category_idMirror
Priority1
Sub CategoryNot set
statusPublished
PlaceNot set
Mirror DayMonday
Heading“ക്രിസ്തു ജീവന്റെ അപ്പം”: 51 വര്‍ഷക്കാലം ദിവ്യകാരുണ്യം മാത്രം ഭക്ഷിച്ചു ജീവിച്ച ഒരു സ്ത്രീയുടെ അത്ഭുത കഥ
Content“ഞാനാണ് ജീവന്റെ അപ്പം. എന്റെ അടുത്തു വരുന്നവന് ഒരിക്കലും വിശക്കുകയില്ല; എന്നില്‍ വിശ്വസിക്കുന്നവന് ദാഹിക്കുകയുമില്ല” (യോഹന്നാന്‍ 6:35) എന്ന യേശുവിന്റെ വാക്കുകള്‍ അക്ഷരം പ്രതി ശരിയാണെന്ന്‍ തെളിയിക്കുന്നതാണ് മാര്‍ത്തെ റോബിന്‍ എന്ന സ്ത്രീയുടെ ജീവിത അനുഭവം. ഭക്ഷണമോ പാനീയമോ അല്ല, യേശുവിനോടുള്ള സ്നേഹം ഒന്നു കൊണ്ട് മാത്രം ജീവിക്കാമെന്ന് മാര്‍ത്തെ തെളിയിച്ചു. വിശുദ്ധ കുര്‍ബ്ബാനയിലെ യേശുവിന്റെ നിറസാന്നിധ്യം മനസ്സിലാക്കുവാന്‍ മാര്‍ത്തെ റോബിന്റെ ജീവിത കഥയിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ മാത്രം മതി. പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ അപാരമായ ശക്തിയുടെ ഒരു നേര്‍ സാക്ഷ്യമായിരുന്നു ധന്യയായ മാര്‍ത്തെ റോബിന്റെ ജീവിതം. 1902 മാര്‍ച്ച് 13-ന് ഫ്രാന്‍സിലെ ഡ്രോം എന്ന സ്ഥലത്തായിരുന്നു മാര്‍ത്തെ റോബിന്റെ ജനനം. കര്‍ഷക കുടുംബമായിരിന്ന അവളുടെ പിതാവിന്റെ പേര് ജോസഫ് എന്നും മാതാവിന്റെ പേര് അമേലി സെലസ്റ്റിന്‍ റോബിന്‍ എന്നും ആയിരുന്നു. ഇവരുടെ ആറു മക്കളില്‍ ഏറ്റവും ഇളയവളായിരുന്നു മാര്‍ത്തെ. ജോസഫും, അമേലിയും ജന്മം കൊണ്ട് കത്തോലിക്കരായിരുന്നുവെങ്കിലും ആദ്ധ്യാത്മിക കാര്യങ്ങളില്‍ അവര്‍ ഒട്ടും തന്നെ പ്രാധാന്യം നല്‍കിയിരിന്നില്ല. തങ്ങളുടെ മാതാപിതാക്കളുടെ മാതൃക തന്നെ മക്കളും സ്വീകരിച്ചു വിശ്വാസത്തില്‍ നിന്നും അകന്നു ജീവിച്ചു. എന്നാല്‍ സഹനങ്ങളുടെ ഒരു ഘോഷയാത്രയായിരുന്നു മാര്‍ത്തെയുടെ ജീവിതം. മാര്‍ത്തെക്ക് രണ്ടു വയസ്സ് പ്രായമുള്ളപ്പോള്‍ അവള്‍ക്കും അവളുടെ സഹോദരിയായ ക്ലെമന്‍സിനും ടൈഫോയ്ഡ് പിടിപ്പെട്ടു. രോഗത്തെ അതിജീവിക്കുവാന്‍ സാധിക്കാതെ ക്ലെമന്‍സ് നിത്യത പുല്‍കിയെങ്കിലും മാര്‍ത്തെ ജീവിച്ചു. പക്ഷേ പിന്നീടൊരിക്കലും അവള്‍ക്ക് തന്റെ പഴയ ആരോഗ്യം വീണ്ടെടുക്കുവാന്‍ കഴിഞ്ഞിരുന്നില്ല. തന്റെ മാതാപിതാക്കളില്‍ നിന്നും സഹോദരങ്ങളില്‍ നിന്നും തികച്ചും വിഭിന്നയായിരുന്നു മാര്‍ത്തെ. അവള്‍ ചെറുപ്പം മുതല്‍ക്കേ തന്നെ തന്റെതായ രീതിയില്‍ പ്രാര്‍ത്ഥിക്കുകയും ദൈവത്തോട് അടുത്ത രീതിയില്‍ ജീവിക്കുകയും ചെയ്തു. തന്റെ കുടുംബത്തെ കൃഷിപ്പണികളില്‍ സഹായിക്കുവാനായി അവള്‍ക്ക് തന്റെ 13-മത്തെ വയസ്സില്‍ സ്കൂള്‍ പഠനം ഉപേക്ഷിക്കേണ്ടതായി വന്നു. എന്നാല്‍ തന്റെ വേദപാഠ ക്ലാസ്സുകള്‍ ഉപേക്ഷിക്കുവാന്‍ മാര്‍ത്തെ തയാറായില്ല. ദിവ്യകാരുണ്യ ഈശോയേ ആദ്യമായി സ്വീകരിക്കാന്‍ അവള്‍ തന്നെ തന്നെ ഒരുക്കി. 1912 ഓഗസ്റ്റ് 15-ന്, മാര്‍ത്തെ റോബിന്‍ കാത്തിരിന്ന സുദിനം എത്തി. അവള്‍ ആദ്യമായി ദിവ്യകാരുണ്യ ഈശോയേ തന്റെ ഹൃദയത്തിലേക്ക് സ്വീകരിച്ചു. ടൈഫോയ്ഡ് പിടിപ്പെട്ടതിനു ശേഷം വിവിധ രോഗങ്ങള്‍ അവളെ അലട്ടിയെങ്കിലും അവളുടെ കൗമാരകാലം സന്തോഷകരമായിരുന്നു. പ്രാര്‍ത്ഥിക്കുന്നതില്‍ ആനന്ദം കണ്ടെത്തിയ അവള്‍ എപ്പോഴും സന്തോഷവതിയായി കാണപ്പെട്ടു. അങ്ങിനെയിരിക്കെ അവള്‍ വീണ്ടും രോഗം ബാധിച്ചു കിടപ്പിലായി. 1918-ല്‍ ആണ് ഇത് സംഭവിച്ചത്. നിരവധി പരിശോധനകള്‍ നടത്തിയെങ്കിലും ഡോക്ടര്‍മാര്‍ക്ക് അവളുടെ രോഗം കൃത്യമായി കണ്ടുപിടിക്കുവാന്‍ സാധിച്ചില്ല. ബ്രെയിന്‍ ട്യൂമര്‍ അല്ലെങ്കില്‍ എന്‍സെഫാലിറ്റിസ് (മസ്തിഷ്ക വീക്കം) ആയിരിക്കാം അവളുടെ രോഗമെന്നാണ് അവര്‍ ആദ്യം കരുതിയത്. പിന്നീട് വിശദമായ പരിശോധനക്ക് ശേഷം ഹിസ്റ്റീരിയ ആണെന്ന് അവര്‍ പറഞ്ഞു. 1928-ല്‍ അവളുടെ ശരീരത്തിന്റെ അരക്ക് കീഴ്പ്പോട്ടുള്ള ഭാഗം തളര്‍ന്നു. ഒരു വര്‍ഷത്തിനുള്ളില്‍ അവളുടെ കൈകളും ശരീരവും അനക്കുവാന്‍ പോലും കഴിയാത്ത ഒരു ദുരിതപൂര്‍ണ്ണമായ സാഹചര്യം സംജാതമായി. എങ്കിലും അവള്‍ തന്റെ വിശ്വാസവും ധൈര്യവും കൈവെടിഞ്ഞില്ല. എന്‍സെഫാലിറ്റീസിന്റെ ഒരു അപൂര്‍വ്വ വകഭേതമായ എന്‍സെഫാലിറ്റീസ് ലെത്താര്‍ജിക്കാ ആണ് അവളുടെ രോഗമെന്ന് പിന്നീട് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. സാധാരണക്കാരായിരുന്ന അവളുടെ മാതാപിതാക്കള്‍ക്ക് ഡോക്ടര്‍മാര്‍ പറഞ്ഞ രോഗങ്ങളുടെ അര്‍ത്ഥമൊന്നും മനസ്സിലാക്കുവാന്‍ സാധിക്കുമായിരുന്നില്ല. പിന്നീട് തന്റെ വീട്ടിലെ ഒരു ഇരുണ്ട കിടപ്പുമുറിയായിരുന്നു അവളുടെ ലോകം. പ്രകാശം അവളെ സംബന്ധിച്ചിടത്തോളം അസഹനീയമായിരുന്നതിനാലാണ് അവളെ ഇരുണ്ട മുറിയില്‍ കിടത്തിയിരുന്നത്. കിടക്കയില്‍ ആയിരിന്നുവെങ്കിലും അവള്‍ക്ക് തന്റെ തള്ള വിരലും മറ്റുള്ള വിരലുകളുടെ അഗ്രഭാഗവും ഉപയോഗിച്ച് കൊന്തയുടെ മുത്തുകള്‍ തിരിച്ച് ജപമാല ചൊല്ലുവാന്‍ സാധിച്ചിരുന്നു. പതിയെ പതിയെ അവളുടെ ആ അവസ്ഥയ്ക്കും മങ്ങലേറ്റു. 28 വയസ്സ് ആയപ്പോഴേക്കും അവളുടെ ശരീരം പൂര്‍ണ്ണമായും തളര്‍ന്നു. തന്റെ തല അനക്കുവാന്‍ മാത്രമായിരുന്നു അവള്‍ക്ക് ആകപ്പാടെ കഴിഞ്ഞിരുന്നത്. മാര്‍ത്തെയ്ക്ക് ഭക്ഷണം കഴിക്കുവാനോ ഒരിത്തിരി വെള്ളം കുടിക്കുവാനോ കഴിഞ്ഞിരുന്നില്ല, അത്രക്ക് ദയനീയമായിരുന്നു അവളുടെ അവസ്ഥ. നിര്‍ബന്ധ പൂര്‍വ്വം ഡോക്ടര്‍മാര്‍ വെള്ളം അവളുടെ വായിലേക്ക് ഇറക്കുവാന്‍ ശ്രമിച്ചപ്പോഴൊക്കെ അത് നാസാദ്വാരങ്ങളില്‍ കൂടി പുറത്തേക്ക് വന്നു. എന്നിരുന്നാലും ഒരു കാര്യം അവള്‍ക്ക് ഭക്ഷിക്കുവാന്‍ സാധിക്കുമായിരിന്നു! പരിശുദ്ധ ദിവ്യകാരുണ്യം! അതായിരുന്നു അവള്‍ക്ക് വേണ്ടിയിരുന്നതും. രോഗത്തിന്റെ തുടക്കത്തില്‍ പരിശുദ്ധ കന്യകാമാതാവ് മാര്‍ത്തേക്ക് പ്രത്യക്ഷപ്പെടുകയും അവളെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നതായി പറയപ്പെടുന്നു. 1928-ല്‍ യേശു അവള്‍ക്ക് പ്രത്യക്ഷപ്പെട്ടു. ഈ ദര്‍ശനം അവളുടെ ജീവിതത്തെ ആകെ മാറ്റി മറിച്ചു. അന്ന് മുതല്‍ അവള്‍ തന്നെ പരിപൂര്‍ണ്ണമായും ദൈവത്തിനു സമര്‍പ്പിക്കുവാനുള്ള തീരുമാനമെടുത്തു. ത്യാഗവും പ്രാര്‍ത്ഥനയും വഴി തന്റെ സഹനങ്ങളെ സ്വര്‍ഗ്ഗത്തിന് സമര്‍പ്പിക്കുവാന്‍ അവള്‍ തീരുമാനിച്ചു. ക്രമേണ അവള്‍ കൂടുതല്‍ കൂടുതലായി ക്രിസ്തുവിന്റെ സഹനങ്ങളെ കുറിച്ച് ധ്യാനിക്കുകയും പരിശുദ്ധ കന്യകാമാതാവിനോട് ചേര്‍ന്ന് കൂടുതല്‍ തീക്ഷ്ണമായി പ്രാര്‍ത്ഥിക്കുകയും ചെയ്തു. പിന്നീടുള്ള അവളുടെ ജീവിതം ആരേയും അമ്പരിക്കുന്ന തരത്തിലുള്ളതായിരുന്നു. 1930-മുതല്‍ യേശുവിന്റെ നിറസാന്നിധ്യമായ ദിവ്യകാരുണ്യം മാത്രമായിരുന്നു അവളുടെ ഭക്ഷണം. അന്ന് മുതല്‍ തിരുവോസ്തി കൂടാതെ യാതൊരുവിധ ഭക്ഷണമോ വെള്ളമോ അവളുടെ ചുണ്ടുകളിലൂടെ കടന്നു പോയിട്ടില്ല. പരിശുദ്ധ ദിവ്യകാരുണ്യം സ്വീകരിക്കുമ്പോഴൊക്കെ യേശുവിന്റെ സഹനങ്ങള്‍ അവളിലും പ്രകടമാകുവാന്‍ തുടങ്ങി. ആദ്യമൊക്കെ ആത്മീയമായ രീതിയിലായിരുന്നു, പിന്നീട് ശാരീരികമായ രീതിയിലും ഇത് പ്രകടമായി. സിയന്നായിലെ വിശുദ്ധ കാതറിനേ പോലെ വിശുദ്ധ പാദ്രെ പിയോയെ പോലെ യേശുവിന്റെ തിരുമുറിവുകള്‍ പഞ്ചക്ഷതങ്ങളായി (Stigmata) അവളില്‍ രൂപാന്തരപ്പെട്ടു. വിശുദ്ധവാര ദിനങ്ങളില്‍ മാര്‍ത്തെയുടെ ഉള്ളിലും മരണവും പുനരുത്ഥാനവും സംഭവിച്ചു. ദുഃഖവെള്ളിയാഴ്ച അവളില്‍ നിന്ന്‍ തുടരെ തുടരെ രക്തം പ്രവഹിച്ചു. ദുഃഖ ശനിയാഴ്ച അത് വരളുകയും ഈസ്റ്റര്‍ ഞായറാഴ്ച അതില്ലാതാവുകയും ചെയ്യുന്ന അത്ഭുത പ്രതിഭാസം അവളില്‍ പ്രകടമായി. ഒരു അസാധാരണ രീതിയിലായിരുന്നു മാര്‍ത്തെ റോബിന്‍ ദിവ്യകാരുണ്യം സ്വീകരിച്ചിരുന്നത്. 1981-ല്‍ മരണപ്പെടുന്നത് വരെ 51 വര്‍ഷക്കാലം അവളുടെ ജീവിതം ഇപ്രകാരം അമ്പരിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു. ഇത്രയും വര്‍ഷം മുഴുവനും തന്റെ ഭക്ഷണവും പാനീയവുമായി ദിവ്യകാരുണ്യത്തെ അവള്‍ സ്വീകരിച്ചു. അവള്‍ക്ക് വലിയ സ്കൂള്‍ വിദ്യാഭ്യാസമൊന്നും ലഭിച്ചിട്ടില്ലെങ്കിലും തന്നെ സന്ദര്‍ശിച്ചിരുന്നവരെ ആഴമായ രീതിയില്‍ ചിന്തിപ്പിച്ച് കൊണ്ട് കൗണ്‍സലിംഗ് നടത്തുവാനുള്ള ഒരു കഴിവ് അവള്‍ക്ക് ദൈവം നല്‍കിയിരുന്നു. മാര്‍ത്തെയുടെ ജീവിതകാലത്ത് ഏതാണ്ട് ഒരു ലക്ഷത്തോളം പേര്‍ അവളെ സന്ദര്‍ശിക്കുകയും അവളില്‍ നിന്നും ഉപദേശങ്ങള്‍ സ്വീകരിച്ചിരുന്നതായും പറയപ്പെടുന്നു. ഒരു ചെറിയ കിടപ്പ് മുറിയില്‍ നിന്നും അനേകര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ച് അനുഗ്രഹങ്ങള്‍ നേടി കൊടുക്കുവാന്‍ അവള്‍ക്ക് ആയി. ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഒരു വിശുദ്ധക്ക് ചേര്‍ന്ന വിധമുള്ള ജീവിതം നയിച്ചിരുന്ന മാര്‍ത്തെ റോബിനെ 2014 നവബര്‍ 7-ന് ഫ്രാന്‍സിസ് പാപ്പാ ധന്യയായി പ്രഖ്യാപിച്ചു. ഇന്ന് അവള്‍ ജീവിച്ചിരുന്ന ഭവനം സന്ദര്‍ശിക്കുവാനും അവളോടു മധ്യസ്ഥം യാചിക്കുവാനുമായി ഏതാണ്ട് 40,000-ത്തോളം പേരാണ് മാര്‍ത്തെ താമസിച്ചിരിന്ന ഭവനം സന്ദര്‍ശിക്കുന്നത്. “എനിക്ക് ഭക്ഷണം കഴിക്കുവാന്‍ കഴിയുകയില്ലല്ലോ എന്നോര്‍ത്ത് പരിതപിക്കുന്നവരോട് എനിക്കു പറയുവാനുള്ളത് ഇതാണ്, ഞാന്‍ നിങ്ങളേക്കാള്‍ കൂടുതലായി ഭക്ഷിക്കുന്നുണ്ട്, യേശുവിന്റെ മാംസവും രക്തവുമാണ് എന്റെ ഭക്ഷണം.” മാര്‍ത്തയുടെ ഈ വാക്കുകള്‍ ദിവ്യകാരുണ്യ നാഥനുമായുള്ള അവളുടെ ബന്ധത്തെ പൂര്‍ണ്ണമായും എടുത്ത് കാട്ടുന്നു. 51 വര്‍ഷക്കാലം ദിവ്യകാരുണ്യം മാത്രം ഭക്ഷിച്ചു ജീവിച്ച മാര്‍ത്തെയുടെ ജീവിതം ഇന്നും അനേകരെ ദിവ്യകാരുണ്യത്തിലേക്ക് അടുപ്പിക്കുകയാണ്. തിരുവോസ്തിയില്‍ സന്നിഹിതനായ ഈശോയേ അനുഭവിച്ചറിയാന്‍ നമ്മുക്ക് സാധിച്ചിട്ടുണ്ടോ? നമ്മുക്ക് വിചിന്തനം ചെയ്യാം.
Image
Second Image
Third Image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2017-03-13 19:19:00
Keywordsദിവ്യകാരുണ്യ
Created Date2017-03-13 19:22:06