category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമൂന്നു മക്കളെയും പൗരോഹിത്യശുശ്രൂഷക്കായി ദൈവത്തിനു സമര്‍പ്പിച്ച ഒരു ഇന്ത്യൻ വിധവയുടെ ജീവിതം അനേകർക്കു പ്രചോദനമാകുന്നു
Contentമുംബൈ: ലോക വനിതാ ദിനമായിരുന്ന മാർച്ച് 8ന്, അന്താരാഷ്ട്ര മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന വിധവയായ ഒരു ഇന്ത്യൻ വനിതയുടെ ജീവിതം അനേകർക്കു പ്രചോദനമാകുന്നു. പ്രതികൂലമായ ജീവിത സാഹചര്യങ്ങളോട് പൊരുതി തന്റെ മൂന്നു മക്കളെയും പൗരോഹിത്യശുശ്രൂഷക്കായി ദൈവത്തിനു സമര്‍പ്പിച്ചുകൊണ്ട് ജീവിതം ധന്യമാക്കിയ കൊരിന്നെ റോഡ്രിഗസ് എന്ന മുംബൈ സ്വദേശിനിയായിരുന്ന വിധവയുടെ ജീവിതം അനേകരെ ആകർഷിച്ചുകൊണ്ട് മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നു. മുംബൈ അതിരൂപതയിൽ സേവനം ചെയ്യുന്ന ഫാദര്‍ സാവിയോ, മുംബൈ ജെസ്യൂട്ട് വൈസ് പ്രൊവിന്‍ഷ്യല്‍ ആയ ഫാദര്‍ ലൂക് S.J., ബാന്ദ്രായിലെ ഔര്‍ ലേഡി ഓഫ് ദി മൗണ്ട് ബസലിക്കയുടെ റെക്ടര്‍ ആയ Msgr. ജോണ്‍ റോഡ്രിഗസ് എന്നിവരാണ് കൊരിന്നെ റോഡ്രിഗസിന്റെ ഭാഗ്യം ചെയ്ത മക്കള്‍. 1975-ലാണ് കൊരിന്നെക്ക് തന്റെ ഭര്‍ത്താവിനെ നഷ്ടപ്പെടുന്നത്. ജീവിതത്തിലെ ആ പ്രതികൂല ഘട്ടത്തില്‍ ഒട്ടും തന്നെ തളരാതെ പൂര്‍ണ്ണമായും ദൈവത്തില്‍ വിശ്വസിച്ചു കൊണ്ട് അവള്‍ തന്റെ മൂന്ന് ആണ്‍കുട്ടികളേയും പഠിപ്പിക്കുകയും വളര്‍ത്തുകയും ചെയ്തു. ദൈവ നിയോഗത്താല്‍ ഇന്ന് അവര്‍ മൂവരും വൈദികരായി. വിധവകളെ സഹായിക്കുന്നതിനുള്ള പ്രസ്ഥാനത്തിനും മറ്റ് കാരുണ്യ പ്രവര്‍ത്തികള്‍ക്കും ആരംഭവും നേതൃത്വവും നല്‍കിയത് വഴി തന്റെ അതിരൂപതയില്‍ എല്ലാവർക്കും പ്രിയങ്കരിയായിരുന്ന കൊരിന്നെ റോഡ്രിഗസ് 2000-ത്തിലാണ് മരിച്ചത്. “എപ്പോഴും ദൈവത്തിന്റെ സാന്നിധ്യത്തെ കുറിച്ച് ഞങ്ങൾ ഓര്‍ത്തിരുന്നത് ഞങ്ങളുടെ അമ്മയുടെ മാതൃക അനുസരിച്ചാണ്. ഞങ്ങളുടെ ഭവനത്തിലും ജീവിതത്തിലും എപ്പോഴും പ്രാര്‍ത്ഥനയുടേതായ ഒരന്തരീക്ഷം നിലനിർത്തുവാൻ അമ്മ എപ്പോഴും ശ്രദ്ധിച്ചിരുന്നു. കൂടാതെ ദേവാലയവും മറ്റ് പുരോഹിതരുമായുള്ള ബന്ധങ്ങളും വഴി ഞങ്ങള്‍ പൗരോഹിത്യ ജീവിതത്തിലേക്കുള്ള ഞങ്ങളുടെ ദൈവവിളി കേട്ടു” അന്താരാഷ്ട്ര വനിതാ ദിനത്തിൽ തന്റെ മാതാവിനെ പ്രത്യേകമായി ഓര്‍ത്തുകൊണ്ട് Msgr. ജോണ്‍ റോഡ്രിഗസ് പറയുന്നു. മുംബൈ അതിരൂപതയിലെ ക്രിസ്തീയ കാരുണ്യത്തിന്റെ ഉത്തമ ഉദാഹരണമായിരുന്നു അദ്ദേഹത്തിന്റെ മാതാവായിരുന്ന കൊരിന്നെ, നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അവര്‍ നേതൃത്വം നല്‍കിയിരുന്നു. വിധവകങ്ങളെ സഹായിക്കുവാനായി ആരംഭിച്ച “ഹോപ്‌ ആന്‍ഡ്‌ ലൈഫ് മൂവ്മെന്റ്” അതിലൊന്നു മാത്രം. തന്റെ പ്രിയപ്പെട്ട ഭര്‍ത്താവിന്റെ ആകസ്മികമായ മരണത്തിനു പോലും ദൈവസ്നേഹത്തിൽ നിന്നും അവളെ പിന്തിരിപ്പിക്കുവാൻ സാധിച്ചില്ല. തുടർന്നുള്ള കാലം വിധവയായി ജീവിച്ചപ്പോഴും ദൈവത്തെ സ്നേഹിക്കുന്നതിനും, സുവിശേഷ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നതിനും, ആ മൂല്യങ്ങള്‍ക്കനുസൃതമായി തന്റെ മക്കളെ വളര്‍ത്തുന്നതിനും അവൾ പ്രത്യേക താത്‌പര്യം കാണിച്ചു. അവളുടെ ആ അര്‍പ്പണത്തിന്റെ പ്രതിഫലമായി അവളുടെ മൂന്നു മക്കളും ഇന്ന് വൈദികരായി സഭയിൽ സേവനം ചെയ്യുന്നു. “ആദ്യം ഒരു അദ്ധ്യാപിക എന്ന നിലയിലും, പിന്നീട് ഭാര്യ, അമ്മ, വിധവ എന്നീ നിലകളിലും മറ്റുള്ളവരുടെ സേവനത്തിനായി തന്റെ ജീവിതം സമര്‍പ്പിച്ച വിശാസിയും മഹത്വവുമുള്ളവളായ ഒരു അസാധാരണ സ്ത്രീയായിരുന്നു തങ്ങളുടെ അമ്മ” മൂന്നു വൈദികരും തങ്ങളുടെ അമ്മയേക്കുറിച്ചോര്‍ക്കുന്നു. “ഞങ്ങളുടെ മാതാ-പിതാക്കള്‍ പരസ്പരം അഗാധമായ സ്നേഹമുള്ളവരായിരുന്നു. ഇടവക കാര്യങ്ങളില്‍ ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിച്ചിരുന്ന അവര്‍ ക്രിസ്ത്യന്‍ ഫാമിലി മൂവ്മെന്റുകളില്‍ ചേരുകയും വിവാഹിതരായ ദമ്പതികള്‍ക്ക് വേണ്ടിയുള്ള ധ്യാനങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. താമസിയാതെ ആ കൂട്ടായ്മകളുടെ നേതൃത്വത്തിലെത്തുകയും അത്തരം ധ്യാനങ്ങള്‍ക്കായി അവർ മറ്റുള്ള ദമ്പതിമാരെ പ്രേരിപ്പിക്കുകയും ചെയ്യുമായിരുന്നു.” ഫാദര്‍ സാവിയോ പറഞ്ഞു. “ഞങ്ങളുടെ പിതാവായ സ്റ്റാന്‍ലിയുടെ ആകസ്മികമായ മരണത്തിനു ശേഷവും ഞങ്ങളുടെ അമ്മ തന്റെ മതപരമായ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. അവള്‍ നിരവധി ത്യാഗങ്ങള്‍ സഹിക്കുകയും ഞങ്ങളെ പഠിപ്പിക്കുകയും ചെയ്തു. സഹായം ആവശ്യമുള്ളവരെ കണ്ടെത്തുന്നതിലും അവരെ സഹായിക്കുന്നതിലും ഞങ്ങളുടെ അമ്മയുടെ കഴിവ് അപാരമായിരുന്നു. അവള്‍ ആശുപത്രികളില്‍ പോയി രോഗികളെ സന്ദര്‍ശിക്കുകയും, പാവപ്പെട്ടവര്‍ക്കായി പലചരക്ക് സാധനങ്ങള്‍ വാങ്ങിച്ചു നല്‍കുകയും, കുട്ടികളെ സംരക്ഷിക്കുകയും വിധവകള്‍ക്കായി നിരവധി പരിപാടികള്‍ സംഘടിപ്പിക്കുകയും തൊഴില്‍ നേടുന്നതില്‍ അവരെ സഹായിക്കുകയും ചെയ്തു. അവളുടെ ഉദാരമന്സകതയും ഊര്‍ജ്ജസ്വലതയും അനുകരണീയമായിരുന്നു.” ഫാദര്‍ സാവിയോ കൂട്ടിച്ചേര്‍ത്തു. മുംബൈ അതിരൂപതയുടെ സഹായത്തോടെ 1985-ല്‍ കൊരിന്നെ ‘ഹോപ്‌ ആന്‍ഡ്‌ ലൈഫ് മൂവ്മെന്റ്’ സ്ഥാപിച്ചു. പത്ത് വിധവകളെ സംഘടിപ്പിച്ചുകൊണ്ട് ഒരു സെമിനാറോട് കൂടി ആരംഭിച്ച ആ പ്രസ്ഥാനത്തിനു ഇന്ന് നഗരത്തിലെ വിവിധ ഇടവകകളിലായി നിരവധി ഗ്രൂപ്പുകള്‍ ഉണ്ട്. അവളുടെ നേതൃത്വത്തില്‍ അവിവാഹിതകളായ സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടിയുള്ള സാമൂഹ്യ പ്രവര്‍ത്തനങ്ങളും നടന്നു. 1993-ലെ കൂട്ടക്കൊലയില്‍ ഇരകളായവരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കുകയും ദുരിതത്തിലായിരുന്ന വിധവകളുടെ വീടുകള്‍ നന്നാക്കി കൊടുക്കുകയും ചെയ്തു. “ദുരിതങ്ങളിലും, വേദനകളിലും, സഹനങ്ങളിലും ഞങ്ങളെ നയിച്ച യേശു ക്രിസ്തുവായിരുന്നു എന്റെ അമ്മയുടെ പരമമായ പങ്കാളി” എന്ന് കൊരിന്നെ സ്ഥാപിച്ച ‘ഹോപ്‌ ആന്‍ഡ്‌ ലൈഫ് മൂവ്മെന്റ്’ പ്രസ്ഥാനത്തിന്റെ മുപ്പതാം വാര്‍ഷികാഘോഷ വേളയില്‍ അവരുടെ മകൻ Msgr. ജോണ്‍ റോഡ്രിഗസ് പറഞ്ഞു. “പ്രാര്‍ത്ഥനയായിരുന്നു ഞങ്ങളുടെ ശക്തി, പ്രാര്‍ത്ഥനക്ക് ഞങ്ങളുടെ കുടുംബത്തില്‍ വളരെയേറെ പ്രാധാന്യമുണ്ടായിരുന്നു. ഞങ്ങളുടെ വീട്ടിലും കൂട്ടായ്മകളിലും ഞങ്ങള്‍ നിരന്തരം ജപമാല ചൊല്ലുക പതിവായിരുന്നു. തിരുസഭക്കായി സേവനം ചെയ്യുന്നതിന് ഞങ്ങള്‍ക്ക് പ്രചോദനം നല്‍കിയ ഞങ്ങളുടെ മാതാപിതാക്കള്‍ക്ക് നന്ദി.” എന്ന് പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹം തന്റെ വാക്കുകള്‍ ഉപസംഹരിച്ചത്. ജീവിതത്തിന്റെ തിരിച്ചടികളില്‍ പതറാതെ, ദൈവത്തിലുള്ള തന്റെ വിശ്വാസം ഉപേക്ഷിക്കാതെ തന്റെ മൂന്നു മക്കളേയും നന്മയില്‍ വളര്‍ത്തുകയും അവരെ ദൈവ സേവനത്തിലേക്ക് നയിക്കുകയും ചെയ്ത കൊരിന്നെ റോഡ്രിഗസ് എന്ന വിധവയുടെ ജീവിതം നമുക്കേവര്‍ക്കും ഒരു മാതൃകയാകട്ടെ.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-03-09 12:00:00
Keywordsവനിതാ
Created Date2017-03-09 18:23:48