Content | സിഡ്‌നി: ഇറാഖിലും സിറിയയിലും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ കടുത്ത പീഢനങ്ങള്‍ക്കിരയായ എണ്‍പതു ശതമാനം ക്രൈസ്‌തവ അഭയാര്‍ത്ഥികളെ ഒഴിവാക്കി ഇസ്ലാം മതസ്ഥരെ സ്വീകരിച്ച ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ നടപടിയില്‍ പരക്കെ പ്രതിഷേധം. ക്രൈസ്തവരെ അവഗണിച്ച് വീസ നല്‍കിയ സുന്നി ഇസ്ലാം മതസ്ഥര്‍ ഐഎസില്‍ നിന്നും യാതൊരു ഭീഷണിയും ഇല്ലാത്തവരായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.
അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിഞ്ഞിരുന്നുയെന്നത് ഒഴിച്ചാല്‍ ഇസ്ലാം മതസ്ഥര്‍ക്ക് ഒരു പോറല്‍ പോലും ഏറ്റിട്ടില്ലെന്ന് ബര്‍ണബാസ്' എന്ന സന്നദ്ധ സംഘടനയുടെ സൗത്ത് ഏഷ്യ ഫെസിലിറ്റേട്ടര്‍ ജൂഡ് സൈമണ്‍ പറഞ്ഞു. അതേ സമയം ഇറാഖിലും സിറിയയിലും മതപീഢനങ്ങള്‍ക്ക് ഇരയായ ക്രൈസ്‌തവര്‍ക്ക് മാനുഷിക പരിഗണന നല്‍കി അഭയാര്‍ത്ഥി വീസ നല്‍കണമെന്ന് വിവിധ ക്രൈസ്‌തവ സഭാ നേതാക്കള്‍ ഓസ്ട്രേലിയന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കുടിയേറ്റകാര്യ വകുപ്പ് മന്ത്രി പീറ്റര്‍ ഡട്ടന്റെ മെല്‍ബണിലുള്ള ഓഫിസില്‍ സമര്‍പ്പിച്ച 300 അപേക്ഷകളില്‍ ക്രൈസ്തവരായ എണ്‍പതു ശതമാനവും തിരസ്‌ക്കരിക്കപ്പെട്ടതായി സന്നദ്ധ സംഘടനാ വക്താവ് വെളിപ്പെടുത്തി. ഇവരിലേറേയും പീഢനങ്ങള്‍ക്ക് വിധേയരായി ജീവനും കൊണ്ട് രക്ഷപ്പെട്ടവരാണ്. ക്രിസ്‌ത്യന്‍ അഭയാര്‍ത്ഥികള്‍ക്ക് പരിഗണന നല്‍കുമെന്ന് മന്ത്രി തന്നെ പറഞ്ഞിരുന്നെങ്കിലും, മറിച്ചാണ് സംഭവിച്ചതെന്നും സൈമണ്‍ പറഞ്ഞു.
2015 നും 2017നും ഇടയില്‍ ഇറാഖില്‍ നിന്നും സിറിയയില്‍ നിന്നുമുള്ളവര്‍ക്ക് 18,000 അഭയാര്‍ത്ഥി വീസകള്‍ ഓസ്ട്രേലിയ നല്‍കിയിട്ടുണ്ട്. 10239 വീസകള്‍ കൊടുത്തതിനു പുറമെയാണിതെന്ന് കുടിയേറ്റ നിയമ കാര്യാലയം വ്യക്തമാക്കി. ഇതിലാണ് ഗവണ്‍മെന്‍റ് പക്ഷപാതം കാണിച്ചിരിക്കുന്നത്.
അമേരിക്കയിലേക്ക് പ്രവേശനം നല്‍കിയ ക്രൈസ്തവ അഭയാര്‍ത്ഥികളുടെ എണ്ണവും നാമമാത്രമായി ചുരുങ്ങിയെന്ന്‍ നേരത്തെ റിപ്പോര്‍ട്ടുണ്ടായിരിന്നു. 10,801 സിറിയന്‍ അഭയാര്‍ത്ഥികളെ യുഎസിലേക്ക് സ്വീകരിക്കുവാന്‍ ഒബാമ ഭരണകൂടം പ്രത്യേക താല്‍പര്യം കാണിച്ചപ്പോള്‍ ക്രൈസ്തവരുടെ എണ്ണം വെറും 56 പേര്‍ മാത്രമായി ചുരുങ്ങി.
|