Content | വത്തിക്കാന്‍ സിറ്റി: ക്രൈസ്‌തവര്‍ ഒരിക്കലും പ്രത്യാശ കൈവെടിയരുത്. ദൈവം നമ്മെ സ്‌നേഹിക്കുന്നുണ്ടെന്ന ബോധ്യം എപ്പോഴും ഉണ്ടാകണം. പ്രതിസന്ധി ഘട്ടങ്ങളിലും ഏറെ പൈശാചികവും മാരകവുമായ എന്തു കൃത്യം ചെയ്‌തിട്ടുണ്ടെന്നാലും ദൈവ സ്‌നേഹം നമുക്കു സംരക്ഷണമേകുന്നു- പോപ്പ് ഫ്രാന്‍സിസ് പറഞ്ഞു.
ഈ സംരക്ഷണം നമ്മില്‍ നിന്നും എടുത്തു മാറ്റാന്‍ ആര്‍ക്കും സാധ്യമല്ല. ദൈവം എന്നെ സ്‌നേഹിക്കുന്നു, എനിക്ക് ഉറപ്പുണ്ട് ദൈവം എന്നെ സ്‌നേഹിക്കുന്നെന്ന്-ഇങ്ങിനെ എപ്പോഴും തുടര്‍ച്ചയായി ഒരു പ്രാത്ഥന പോലെ ഉരുവിട്ടു കൊണ്ടിരിക്കണമെന്നു പോള്‍ ആറാമന്‍ ഓഡിയന്‍സ് ഹാളില്‍ തിങ്ങി നിറഞ്ഞ ആയിരക്കണക്കിന് തീര്‍ത്ഥാടകരോട് മാര്‍പാപ്പ തന്റെ പ്രതിവാര പ്രാഭഷണ പരമ്പരയില്‍ വിശദീകരിച്ചു.
ദൈവ മഹത്വത്തിന്റെ പ്രത്യാശ ക്രൈസ്‌തവര്‍ ഉയര്‍ത്തേണ്ടതിന്റെ ആവശ്യകത അദ്ദഹം ഊന്നിപ്പറഞ്ഞു. സെ. പോള്‍ റോമക്കാര്‍ക്ക് എഴുതിയ ലേഖനത്തിലെ പ്രസക്ത ഭാഗങ്ങള്‍ ഉദ്ധരിച്ചാണ് ക്രൈസ്‌തവ പ്രത്യാശയെപ്പറ്റി അദ്ദേഹം ഉല്‍ബോധനം നടത്തിയത്. യൂറോപ്പില്‍ നിന്നെത്തിയ നിരവധി വിദ്യാര്‍ത്ഥി സംഘങ്ങള്‍ക്കൊപ്പം ഇറ്റലി, സ്‌പെയിന്‍ എന്നിവിടങ്ങളിലെ ദേവാലയങ്ങളില്‍ നിന്നുള്ള കുട്ടികളുടെ ഗായക സംഘങ്ങളും ഓഡിറ്റോറിയത്തില്‍ ഉണ്ടായിരുന്നു.
പ്രാഭാഷണത്തിനു വിഘ്‌നം വരുത്തി ഇറ്റലിയില്‍ നിന്നുള്ള ഗായക സംഘങ്ങള്‍ ഇടക്കിടെ ഗാനങ്ങള്‍ പൂര്‍ത്തികരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത് മാര്‍പ്പാപ്പയുടെ ശ്രദ്ധയില്‍പ്പെട്ടു. തീര്‍ത്ഥാകര്‍ ഒന്നടങ്കം കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നതിനിടയിലും ഗാനം പൂര്‍ത്തീകരിക്കാനുള്ള നിര്‍ബന്ധ ബുദ്ധിയായിരുന്നു ഗായകര്‍ക്ക്. ഇത് മനസ്സിലായ മാര്‍പ്പാപ്പ ചിരിച്ചു കൊണ്ട് അവരെ അഭിനന്ദിച്ചു പറഞ്ഞു- നിങ്ങള്‍ക്ക് എന്തെങ്കിലും നേടണമെങ്കില്‍ ഇതു പോലെ ചെയ്യണം. ഇത് തന്നെയാണ് പ്രാത്ഥനയിലും നമ്മള്‍ ചെയ്യേണ്ടത്.
കര്‍ത്താവില്‍ നിന്നും എന്തെങ്കിലും ആവശ്യമായാല്‍ നിര്‍ബന്ധ ബുദ്ധിയോടെ നിരന്തരം മുട്ടിപ്പായി പ്രാര്‍ത്ഥിക്കണം.
ജീവിതത്തില്‍ നാം ഒറ്റയല്ല, ദൈവം ഒപ്പം ഉണ്ടെന്ന ബോധ്യം നമുക്കുണ്ടാകണം. ദൈവമാണ് സൂപ്പര്‍താരം. സ്‌നേഹ സമ്മാനമായി അവന്‍ നമുക്ക് എല്ലാം തന്നു. അദ്ദേഹമാണ് രക്ഷാകര പദ്ധതിയുടെ അമരക്കാരന്‍. ദൈവം നമ്മെ സ്‌നേഹിക്കുന്നു എന്നു മാത്രമല്ല, നമ്മോടൊപ്പം വസിക്കുക കൂടി ചെയ്യുന്നുണ്ട്. പ്രതിസന്ധി ഘട്ടങ്ങളില്‍ ഇത് മനസ്സിലാക്കാന്‍ ഏറെ ബുദ്ധിമുട്ടാണ്, അപ്പോഴെല്ലാം നിരന്തരം പ്രാര്‍ത്ഥിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
|