Content | വത്തിക്കാൻ: ചരിത്രത്തില്‍ ആദ്യമായി വത്തിക്കാൻ സെന്റ് പീറ്റേഴ്സ് ദേവാലയത്തിൽ ആംഗ്ലിക്കൻ സന്ധ്യാപ്രാർത്ഥന ശുശ്രൂഷകൾ നടന്നു. മാർച്ച് 13 തിങ്കളാഴ്ച വിശുദ്ധ ഗ്രിഗറിയുടെ തിരുന്നാളിനോടനുബന്ധിച്ചാണ് കത്തോലിക്ക സഭയുടെ കേന്ദ്ര ദേവാലയമായ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ ആംഗ്ലിക്കന്‍ പ്രാര്‍ത്ഥനകള്‍ നടന്നത്. ആംഗ്ലിക്കൻ ആർച്ച് ബിഷപ്പ് ഡേവിഡ് മോക്സൺ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.
പ്രതിസന്ധികളെ തരണം ചെയ്ത് സന്തോഷത്തോടെ യേശുവിന്റെ സുവിശേഷം പ്രഘോഷിക്കുവാനുള്ള വിശുദ്ധ ഗ്രിഗറിയുടെ മാതൃകയാണ് ഫ്രാൻസിസ് മാർപ്പാപ്പയും ആംഗ്ലിക്കൻ ആർച്ച് ബിഷപ്പ് ജസ്റ്റിന്‍ വെൽബിയും നമ്മോട് ആഹ്വാനം ചെയ്യുന്നതെന്ന്‍ ആർച്ച് ബിഷപ്പ് ആർതർ റോഷേ സന്ദേശത്തില്‍ പറഞ്ഞു.
ഓക്സ്ഫോർഡ് മെർട്ടൺ കോളേജ് ഗായക സംഘമാണ് ഗാനങ്ങളാലപിച്ചത്. വിശുദ്ധ ഗ്രിഗറിയുടെ കല്ലറയിലേക്കു നടന്ന പ്രദക്ഷിണത്തോടെ ശുശ്രൂഷകൾ സമാപിച്ചു. അടുത്തിടെയാണ് റോമിലെ സകല വിശുദ്ധരുടെയും നാമധേയത്തിലുള്ള ആംഗ്ലിക്കന്‍ ദേവാലയം ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദര്‍ശിച്ചത്. |