category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ പ്രക്ഷോഭ പരിപാടികള്‍ക്ക് 10ന് തുടക്കം
Contentകൊച്ചി: ദേശീയ-സംസ്ഥാന പാതയോരങ്ങളുടെ 500 മീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ മദ്യശാലകളും മാര്‍ച്ച് 31-നകം ഒഴിവാക്കണമെന്ന സുപ്രീംകോടതിയുടെ സുപ്രധാന വിധി നിലനില്‍ക്കേ ഈ വിധിയെ അട്ടിമറിക്കുന്നതിനും ടൂറിസം കേന്ദ്രങ്ങളില്‍ യഥേഷ്ടം ഫോര്‍സ്റ്റാര്‍ ബാറുകള്‍ തുറന്നുകൊടുക്കുന്നതുമുള്‍പ്പെടെയുള്ള മദ്യനയ അട്ടിമറി നീക്കത്തിന് തടയിടാന്‍ കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മറ്റി ബിഷപ് റെമജിയൂസ് ഇഞ്ചനാനിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 10 ന് രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ സഭാ ആസ്ഥാനത്ത് ഏകദിന ഉപവാസം നടത്തും. പാതയോരത്തെ മദ്യശാലകള്‍ കണ്ണെത്തും ദൂരത്തുനിന്ന് ഒഴിവാക്കണമെന്ന കോടതിവിധിയെ ദുര്‍വ്യാഖ്യാനം ചെയ്തും ഈ വിധി ബെവ്‌കോ ഔട്ട്‌ലറ്റുകള്‍ക്ക് മാത്രമേ ബാധകമാവുകയുള്ളുവെന്നും തെറ്റായ നിയമോപദേശം നല്‍കി വിധിയെ അട്ടിമറിക്കാനുള്ള നീക്കമാണ് ചില കേന്ദ്രങ്ങളില്‍ നടക്കുന്നത്. കുടിവെള്ളമില്ലാത്ത നാട്ടില്‍ മദ്യം ഉദാരമാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ടൂറിസം വികസനത്തിന്റെ പേരുപറഞ്ഞ് മുഴുവന്‍ ഫോര്‍സ്റ്റാര്‍ ബാറുകള്‍ക്കും ലൈസന്‍സ് കൊടുക്കാനും മദ്യം യഥേഷ്ടം ലഭ്യമാക്കാന്‍ മദ്യസല്‍ക്കാരത്തിനുള്ള ലൈസന്‍സ് ഫീസ് കുറയ്ക്കുന്നതിനുള്ള ബന്ധപ്പെട്ടവരുടെ നീക്കം ശക്തമായ പ്രക്ഷോഭത്തെ ക്ഷണിച്ചുവരുത്തും. സംസ്ഥാനത്തുടനീളം മദ്യശാലകള്‍ക്ക് ലൈസന്‍സ് നല്‍കി മദ്യവര്‍ജ്ജനം പറയുന്നതാണോ സംസ്ഥാന സര്‍ക്കാരിന്റെ മദ്യവര്‍ജ്ജന നയം. സുപ്രീംകോടതി വിധി മദ്യവര്‍ജ്ജനത്തിന് സംസ്ഥാന സര്‍ക്കാരിന് പ്രോത്സാഹനം നല്‍കുന്ന വിധിയാണ്. സുപ്രീംകോടതി വിധി രാജ്യം ഒന്നടങ്കം ഏറ്റെടുത്തു എന്നുള്ളതിന് തെളിവാണ് ജനവാസകേന്ദ്രങ്ങളിലേക്ക് മാറ്റിസ്ഥാപിക്കാന്‍ തയ്യാറെടുക്കുന്ന മദ്യശാലകള്‍ക്കെതിരെയുള്ള ബഹുജനപ്രതിഷേധം. ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ മദ്യശാലകള്‍ പാടില്ലായെന്ന സുപ്രീംകോടതി വിധിയുടെ മറവില്‍ നിയമലംഘനം നടത്തി ജനവാസകേന്ദ്രങ്ങളിലോ, പാര്‍പ്പിടങ്ങളിലോ മദ്യശാലകള്‍ സ്ഥാപിക്കാന്‍ തയ്യാറെടുക്കുന്ന ബെവ്‌കോയ്ക്ക് പോലീസ് സംരക്ഷണം നല്‍കണമെന്ന ഡി.ജി.പി.യുടെ ഉത്തരവും വിരോധാഭാസമാണ്. നിയമലംഘനം നടത്തുന്നവര്‍ക്കല്ല പൊതുജനത്തിനാണ് സംരക്ഷണം നല്‍കേണ്ടത്. നഗ്നമായ നിയമലംഘനങ്ങളാണ് ബെവ്‌കോയും കണ്‍സ്യൂമര്‍ഫെഡും നടത്തുന്നത്. ഇതിന് എക്‌സൈസ് വകുപ്പും പോലീസും കൂട്ടുനില്‍ക്കുകയാണ്. മദ്യശാലകള്‍ തുറക്കണമെങ്കില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മുന്‍കൂര്‍ അനുമതി വേണം. 2012 നവംബര്‍ 25-ന് ഭേദഗതി ചെയ്ത അബ്കാരി ആക്ടും മുനിസിപ്പല്‍-പഞ്ചായത്ത് ആക്ടും കൂടി ബന്ധപ്പെട്ടവര്‍ പരിശോധിക്കണം. നിലവിലുണ്ടായിരുന്ന മദ്യശാലകള്‍ തദ്ദേശസ്ഥാപനത്തിന്റെ അനുമതിയോടുകൂടിയാണ് പ്രവര്‍ത്തിച്ചിരുന്നത് എന്ന കാരണത്താല്‍ മാറ്റി സ്ഥാപിക്കുന്നതിന് അനുമതി വേണ്ടായെന്ന തെറ്റിദ്ധാരണ പരത്താന്‍ എക്‌സൈസും, ബെവ്‌കോയും ബോധപൂര്‍വ്വമായ ശ്രമം നടത്തുന്നുണ്ട്. ചട്ടമനുസരിച്ച് മാറ്റി സ്ഥാപിക്കുമ്പോഴും പുതിയവ തുടങ്ങുമ്പോഴും അതേ മാനദണ്ഡങ്ങള്‍ എക്‌സൈസ് വകുപ്പ് പാലിക്കണം. 232, 447 ചട്ടപ്രകാരം പരിസ്ഥിതി, പൊതുസുരക്ഷ, പൊതുജനാരോഗ്യം മുതലായ പൊതുതാല്പര്യങ്ങളെ പ്രത്യക്ഷമായോ പരോക്ഷമായോ ദോഷകരമായി ബാധിക്കുന്നതോ, പൊതുശല്യമാകുന്നതോ ആയ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് വ്യവസ്ഥകള്‍ക്ക് അനുസൃതമായിരിക്കണമെന്ന് ചട്ടങ്ങളില്‍ പറയുന്നു. അനുമതി ഇല്ലാതെ ഈ സ്ഥാപനങ്ങള്‍ തുടങ്ങിയാല്‍ പഞ്ചായത്ത്, മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ അധികാരികള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളെന്ന പരിഗണന നല്കാതെ കര്‍ശന നടപടി എടുക്കണം. അപേക്ഷ ലഭിച്ചാല്‍ തീരുമാനമെടുക്കാതെ 30 ദിവസം വച്ചുതാമസിപ്പിച്ച് 'ഡീംഡ്' ലൈസന്‍സ് ലഭിക്കുന്ന സാഹചര്യം ഉണ്ടാക്കരുതെന്നും പൊതുജനം അവശ്യ അബ്കാരി ചട്ടങ്ങള്‍ അറിഞ്ഞിരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. ജനവാസകേന്ദ്രങ്ങളിലേക്ക് മദ്യശാലകള്‍ വരുന്നതിനെതിരെ രാജ്യമെങ്ങും ബഹുജനപ്രതിഷേധങ്ങള്‍ അലയടിക്കുകയാണ്. കുടിക്കാന്‍ ഔട്ട്‌ലറ്റുകള്‍ക്ക് മുമ്പില്‍ ക്യൂ നില്‍ക്കുന്നവരും, കുടിയെ ന്യായീകരിക്കുന്നവരും പോലും ഈ പ്രതിഷേധങ്ങള്‍ക്കൊപ്പമാണെന്ന പ്രത്യേകതയും ഈ സമരങ്ങള്‍ക്ക് ശക്തിപകരുന്നു. കെ.സി.ബി.സി. മദ്യവിരുദ്ധസമിതി ഈ വിഷയത്തില്‍ ഇടപെട്ട് ബഹുജനപ്രക്ഷോഭത്തിന് ശക്തി പകരും. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ പാതയോരങ്ങളില്‍ നിന്നും ഒഴിവാക്കപ്പെടുന്ന മദ്യശാലകള്‍ രണ്ട് കൈയ്യുംനീട്ടി ജനം സ്വീകരിക്കുന്നില്ലെങ്കില്‍ ജനവാസ കേന്ദ്രങ്ങളില്‍ അടിച്ചേല്‍പ്പിക്കരുത്. സംസ്ഥാനത്തുടനീളം പൊതുസമൂഹത്തിന്റെ മനസ്സ് മദ്യശാലകള്‍ക്കെതിരാണ്. മദ്യപിക്കുന്നവരും മദ്യത്തെ ന്യായീകരിക്കുന്നവരുപോലും തന്റെ ഗ്രാമത്തില്‍ മദ്യശാല വേണ്ട എന്ന നിലപാടിലാണ്. ജനവികാരം കണക്കിലെടുത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഭരണകര്‍ത്താക്കളും ജനങ്ങളോടൊപ്പം നിലകൊള്ളുകയും അവരോടൊപ്പം സമരം ചെയ്യുകയും ചെയ്യുന്ന അഭൂതപൂര്‍വ്വമായ കാഴ്ചയാണ് എല്ലാ കേന്ദ്രങ്ങളിലും കാണുന്നതെന്നും കക്ഷിരാഷ്ട്രീയത്തിനതീതമായി ഇടതുപക്ഷമെന്നോ വലതുപക്ഷമെന്നോ പക്ഷംപിടിക്കാതെ ജനം ഒറ്റക്കെട്ടായി നില്‍ക്കുന്നത് സ്വന്തം നാട്ടില്‍ സംഭവിക്കാന്‍ ഇടയുള്ള ദുരന്തങ്ങളെ മുമ്പില്‍കണ്ടാണെന്നും സമിതി ചൂണ്ടിക്കാട്ടി. ബിഷപ് റെമജിയൂസ് ഇഞ്ചനാനിയില്‍, ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്യോസ് തുടങ്ങിയ ബിഷപ്പുമാരും കെ.സി.ബി.സി. ഡപ്യൂട്ടി സെക്രട്ടറി ഫാ. വര്‍ഗ്ഗീസ് വള്ളിക്കാട്ട്, ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, അഡ്വ. ചാര്‍ലി പോള്‍, പ്രസാദ് കുരുവിള, ഫാ. പോള്‍ കാരാച്ചിറ, യോഹന്നാന്‍ ആന്റണി, ആന്റണി ജേക്കബ്, സിസ്റ്റര്‍ ആനീസ് തോട്ടപ്പിള്ളി, രാജു വലിയാറ, ജോസ് ചെമ്പിശ്ശേരി, തോമസുകുട്ടി മണക്കുന്നേല്‍, ദേവസ്യ കെ. വര്‍ഗ്ഗീസ്, ബനഡിക്ട് ക്രിസോസ്റ്റോം, തങ്കച്ചന്‍ വെളിയില്‍, തങ്കച്ചന്‍ കൊല്ലക്കൊമ്പില്‍, ഷിബു കാച്ചപ്പള്ളി, വൈ. രാജു എന്നിവരും പങ്കെടുത്ത് പ്രസംഗിക്കും. 31 അതിരൂപതാ രൂപതകളില്‍ നിന്നുള്ള നൂറുകണക്കിന് പ്രതിനിധികള്‍ ഉപവാസ പരിപാടികളില്‍ പങ്കാളികളാകും. വാര്‍ത്താ സമ്മേളനത്തില്‍ മദ്യവിരുദ്ധ കമ്മീഷന്‍ സെക്രട്ടറി ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. ചാര്‍ലി പോള്‍, പ്രസാദ് കുരുവിള, തങ്കച്ചന്‍ വെളിയില്‍ എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-03-08 08:47:00
Keywordsമദ്യ
Created Date2017-03-08 08:48:18