Content | മനില: നോമ്പിന്റെ ദിനങ്ങളില്‍ സാധുക്കളായ കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം നല്‍കുവാന്‍ മനില രൂപതാ പ്രത്യേക പദ്ധതി തയാറാക്കി. 'ഫാസ്റ്റ് ടൂ ഫീഡ്' എന്ന പ്രത്യേക ക്യാംപെയിന്‍ പ്രകാരമാണ് കുഞ്ഞുങ്ങള്‍ക്ക് ആഹാരം എത്തിച്ച് നല്‍കുക. വിശപ്പും, പോഷകആഹാര കുറവും മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് പോഷക സമൃദ്ധമായ ഭക്ഷണം നല്‍കുന്ന പദ്ധതിയാണ് ഫാസ്റ്റ് ടൂ ഫീഡ്. 2005-ല്‍ തുടക്കം കുറിച്ച് 'ടേബിള്‍ ഓഫ് ഹോപ്പ്' പദ്ധതിയോട് ചേര്‍ന്നാണ് പുതിയ ആശയവും നടപ്പിലാക്കുന്നത്.
നോമ്പിന്റെ ദിവസങ്ങളില്‍ തങ്ങള്‍ ഉപവാസത്തിലൂടെ മാറ്റിവയ്ക്കുന്ന ഭക്ഷണത്തിന്റെ തുക പാവപ്പെട്ടവരിലേക്ക് എത്തിക്കുവാനാണ് രൂപതാ പുതിയപദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നോമ്പ് കാലഘട്ടം ഉപവാസത്തിനും പ്രാര്‍ത്ഥനയ്ക്കും നീക്കിവയ്ക്കുന്നതിനോടൊപ്പം, സാധുക്കളെ സഹായിക്കുവാനും വിശ്വാസികള്‍ മുന്‍കൈയെടുക്കണമെന്നു മനില അതിരൂപത ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ലുയിസ് അന്റോണിയോ ടാഗ്ലേ പുറത്തിറക്കിയ ഇടയലേഖനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
"ഈ ദിനങ്ങളില്‍ നാം ദൈവത്തിന്റെ ദാനശീലത്തെ അനുകരിക്കുവാന്‍ ശ്രമിക്കുന്നവരായി തീരണം. സാധുക്കളോടും, ബുദ്ധിമുട്ടുകള്‍ സഹിക്കുന്നവരോടും നാം ഈ ദിനങ്ങളില്‍ ഏറെ അനുകമ്പ കാണിക്കണം. ഒന്നും പ്രവര്‍ത്തിക്കാതെ നിശ്ചലരായി ഇരിക്കുമ്പോള്‍ നമുക്ക് മറ്റുള്ളവരോട് കാരുണ്യപൂര്‍വ്വം ഇടപഴകുവാന്‍ സാധിക്കുകയില്ല. ആലംബഹീനരായ സഹോദരങ്ങളെ കാരുണ്യപൂര്‍വ്വം കരുതുന്ന ദിനങ്ങളായി നോമ്പിന്റെ ദിവസങ്ങളെ നാം മാറ്റിയെടുക്കേണം". ഇടയലേഖനത്തില്‍ പറയുന്നു.
|