category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപത്രോസിന്റെ സിംഹാസനത്തിൽ പാവങ്ങളുടെ പാപ്പാ നാലുവർഷം പിന്നിടുമ്പോൾ
Contentആഗോള കത്തോലിക്ക സഭയുടെ തലവനായി വിശുദ്ധ പത്രോസിന്റെ സിംഹാസനത്തില്‍ ഫ്രാന്‍സിസ്‌ പാപ്പാ അവരോധിതനായിട്ട് ഇന്ന് (13/03/2017) നാല് വര്‍ഷം. ചുരുങ്ങിയ നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ തിരുസഭയുടെ മേല്‍ നിര്‍ണ്ണായകമായൊരു സ്വാധീനം ചെലുത്തുവാന്‍ പാപ്പാക്ക് കഴിഞ്ഞിട്ടുണ്ട് എന്ന കാര്യം ഏറെ ശ്രദ്ധേയമാണ്. വിശ്വാസികള്‍ക്ക് സഭയോടുള്ള അടിസ്ഥാനപരമായ കാഴ്ചപ്പാടില്‍ വളരെയേറെ മാറ്റങ്ങള്‍ വരുത്തുവാന്‍ ഫ്രാന്‍സിസ്‌ പാപ്പാക്ക് കഴിഞ്ഞിട്ടുണ്ട്. പത്രോസിന്റെ സിംഹാസനത്തിൽ പാവങ്ങളുടെ പാപ്പാ നാലുവർഷം പിന്നിടുമ്പോൾ സഭയ്ക്കു അദ്ദേഹം തിരുസഭയ്ക്ക് സമ്മാനിച്ച നേട്ടങ്ങള്‍ 1) #{red->n->n-> സുവിശേഷവല്‍ക്കരണത്തിന്റെ നൂതന മാര്‍ഗ്ഗം}# യേശുവിന്റെ വചനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്നതിന് പുതിയ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണമെന്ന പാപ്പയുടെ നിര്‍ദ്ദേശം ഏറെ ശ്രദ്ധേയമായിരിന്നു. അനുതാപവും ദൈവത്തിന്റെ കാരുണ്യവും ആയിരിക്കണം സുവിശേഷ പ്രചാരണത്തിന്റെ ആദ്യ വാക്കുകള്‍ എന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു. കാരുണ്യത്തില്‍ ഊന്നിയുള്ള മാര്‍പാപ്പയുടെ പ്രസംഗങ്ങള്‍ ലോകം ഏറെ പ്രതീക്ഷയോടെയാണ് ഇന്നും ശ്രവിക്കുന്നത്. ദരിദ്രരോടും സമൂഹത്തില്‍ നിന്നും പുറന്തള്ളപ്പെട്ടവരോടും സ്നേഹവും അനുകമ്പയും കാണിക്കുക എന്നതാണ് ക്രൈസ്തവരായ നമ്മുടെ ഏറ്റവും പ്രഥമമായ ഉത്തരവാദിത്വം എന്ന് ഫ്രാന്‍സിസ് പാപ്പാ തുറന്ന് പറഞ്ഞു. താന്‍ നടത്തുന്ന ആഹ്വാനങ്ങള്‍ കേവലം വാക്കുകളില്‍ ഒതുക്കാതെ അത് പ്രവര്‍ത്തിയിലൂടെ കാണിക്കുവാന്‍ ഈ 4 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഫ്രാന്‍സിസ് പാപ്പയ്ക്ക് കഴിഞ്ഞുയെന്നത് ഏറെ ശ്രദ്ധേയമാണ്. അഭയാര്‍ത്ഥികളേയും, ഭവനരഹിതരേയും, രോഗികളേയും സന്ദര്‍ശിച്ചു കൊണ്ട് പാപ്പാ കാരുണ്യത്തിന്റെ പുതിയ ഒരു പാഠം തന്റെ പ്രവര്‍ത്തിയിലൂടെ കൈമാറി, അത് ഇന്നും കൈമാറുന്നു. തന്റെ അജഗണങ്ങളോടുള്ള ഒരു പിതാവിന്റെ സ്നേഹവും കരുതലും പാപ്പായുടെ വാക്കുകളിലും പ്രവര്‍ത്തികളിലും ഒരുപോലെ നമ്മുക്ക് കാണുവാന്‍ കഴിയുന്നു. അതേ സമയം കര്‍ശനമായ നിയമങ്ങള്‍ വിശ്വാസികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുവാന്‍ ശ്രമിക്കുന്നില്ലായെന്നത് മാര്‍പാപ്പയെ വീണ്ടും വ്യത്യസ്തനാക്കുന്നു. നമ്മള്‍ വിശ്വാസത്തെ എങ്ങനെ വിവരിക്കുന്നു എന്നതിനേക്കാള്‍ ഉപരിയായി നമ്മള്‍ വിശ്വാസത്തില്‍ എങ്ങനെ ജീവിക്കുന്നു എന്നതിലാണ് ശ്രദ്ധ ചെലുത്തേണ്ടതെന്ന് ഫ്രാന്‍സിസ് പാപ്പ ഓര്‍മ്മിപ്പിച്ചു. 2) #{red->n->n->തുറന്ന സംവാദങ്ങളും ചര്‍ച്ചകളും }# തിരുസഭക്കുള്ളില്‍ നടക്കുന്ന സംവാദങ്ങളോടും ചര്‍ച്ചകളോടുമുള്ള ഫ്രാന്‍സിസ്‌ പാപ്പായുടെ തുറന്ന സമീപനം അദ്ദേഹത്തിന്റെ മറ്റൊരു സവിശേഷതയാണ്. മുന്‍ മാര്‍പാപ്പമാരുടെ കാലത്ത്‌ മെത്രാന്‍മാരുടെ സിനഡുകളുടെ അജണ്ട നിയന്ത്രിച്ചിരുന്നത് വത്തിക്കാന്‍ അധികാരികളായിരുന്നു. എന്ത് വിഷയത്തെ കുറിച്ചാണ് ചര്‍ച്ച ചെയ്യേണ്ടത്‌ എന്ന് അവര്‍ മുന്‍കൂട്ടി നിര്‍ദ്ദേശിക്കുകയും ആ വിഷയത്തെക്കുറിച്ച് ചര്‍ച്ചചെയ്യുകയുമായിരുന്നു പതിവ്‌. എന്നാല്‍ ഇന്ന് തന്നോടുള്ള വിയോജിപ്പുകള്‍ തുറന്നു പ്രകടിപ്പിക്കുന്നതിനായി പാപ്പാ തന്നെ സിനഡിനെ പ്രോത്സാഹിപ്പിക്കുന്നുയെന്നത് ഏറെ ശ്രദ്ധേയമാണ്. തന്റെ കീഴിലുള്ള സിനഡുകളില്‍ മെത്രാന്‍മാര്‍ക്ക്‌ അവരുടെ അഭിപ്രായം പ്രകടിപ്പിക്കുന്നതിനുള്ള സ്വാതന്ത്ര്യം പൂര്‍ണ്ണമായും അദ്ദേഹം വിട്ടുനല്‍കി. ഇന്ന് സഭയില്‍ നടക്കുന്ന സിനഡുകള്‍ തുറന്ന കാഴ്ചപ്പാടുകളുടെ വേദിയായി മാറുന്നു. ഇത് മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഫ്രാന്‍സിസ്‌ പാപ്പായുടെ തുറന്ന സമീപനത്തെ വെളിപ്പെടുത്തുന്നു. 3) #{red->n->n->സാന്മാര്‍ഗ്ഗിക വിഷയങ്ങളെക്കുറിച്ചുള്ള നൂതന കാഴ്ചപ്പാട് }# മുറിവേറ്റ പാപികളായ നമ്മളെ ചികിത്സിക്കുവാനുള്ള ഒരു ആതുരാലയമാണ് തിരുസഭയെന്ന്‍ ഫ്രാന്‍സിസ് പാപ്പ വിശ്വാസഗണത്തെ ഓര്‍മ്മിപ്പിക്കുന്നു. കുടുംബ ബന്ധങ്ങളെ കുറിച്ചുള്ള അപ്പസ്തോലിക പ്രബോധനമായ ‘അമോരിസ്‌ ലെത്തീസ്യ'യിലെ എട്ടാം അദ്ധ്യായത്തില്‍ പാപ്പാ തന്റെ ഈ നൂതനമായ കാഴ്ചപ്പാട് പങ്ക് വെക്കുന്നു. നന്മക്കും തിന്മക്കും ഇടയില്‍ വിഭജിക്കപ്പെട്ട ലോകത്തിനു പകരം അപൂര്‍ണ്ണരായ സാധാരണ മനുഷ്യരിലും വിശുദ്ധി, ദൈവ മഹത്വം എന്നിവ ദര്‍ശിക്കുവാന്‍ കഴിയമെന്ന്‍ പാപ്പ ഓര്‍മ്മിപ്പിക്കുന്നു. പരിപൂര്‍ണ്ണരായവര്‍ക്കുള്ള സമ്മാനം എന്നതിന് പകരം മുറിവേറ്റവര്‍ക്കുള്ള ഭക്ഷണമാണ് ദിവ്യകാരുണ്യമെന്നു അദ്ദേഹം ലോകത്തോട് വിളിച്ച് പറഞ്ഞു. 4) #{red->n->n->പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് സഭയില്‍ പ്രമുഖ പരിഗണന }# ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ഒരു പ്രധാന വിഷയമായി ആഗോള താപനത്തെ ഫ്രാന്‍സിസ്‌ പാപ്പാ ഉയര്‍ത്തികാട്ടുന്നു. പരിസ്ഥിതിയെ സംബന്ധിച്ച ‘ലൗദാറ്റോ സി’ എന്ന തന്റെ ചാക്രിക ലേഖനത്തില്‍ “ദൈവ നിയോഗമനുസരിച്ചു കൊണ്ടുള്ള നന്മപൂരിതമായ ഒരു ജീവിതത്തിനു ദൈവത്തിന്റെ സൃഷ്ടിജാലത്തെ സംരക്ഷിക്കുക അത്യാവശ്യമാണെന്ന്‍” പാപ്പാ ഉദ്ബോദിപ്പിച്ചു. വിശ്വാസികള്‍ പരിസ്ഥിതിയ്ക്കു കൊടുക്കേണ്ട അതീവ പ്രാധാന്യത്തെ പറ്റി പാപ്പ തന്റെ പ്രസംഗങ്ങളില്‍ വീണ്ടും വീണ്ടും എടുത്ത് പറഞ്ഞു. പരിസ്ഥിതിയെ സംരക്ഷിക്കുവാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുവാന്‍ കഴിവുള്ള ചുരുക്കം ലോക നേതാക്കളില്‍ ഒരാളായാണ് ഫ്രാന്‍സിസ് പാപ്പയെ ഇന്ന് പരിസ്ഥിതിവാദികള്‍ കാണുന്നത്. 5) #{red->n->n->സഭയിലെ നവീകരണം }# പുരോഹിത വൃന്ദത്തിന്റെ മനോഭാവത്തില്‍ മാറ്റങ്ങള്‍ വരുത്തുവാന്‍ പാപ്പ നടത്തിയ പ്രസംഗങ്ങള്‍ ഏറെ പ്രാധാന്യത്തോടെയാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ക്ലറിക്കല്‍ സേവനം എന്ന നിലയില്‍ നിന്നും ഒരു ദൈവനിയോഗമാണ് വൈദിക പദവിയെന്ന് പാപ്പ വീണ്ടും വീണ്ടും ആവര്‍ത്തിച്ചു. തങ്ങള്‍ പുരോഹിതരാണെന്ന ചില വൈദികരുടെ 'ഗര്‍വ്വ്' സഭയെ ബാധിച്ചിരിക്കുന്ന പിശാചാണെന്നും ഇത്തരം ഗര്‍വ്വുകള്‍ക്ക് വിധേയരാകുന്നത് സാധാരണക്കാരായ വിശ്വാസികളാണെന്നും പാപ്പ തുറന്നു പറഞ്ഞു. ഒരു വിമര്‍ശനം എന്നതിലുപരി ദൈവവിളിയുടെ അതീവ പ്രാധാന്യത്തെ പറ്റിയായിരിന്നു മാര്‍പ്പാപ്പയുടെ ഈ ഓര്‍മ്മപ്പെടുത്തല്‍. ഫ്രാന്‍സിസ്‌ പാപ്പയുടെ കീഴില്‍ പതുക്കെയാണെങ്കിലും സഭാ ഭരണഘടനയില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. റോമന്‍ കൂരിയായിലും പരിഷ്കാരങ്ങള്‍ നടന്നുവരുന്നു. വിശ്വാസികളും അവിശ്വാസികളും ഇതര മതസ്ഥരും ഒരുപോലെ ഉറ്റുനോക്കുന്ന ആഗോള സഭയുടെ തലവനായ ഫ്രാന്‍സിസ് പാപ്പയുടെ പ്രവര്‍ത്തനങ്ങള്‍ ലോകത്തെ വലിയ നവീകരണത്തിലേക്ക് നയിക്കുവാന്‍ കാരണമാകുമെന്ന് പ്രത്യാശിക്കാം. മാര്‍പാപ്പയുടെ പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹത്തിന്റെ മാര്‍ച്ച് മാസത്തെ പ്രാര്‍ത്ഥനാനിയോഗമായ പീഡിപ്പിക്കപ്പെടുന്ന സകല ക്രൈസ്തവര്‍ക്കും വേണ്ടി നമ്മുക്ക് തീക്ഷ്ണമായി പ്രാര്‍ത്ഥിക്കുകയും ചെയ്യാം.
Image
Second Image
Third Image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-03-13 10:35:00
Keywordsഫ്രാന്‍സിസ് പാപ്പ, വൈദിക
Created Date2017-03-13 10:36:10