Content | കയ്‌റോ: ഈജിപ്‌തില്‍ ക്രൈസ്‌തവര്‍ക്കു നേരെയുള്ള പീഡനങ്ങള്‍ വര്‍ദ്ധിച്ചെന്ന് പുതിയ റിപ്പോര്‍ട്ട്. ക്രിസ്‌ത്യന്‍ സോളിഡാരിറ്റി വേള്‍ഡ്‌വൈഡ് നടത്തിയ പഠനത്തിലാണ് ഇത് സംബന്ധിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. ക്രൈസ്‌തവര്‍ക്കെതിരായി നടക്കുന്ന അക്രമങ്ങളും പീഢനങ്ങളും സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുന്നില്ലെന്നും, ഇരകള്‍ക്ക് നീതി ലഭിക്കുന്നില്ലെന്ന ഭീകരാവസ്ഥ നിലനില്‍ക്കുന്നതായും സംഘടനയുടെ പഠനം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ആറുവര്‍ഷത്തിനിടയില്‍ ക്രൈസ്‌തവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ പതിന്മടങ്ങ് വര്‍ദ്ധിച്ചതായാണ് പഠനം വ്യക്തമാക്കുന്നത്. ഇരുപത്തിയൊന്ന് കോപ്‌റ്റിക് ക്രൈസ്‌തവ യുവാക്കളെ കടല്‍ തീരത്തുവെച്ച് ഐഎസ് ഭീകരര്‍ നിഷ്‌ഠൂരമായി കൊലചെയ്‌ത രംഗത്തിന്റെ വീഡിയോ പുറത്തു വന്നതിന്റെ രണ്ടാം വാര്‍ഷിക ദിനത്തിലാണ്, ക്രൈസ്‌തവര്‍ക്കെതിരെ വ്യാപകമായിക്കൊണ്ടിരിക്കുന്ന മതപീഢനങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ ക്രിസ്‌ത്യന്‍ സോളിഡാരിറ്റി വേള്‍ഡ്‌വൈഡ് പ്രസിദ്ധീകരിച്ചത്.
ക്രൈസ്‌തവര്‍ക്കെതിരെ അക്രമസംഭവങ്ങള്‍ ഉണ്ടാകുമെന്ന രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിപ്പുകള്‍ ഉണ്ടായിട്ടും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാതെ സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്ന്‍ ആരോപണമുണ്ട്. ഇക്കഴിഞ്ഞ ഡിസംബറില്‍ കയ്‌റോയിലെ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ ക്രൈസ്തവ വിശ്വാസികളെ ഐഎസ് കൊലപ്പെടുത്തിയ സംഭവത്തെ പറ്റി സര്‍ക്കാരിനു നേരത്തെ മുന്നറിപ്പു ലഭിച്ചിരിന്നുവെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരിന്നു.
ഗവണ്‍മെന്‍റിന്റെ അനാസ്ഥ മൂലമാണ് അക്രമം അരങ്ങേറിയതെന്ന്‍ പരക്കെ ആക്ഷേപമുണ്ട്. ക്രൈസ്‌തവര്‍ക്ക് ജീവിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടേറിയ ലോകത്തിലെ അമ്പത് രാജ്യങ്ങളില്‍ ഇരുപതാം സ്ഥാനമാണ് ഈജിപ്‌തിനുള്ളത്. |