Content | വത്തിക്കാന്‍: ഫ്രാന്‍സിസ് പാപ്പായുടെ അടുത്ത ഇടവകാ സന്ദര്‍ശനം റോമില്‍ ബോര്‍ഗാത്ത ഒത്താവിയയിലെ ദേവാലയത്തില്‍ നടക്കും. ഈ വര്‍ഷത്തെ തന്റെ മൂന്നാമത് ഇടവക സന്ദര്‍ശനം കനോസ്സായിലെ വി. മഗ്ദലേന ഇടവകയിലാണ് മാര്‍പാപ്പ നടത്തുന്നത്. മാര്‍ച്ച് 12 ഞായറാഴ്ച നടക്കുന്ന ഇടയസന്ദര്‍ശനത്തിന് വിശ്വാസികള്‍ ഏറെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്ന്‍ ഇടവകവികാരി ഫാ. ജോര്‍ജോ സ്പിനെല്ലോ പറഞ്ഞു.
ഇടവകയിലെ യുവജനങ്ങള്‍, രോഗികള്‍ എന്നിവരുമായും കഴിഞ്ഞ വര്‍ഷം മാമ്മോദീസ സ്വീകരിച്ച കുഞ്ഞുങ്ങളുടെ മാതാപിതാക്കളുമായും പരിശുദ്ധ പിതാവ് പ്രത്യേകമായ കൂടിക്കാഴ്ച നടത്തും. കനോഷ്യന്‍ സന്യാസസമൂഹത്തിന്റെ സ്ഥാപകയായ കനോസ്സയിലെ വി. മഗ്ദലേന വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടതിനോട് അനുബന്ധിച്ചു സ്ഥാപിക്കപ്പെട്ട ദേവാലയത്തിലാണ് മാര്‍പാപ്പ സന്ദര്‍ശനം നടത്തുന്നത്.
കരുണയുടെ ജൂബിലി വര്‍ഷവുമായി ബന്ധപ്പെട്ട് ഫ്രാന്‍സിസ് പാപ്പ നിറുത്തിവച്ചിരിന്ന ഇടവകാ സന്ദര്‍ശനം ജനുവരി മാസത്തിലാണ് പുനരാരംഭിച്ചത്. സേത്തെവീലെയിലെ ദൈവമാതാവിന്‍റെ നാമത്തിലുള്ള ദേവാലയമാണ് അന്ന്‍ പാപ്പ സന്ദര്‍ശിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ വത്തിക്കാനില്‍നിന്നും മാറി സ്ഥിതി ചെയ്യുന്ന വിശുദ്ധ മരിയ ജൊസേഫായുടെ നാമത്തിലുള്ള ഇടവക ദേവാലയവും മാര്‍പാപ്പ സന്ദര്‍ശിച്ചിരിന്നു. |