Content | ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒഡീഷയിലെ കാണ്ഡമാൽ ജില്ലയിലെ ക്രിസ്ത്യാനികള്‍ ഏറ്റുവാങ്ങിയ സഹനങ്ങളും വേദനകളും ധീരരക്തസാക്ഷിത്വവും നമ്മുടെ മനസ്സില്‍ നിന്ന്‍ മാഞ്ഞിട്ടുണ്ടാകില്ല. കേവലം വാക്കുകള്‍ കൊണ്ട് വിവരിക്കുവാന്‍ കഴിയാത്ത വിധത്തിലുള്ള ക്രൂരതയായിരുന്നു തങ്ങളുടെ ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ അവര്‍ ഏറ്റുവാങ്ങിയത്.
തീവ്രഹൈന്ദവവാദികള്‍ ക്രൈസ്തവര്‍ക്ക് നേരെ അഴിച്ചു വിട്ട അക്രമണ പരമ്പര അനേകരുടെ രക്തസാക്ഷിത്വത്തിനും കണ്ണീരിനും കാരണമായി. മാസങ്ങളോളം നീണ്ടു നിന്ന അക്രമ പരമ്പരയില്‍ നൂറോളം പേര്‍ ക്രിസ്തുവിനു വേണ്ടി തങ്ങളുടെ ജീവന്‍ ത്യജിക്കുകയും 56,000 ത്തോളം പേര്‍ക്ക് സ്വന്തം ഭവനങ്ങളും ആരാധനാലയങ്ങളും നഷ്ടമാവുകയും ചെയ്തു.
എന്നാല്‍ രക്തസാക്ഷികളുടെ ചൂടുനിണത്താല്‍ വളരുന്ന സഭയ്ക്ക് കൂടുതല്‍ ദൈവവിളികള്‍ കാണ്ഡമാലില്‍ നിന്ന്‍ ഉണ്ടായി. ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ ആക്രമണങ്ങള്‍ക്കും, നാശനഷ്ടങ്ങള്‍ക്കും ശേഷം ആ പ്രദേശങ്ങളില്‍ നിന്നും 'ദൈവവിളി' ലഭിച്ചവരുടെ എണ്ണത്തില്‍ അഭൂതപൂര്‍വ്വമായ വര്‍ദ്ധനവാണ് ഉണ്ടായത്. തങ്ങള്‍ അനുഭവിച്ച സഹനങ്ങളും വേദനകളും ആയിരങ്ങളിലേക്ക് ക്രിസ്തുവിനെ എത്തിക്കാന്‍ അനേകര്‍ സമര്‍പ്പിത ജീവിതം തിരഞ്ഞെടുത്തു.
ഓരോരുത്തരും സമര്‍പ്പിത ജീവിതത്തിലേക്ക് കടന്ന്‍ വരുന്നതിന് ഓരോ കാരണങ്ങള്‍ ഉണ്ട്. കാണ്ഡമാലില്‍ നിന്നുള്ള സിസ്റ്റര്‍ അലന്‍സാ നായകിന് സമര്‍പ്പിത ജീവിതത്തിലേക്ക് പ്രവേശിക്കാന്‍ കാരണമായത് മനസ്സിനെ ഏറെ പിടിച്ചുലച്ച ഒരു അത്ഭുതമായിരിന്നു. ഭാരതത്തിലെ ഏറ്റവും വലിയ ക്രിസ്ത്യന്‍ വിരുദ്ധ ലഹളയുടെ സമയത്ത് അലന്‍സ നായകിന് വയസ്സ് 15.
കാണ്ഡമാലില്‍ ക്രൈസ്തവര്‍ക്ക് നേരെ ആക്രമണങ്ങള്‍ പൊട്ടിപുറപ്പെട്ട സമയത്ത് പ്രാണരക്ഷാര്‍ത്ഥം വനത്തിലേക്ക് ഓടി രക്ഷപ്പെട്ട സംഭവം ഭീതിയോടുകൂടിയാണ് അലന്‍സ ഇന്നും ഓര്‍ക്കുന്നത്. “ആ ആക്രമങ്ങള്‍ക്ക് ശേഷം ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഒരു ആനക്കൂട്ടം ഗ്രാമത്തിലേക്ക് വന്നു. ക്രിസ്ത്യാനികളെ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തവരുടെ വീടുകളും കൃഷി സ്ഥലങ്ങളും ഈ ആനകൂട്ടം നശിപ്പിച്ചു. സമീപത്തുണ്ടായിരുന്ന ക്രിസ്ത്യാനികളുടെ വീടുകളിലേക്ക് ആനകൾ പ്രവേശിക്കുകയോ ഒരുവിധത്തിലുമുള്ള നാശനഷ്ടങ്ങൾ വരുത്തുകയോ ചെയ്തില്ലായെന്നത് വലിയ ഒരു അത്ഭുതമായിരിന്നു”.
“നിരാലംബരായ ക്രിസ്ത്യാനികള്‍ക്ക് വേണ്ടി എല്ലാവരും നിശ്ബ്ദത പാലിച്ചപ്പോള്‍ സര്‍വ്വശക്തനായ ദൈവത്തിന്റെ കരമാണ് അതിന്റെ പിന്നിലെന്ന് എനിക്ക് തോന്നി. ദരിദ്രരേയും, സഹായം ആവശ്യമുള്ളവരേയും സഹായിച്ചു കൊണ്ട് തന്റെ ജീവിതം ക്രിസ്തുവിനായി സമര്‍പ്പിക്കുവാന്‍ താന്‍ തീരുമാനിച്ചതിന് പിന്നില്‍ ഈ സംഭവമായിരിന്നു”. സിസ്റ്റര്‍ അലന്‍സ വെളിപ്പെടുത്തി.
‘സിസ്റ്റേഴ്സ് ഓഫ് ദി ഡെസ്റ്റിറ്റ്യൂട്ട്’ എന്ന സന്യാസിനി സഭയില്‍ ചേര്‍ന്ന അലന്‍സ നായക് പോസ്റ്റുലന്‍സി, നോവീഷ്യെറ്റ് എന്നീ ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കി 2016 ഒക്ടോബര്‍ 5-ന് ഹരിയാനയിലെ ജഗധരി ഗ്രാമത്തില്‍ വെച്ചാണ് നിത്യവൃത വാഗ്ദാനം നടത്തിയത്. ഡല്‍ഹിയിലെ പ്രൊവിന്‍ഷ്യല്‍ ഭവനത്തിലാണ് സിസ്റ്റര്‍ നായക് ഇപ്പോള്‍.
ഇക്കഴിഞ്ഞ ജനുവരി 26-ന് സിസ്റ്ററിന്റെ ഗ്രാമമായ മണ്ടുബാഡിയില്‍ പ്രത്യേകമായി അര്‍പ്പിച്ച വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുക്കുവാനും സിസ്റ്റര്‍ നായകിനെ അനുമോദിക്കുവാനുമായി തടിച്ചു കൂടിയത് ഏതാണ്ട് മൂവായിരത്തോളം ആളുകളാണ്. “അവള്‍ അങ്ങേയറ്റം ഭാഗ്യവതിയാണ്. ദൈവം അവളെ തന്റെ പദ്ധതിക്കായി വിളിച്ചു”. തന്റെ മകളുടെ ഇഷ്ട്ടത്തിന് പൂര്‍ണ്ണ സമ്മതം മൂളിയ അലന്‍സയുടെ അമ്മയുടെ വാക്കുകളാണിവ.
കാണ്ഡമാലിലെ ക്രൈസ്തവര്‍ക്ക് നേരെ അനുദിനം അക്രമണങ്ങളും വിവേചനവും വര്‍ദ്ധിക്കുമ്പോഴും ശക്തമായ ക്രൈസ്തവ സാക്ഷ്യമായി മാറുകയാണ് ഒഡീഷയിലെ ഈ കൊച്ചുഗ്രാമം. ശക്തമായ വിശ്വാസബോധ്യവുമായി സി. അലന്‍സയെ പോലുള്ള അനേകം പേര്‍ സമര്‍പ്പിത ജീവിതം തിരഞ്ഞെടുക്കുന്നുവെന്നത് മറ്റൊരു അത്ഭുതസാക്ഷ്യം.
|