category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingബീഹാറിന്റെ കണ്ണീരൊപ്പുന്ന സിസ്റ്റര്‍ സുധാ വര്‍ഗ്ഗീസിന് വനിതാ വുമണ്‍ ഓഫ് ദി ഇയര്‍ പുരസ്കാരം
Contentകോട്ടയം: പട്ടിണിയിലും അവഗണനയിലും കഴിഞ്ഞിരുന്ന ബിഹാറിലെ മുസഹര്‍ വിഭാഗത്തിന്റെ ഉന്നമനത്തിനായി ജീവിതം സമര്‍പ്പിച്ച സിസ്റ്റര്‍ സുധാ വര്‍ഗ്ഗീസിന് വനിതാ വുമണ്‍ ഓഫ് ദി ഇയര്‍ പുരസ്കാരം. കോട്ടയം കാഞ്ഞിരത്താനം ചേന്നംപറമ്പില്‍ സ്വദേശിനിയാണ് സിസ്റ്റര്‍ സുധ. ഒരു ലക്ഷം രൂപയും മെമന്റോയുമാണ് ജേതാവിനു ലഭിക്കുക. അപരനോടുള്ള കരുണയും അന്യന്റെ ദു:ഖം കഴുകിക്കളയാനുള്ള സന്നദ്ധതയുമാണ് പത്താം ക്ലാസ് കഴിഞ്ഞ ഉടൻതന്നെ സുധാ വർഗീസിനെ പട്നയിലെ നോത്ദ്രാം സഭയിലേക്കെത്തിച്ചത്. പിന്നീട് തനിക്ക് ലഭിച്ച അധ്യാപകജോലി ഉപേക്ഷിച്ചാണ് സിസ്റ്റര്‍ സുധ ബിഹാറിലെ ദലിത് വിഭാഗത്തിനായി തന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. സിസ്റ്റര്‍ സുധയുടെ പ്രതിഫലമില്ലാത്ത പ്രവര്‍ത്തനത്തിന് രാജ്യം 2006ൽ പത്മശ്രീ നൽകി ആദരിച്ചു. കോട്ടയം കാഞ്ഞിരത്താനം ചേന്നംപറമ്പിൽ കർഷകനായ എബ്രഹാം വർക്കിയുടെയും ഏലിക്കുട്ടിയുടെയും എട്ടു മക്കളിൽ മൂത്തയാളായാണ് സുധാ വർഗീസിന്റെ ജനനം. നിരാലംബര്‍ക്ക് വേണ്ടി ജീവിതം സമര്‍പ്പിക്കണം എന്ന തീവ്രമായ ആഗ്രഹം സുധാ വർഗീസിനെ നോത്ദ്രാം സഭയിലേക്ക് എത്തിക്കുകയായിരിന്നു. അവിടുത്തെ പഠനത്തിനു ശേഷം പത്തു വർഷത്തോളം അധ്യാപന ജീവിതം നയിച്ചു. തുടര്‍ന്നാണ് അനാഥർക്കും അശരണർക്കുമായി പൂര്‍ണ്ണമായും ഇറങ്ങി തിരിക്കുവാന്‍ സുധാ വർഗീസ് തീരുമാനിച്ചത്. ശൈശവ വിവാഹവും സ്ത്രീപീഡനങ്ങളും പതിവായിരുന്ന ബീഹാറിലെ മഹാദളിത് വിഭാഗമായ മുഹസറുകള്‍ക്ക് ഇടയിലാണ് സിസ്റ്റര്‍ സുധ തന്റെ ജീവിത ദൌത്യം ആരംഭിച്ചത്. ജംസത്ത് ഗ്രാമത്തിലെ ഒറ്റമുറി വീട്ടിൽ താമസിച്ച് അനേകരുടെ കണ്ണീരൊപ്പിയ സിസ്റ്റര്‍, മുസഹർ സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിച്ച് സന്നദ്ധസംഘടനയായ നാരിഗുഞ്ജൻ അടക്കം വിദ്യാലയങ്ങളും സ്ത്രീകൾക്കായി സ്വയം തൊഴിൽ യൂണിറ്റുകളും ആരംഭിച്ചിട്ടുണ്ട്. ഗ്രാമത്തിലെ പെൺകുട്ടികൾക്ക് പത്താം ക്ലാസുവരെ താമസിച്ചു പഠിക്കാൻ ദാനാപ്പൂർ ലാൽകോട്ടിയിലും ഗയയിലും തുടങ്ങിയ ബാലികാ വിദ്യാലയങ്ങൾ, മാതാ സമിതി എന്ന പേരിലുള്ള അമ്മമാരുടെ സമിതി, നാൽപത് അംഗൻവാടികൾ, തെരുവിലെത്തിപ്പെടുന്ന പെൺകുട്ടികൾക്കും വയോജനങ്ങൾക്കുമുള്ള സംരക്ഷണ കേന്ദ്രങ്ങൾ, സ്ത്രീകൾക്കായി ലഘുഭക്ഷണ നിർമാണ കേന്ദ്രങ്ങളും നാപ്കിൻ നിർമാണ പരിശീലനവും തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾക്ക് ഇന്ന് സിസ്റ്റർ സുധാ വർഗീസ് നേതൃത്വം നൽകുന്നുണ്ട്. മൗലാന അബ്ദുൽ കലാം ശിക്ഷ എജ്യുക്കേഷൻ അവാർഡ്, ഗൊഡ്ഫ്രെ ഫിലിപ്സ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്, ഐക്കൺ ഓഫ് ബീഹാർ അവാർഡ്, ഗുഡ്സമരിറ്റൻ അവാർഡ് എന്നീ പുരസ്കാരങ്ങളും സിസ്റ്റര്‍ സുധ നേടിയിട്ടുണ്ട്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-03-10 13:42:00
Keywordsസിസ്റ്റ
Created Date2017-03-10 13:44:09