Content | സ്റ്റെയുബെന്‍വില്ലി: ഏറ്റവും ബൃഹത്തായ കത്തോലിക്ക ബൈബിള്‍ പഠന പദ്ധതി മാര്‍ച്ച് ഒന്നിന് ആരംഭിക്കും. ഡോ: സ്‌കോട്ട് ഹാന്‍ സ്ഥാപിച്ച സെന്റ് പോള്‍ സെന്‍റര്‍ ഫോര്‍ ബിബ്ലിക്കല്‍ തിയോളജിയുടെ നേതൃത്വത്തിലാണ് ആയിരക്കണക്കിന് കത്തോലിക്കര്‍ക്കായി വമ്പന്‍ ബൈബിള്‍ പഠന പദ്ധതി നടപ്പിലാക്കുന്നത്. ദ ബൈബിള്‍ ആന്റ് ദ സാക്രമെന്റ്‌സ് (ബൈബിളും കുദാശകളും) എന്ന പതിനൊന്ന് പാഠങ്ങളെ ആസ്പദമാക്കിയാണ് പഠനപദ്ധതി.
കൂദാശകളില്‍ അധിഷ്‌ഠിതമായ ബൈബിള്‍ പഠനത്തില്‍ നിരവധി രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുക്കുന്നുണ്ട്. രക്ഷാകര ചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ ഏഴ് കൂദാശകളെ കുറിച്ചുള്ള അഗാധമായ പഠനമാണ് സെന്‍റ് പോള്‍ സെന്‍റര്‍ തങ്ങളുടെ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഏറ്റവും വലിയ കത്തോലിക്ക ബൈബിള്‍ പഠന പദ്ധതിയില്‍ പങ്കാളികളാകാന്‍ ഇതിനകം പതിനായിരക്കണക്കിനാളുകള്‍ രജിസ്ട്രേഷന്‍ നടത്തിയതായി സെന്റ് പോള്‍ സെന്ററിന്റെ വക്താക്കള്‍ അവകാശപ്പെട്ടു.
കത്തോലിക്ക വിശ്വാസ പാരമ്പര്യ പ്രകാരം ജീവിത നവീകരണത്തിനായി ദൈവവചന പഠനത്തെ പ്രാത്സാഹിപ്പിക്കുകയും നടപ്പിലാക്കുകയുമാണ് സെന്റ് പോള്‍ സെന്ററിന്റെ ലക്ഷ്യമെന്ന് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ആന്‍ഡ്രൂ ജോണ്‍സ് പറഞ്ഞു. പദ്ധതി അനേകരിലേക്ക് വ്യാപിപ്പിക്കുവാനാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ദ ബൈബിള്‍ ആന്‍ഡ് ദ സാക്രമെന്റ്‌സ്' പഠനത്തില്‍ ഇരുപതാം നൂറ്റാണ്ടില്‍ കൂദാശകള്‍ ശക്തമായി സ്വാധീനിച്ച ആല്‍ബര്‍ട്ട് ഹിച്ച്‌കോക്ക്, ജെ.ആര്‍.ആര്‍.ടോള്‍ക്കിയന്‍, ഹാസ്യസാമ്രാട്ട് ബോബ് ഹോപ്പിന്റെ ഭാര്യ ഡോളേഴ്‌സ് ഹോപ്പ് തുടങ്ങീ പ്രശസ്തരുടെ സാക്ഷ്യവും ഓണ്‍ലൈന്‍ പഠനപരമ്പരയില്‍ അവതരിപ്പിക്കുന്നുണ്ട്.
അനുദിന ജീവിതത്തില്‍ കൂദാശകളുടെ അര്‍ത്ഥവും പ്രാധാന്യവും മനസ്സിലാക്കുവാന്‍ പഠനപദ്ധതി സഹായകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം 'ബൈബിളും കന്യകാമറിയവും' എന്ന പേരില്‍ സെന്‍റ് പോള്‍ സെന്‍റര്‍ പഠന പദ്ധതി തയാറാക്കിയിരിന്നു. ആയിരക്കണക്കിന് കത്തോലിക്കരും അകത്തോലിക്കരുമാണ് ഈ പദ്ധതിയില്‍ പങ്കെടുത്തത്. |