Content | കൊച്ചി: കണ്ണടച്ചു പ്രാര്‍ഥിച്ചാല്‍ നിങ്ങള്‍ക്കും സിസ്റ്റര്‍ റാണി മരിയയുടെ സാന്നിധ്യം അനുഭവിക്കാം...! തിരശീല വീഴുംമുമ്പേ സദസിനോടു കഥാപാത്രങ്ങളിലൊരാളുടെ ഓര്‍മപ്പെടുത്തല്‍. ധ്യാനസമാനമായ നിശബ്ദതയുടെ നിമിഷങ്ങള്‍ക്കൊടുവില്‍ നിറഞ്ഞ കൈയടിയുയര്‍ന്നപ്പോള്‍, സിസ്റ്റര്‍ റാണി മരിയ വിമോചനത്തിന്റെ വിശുദ്ധനക്ഷത്രം എന്ന നാടകത്തെ കാണികള്‍ ഹൃദയത്തിലേറ്റിയിരുന്നു.
പ്രേഷിതപ്രവര്‍ത്തനങ്ങള്‍ക്കിടെ രക്തസാക്ഷിത്വം വരിച്ച ദൈവദാസി സിസ്റ്റര്‍ റാണി മരിയയുടെ ജീവിതത്തെയും സന്ദേശങ്ങളെയും ആധാരമാക്കി ഒരുക്കിയ നാടകം അരങ്ങില്‍ പുതുവിസ്മയമായി. സിസ്റ്ററിന്റെ ജന്മദേശമായ പെരുമ്പാവൂര്‍ പുല്ലുവഴിയിലെ സെന്റ് തോമസ് പള്ളി മൈതാനായില്‍ അരങ്ങേറിയ നാടകം കാണാന്‍ നൂറുകണക്കിന് കലാസ്വാദകരെത്തി.
സിസ്റ്റര്‍ റാണി മരിയയുടെ പ്രേഷിതപ്രവര്‍ത്തനവഴികള്‍, രക്തസാക്ഷിത്വം, കൊലപാതകിയായ സമന്ദര്‍സിംഗിന്റെ മാനസാന്തരം, സിസ്റ്ററിന്റെ മാതാപിതാക്കളുമായുള്ള കൂടിക്കാഴ്ച തുടങ്ങിയവ നാടകം ഹൃദ്യമായി ആവിഷ്‌കരിച്ചു. എറണാകുളം-അങ്കമാലി അതിരൂപതയുടെ മാധ്യമവിഭാഗമായ പില്‍ഗ്രിംസ് കമ്യൂണിക്കേഷനാണു ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വിമോചനത്തിന്റെ വിശുദ്ധ നക്ഷത്രം നാടകം അരങ്ങിലെത്തിച്ചത്.
മികച്ച അമേച്വര്‍ നാടകസംവിധായകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം നേടിയ വിനോദ്കുമാറാണു നാടകത്തിന്റെ രചനയും സംവിധാനവും. പില്‍ഗ്രിംസ് കമ്യൂണിക്കേഷന്‍സിന്റെ മുന്‍ ഡയറക്ടറും കണ്ടനാട് ഉണ്ണിമിശിഹാ പള്ളി വികാരിയുമായ ഫാ. തോമസ് നങ്ങേലിമാലിലിന്റേതാണു സഹസംവിധാനവും നിര്‍മാണ നിര്‍വഹണവും. അഭിനയരംഗത്തു ശ്രദ്ധേയയായ ആലീസ് മാത്യുവാണു സിസ്റ്റര്‍ റാണി മരിയയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത്.
|