Content | അമ്മാന്‍: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ആക്രമണത്തെ തുടര്‍ന്നു സ്വദേശവും വീടും ഉപേക്ഷിച്ച് പലായനം ചെയ്ത് ജോര്‍ദ്ദാനിലെത്തിയ ആയിര കണക്കിന് ഇറാഖി ക്രിസ്ത്യന്‍ അഭയാര്‍ത്ഥികളുടെ അവസ്ഥ പരിതാപകരമാണെന്ന് റിപ്പോര്‍ട്ട്. മധ്യ-കിഴക്കന്‍ രാജ്യങ്ങളിലെ പ്രശ്നങ്ങള്‍ രൂക്ഷമായത് കൊണ്ട് അന്താരാഷ്ട്ര തലത്തിലുള്ള സഹായങ്ങള്‍ ലഭിക്കുവാന്‍ അഭയാര്‍ത്ഥികള്‍ ബുദ്ധിമുട്ട് നേരിടുന്നതായി കത്തോലിക്ക നേതാക്കള്‍ പറഞ്ഞു.
അമ്മാനിലെ വത്തിക്കാന്‍ എംബസ്സിയും, ജോര്‍ദ്ദാനിലെ കത്തോലിക്കാ ചാരിറ്റിയായ കാരിത്താസ് ജോര്‍ദ്ദാനും സംയുക്തമായി അമ്മാനില്‍ സംഘടിപ്പിച്ച കോണ്‍ഫന്‍സിലാണ് ഇക്കാര്യം നേതാക്കള്‍ വെളിപ്പെടുത്തിയത്. അഭയാര്‍ത്ഥികളെ സഹായിക്കുവാനായി ധാരാളം പണവും സഹകരണവും ആവശ്യമുണ്ടെന്നും പ്രതിനിധികള്‍ പറഞ്ഞു.
ഏതാണ്ട് 1.5 ദശലക്ഷത്തോളം അഭയാര്‍ത്ഥികള്‍ക്ക് തങ്ങള്‍ അഭയം നല്‍കുന്നുണ്ടെന്നും അഭയാര്‍ത്ഥികളുടെ ഈ ബാഹുല്യം നിമിത്തം തങ്ങളുടെ കരുതല്‍ ധനവും, വെള്ളത്തിന്റെയും വിദ്യുച്ഛക്തിയുടേയും വിതരണവും താറുമാറായി എന്നുമാണ് ജോര്‍ദ്ദാന്‍ ഗവണ്‍മെന്റ് പറയുന്നത്. “അഭയാര്‍ത്ഥികളുടെ കൈയില്‍ ഉണ്ടായിരിന്ന പണം പൂര്‍ണ്ണമായും തീര്‍ന്നു. ജോലി ചെയ്യുവാനുള്ള അവകാശം പോലും അവര്‍ക്കില്ല. ഇത്തരമൊരവസ്ഥയില്‍ അവര്‍ക്കെങ്ങിനെ മനുഷ്യരേപോലെ ജീവിക്കുവാന്‍ കഴിയും?” ജോര്‍ദ്ദാനിലെ ഇറാഖി, സിറിയന്‍ അഭയാര്‍ത്ഥികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഫാദര്‍ ഖലീല്‍ ജാര്‍ പറഞ്ഞു.
ജോര്‍ദ്ദാനിലെ സ്കൂളുകളില്‍ അഭയാര്‍ത്ഥികളായ കുട്ടികള്‍ക്ക് പ്രവേശനം ലഭിക്കാത്തതിനാല്‍ തങ്ങളുടെ സ്വന്തം നിലക്ക് 200-ഓളം ക്രിസ്ത്യന്‍ അഭയാര്‍ത്ഥി കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്ന കാര്യവും വൈദികന്‍ ചൂണ്ടികാണിച്ചു. “ഏതു മാസം വേണമെങ്കിലും ഞങ്ങളുടെ സ്കൂള്‍ അടച്ചു പൂട്ടാം, കാരണം അത് നടത്തികൊണ്ട് പോകുവാന്‍ ആവശ്യമായ പണം ഞങ്ങളുടെ കയ്യിലില്ല. തങ്ങളുടെ കുടുംബം പോറ്റുവാന്‍ കഷ്ടപ്പെടുന്ന മാതാപിതാക്കള്‍ക്ക് ഈ ചിലവുകള്‍ വഹിക്കുവാന്‍ സാധിക്കുകയില്ല.” ഫാദര്‍ ഖലീല്‍ ജാര്‍ കൂട്ടിച്ചേര്‍ത്തു.
ഇറാഖി ക്രിസ്ത്യാനികള്‍ തങ്ങളുടെ നാട് ഉപേക്ഷിച്ചിട്ടു ഇപ്പോള്‍ മൂന്ന്‍ വര്‍ഷമാകുന്നുവെന്നും അവരുടെ കാര്യങ്ങള്‍ വളരെ പരിതാപകരമാണെന്നും സംഭാവനകളില്‍ ഗണ്യമായ കുറവുകള്‍ വന്നിരിക്കുവെന്നും പൊന്തിഫിക്കല്‍ മിഷന്റെ റീജിയണല്‍ ഡയറക്ടറായ റീഡ് ബാഹൌ വെളിപ്പെടുത്തി.
"ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ മൊസൂള്‍ കീഴടക്കിയപ്പോള്‍ ആയിരത്തോളം ക്രിസ്തീയ കുടുംബങ്ങള്‍ രക്ഷപ്പെട്ടു ജോര്‍ദ്ദാനിലെത്തി. അവരെല്ലാവരും ഇപ്പോള്‍ ഓസ്ട്രേലിയ, കാനഡ തുടങ്ങിയ സ്ഥലങ്ങളില്‍ സുരക്ഷിതരായി. എന്നാല്‍ അതിനു ശേഷവും ഏതാണ്ട് ആയിരത്തോളം വരുന്ന ക്രിസ്തീയ കുടുംബങ്ങള്‍ രക്ഷപ്പെട്ട് ജോര്‍ദ്ദാനിലെത്തി. വിവിധ സംഘടനകളുമായി സഹകരിച്ച് അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുവാനുള്ള കഠിന പരിശ്രമത്തിലാണ് കത്തോലിക്കാ സഭ". റീഡ് ബാഹൌ കൂട്ടിച്ചേര്‍ത്തു. അതേ സമയം ജോര്‍ദ്ദാനിലെ ഇറാഖി അഭയാര്‍ത്ഥികള്‍ക്കായി തൊഴില്‍ സംഘടിപ്പിക്കുവാനുള്ള പദ്ധതിക്കായി വത്തിക്കാന്‍ ധനസഹായം നല്‍കുന്നുണ്ട്.
|