദൈവത്തെ ആരാധിക്കുക എന്നതാണ് ആല്‍ബത്തിന്‍റെ സന്ദേശം. നമുക്ക് എത്രനാള്‍ കൂടിയുണ്ട് എന്ന് ആര്‍ക്കും അറിയാന്‍ പാടില്ല. എത്ര ദിവസമാണ് എനിക്കുള്ളതെങ്കിലും, ഞാനതു വളരെ ബോധപൂര്‍വ്വം വിനിയോഗിക്കാന്‍ ആഗ്രഹിക്കുന്നു." ഡാര്‍ലെന്‍ ഷെച്ച് പറയുന്നു. |